പന്തളം: പാലക്കാട് നഗരസഭ മന്ദിരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയതിനെ ന്യായീകരിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാലക്കാട് നഗരസഭയുടെ മുകളില്‍ ശ്രീരാമചന്ദ്രന്റെ പേരിലുള്ള ബാനര്‍ ഉയര്‍ത്തിയത് അപരാധമെന്ന് പറയുന്നവര്‍ക്ക് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉയരുന്ന ജയ് ശ്രീറാം വിളികള്‍ക്കെതിരെ പ്രതികരിക്കാന്‍ ധൈര്യമുണ്ടോ? ജയ്‌ശ്രീറാം എങ്ങനെയാണ് മതേതര വിരുദ്ധമാകുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഭരണഘടനയുടെ മുഖചിത്രം തന്നെ ശ്രീരാമന്റേതാണ്. രാമന്റെ നാമത്തെയും ചിത്രത്തെയും ആരെങ്കിലും അപമാനിച്ചാല്‍ അത് വിലപ്പോവില്ല.
പന്തളത്ത് നഗരസഭ ഭരണം നേടിയ ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയ സ്വീകരണ ചടങ്ങ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രന്‍. സംസ്ഥാനത്തെ പ്രധാനപ്പെട്ട പുണ്യസ്ഥലങ്ങളിലെല്ലാം താമര വിരിഞ്ഞു. പന്തളം നഗരസഭയിലെ വിജയം അയ്യപ്പ വിശ്വാസികളുടേതാണ്. തിരുവല്ലം പരശുരാമ ക്ഷേത്രം, ശ്രീപത്മനാഭ സന്നിധിയായ തിരുവനന്തപുരം, പന്തളം, ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാര്‍ഡ്, ചെങ്ങന്നൂര്‍ ദേവി ക്ഷേത്രം, ഗുരുവായൂര്‍, ശിവഗിരി, പെരുന്ന, അയ്യങ്കാളി സ്‌മൃതി മണ്ഡപം സ്ഥിതി ചെയ്യുന്ന വാര്‍ഡ് ഇവിടെയെല്ലാം ബിജെപിയാണ് ജയിച്ചത്.
പാലക്കാടും തിരുവനന്തപുരവും ബിജെപിക്ക് കേരളത്തിലേക്കുള്ള ഗേറ്റ് വേ ആണെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു. കേരളത്തില്‍ ദേശീയവാദികളും ദേശവിരുദ്ധരും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. 1200 സീറ്റുകളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ രണ്ട് മുന്നണികളും മത തീവ്രവാദികളും ഒന്നിച്ചതായി സുരേന്ദ്രന്‍ ആരോപിച്ചു. തലശേരിയില്‍ ബിജെപിയെ തേല്‍പ്പിക്കാന്‍ സിപിഎം പലയിടത്തും കോണ്‍ഗ്രസിന് വോട്ട് മറിച്ചു. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ഇടത് മുന്നണിക്ക് വോട്ട് മറിച്ചു. രണ്ട് മുന്നണികളും ഒന്നിച്ചത് സ്വാഗതാര്‍ഹമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.