ന്യൂഡെല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ച് ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ചൗധരി ബീരേന്ദ്ര സിംഗ് രംഗത്തെത്തി. സമരത്തിന് പിന്തുണയുമായി ഡെല്‍ഹിയില്‍ കര്‍ഷകരുടെ അടുത്തേക്ക് പോകാന്‍ അതിയായി ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. കൊടും തണുപ്പിലാണ് കര്‍ഷകര്‍ മൂന്നാഴ്ച്ചയിലധികമായി സമരം ചെയ്യുന്നത്.
കര്‍ഷക സമരം എല്ലാവരുടെയും സമരമാണെന്ന് ബീരേന്ദ്ര സിംഗ് പറഞ്ഞു. “ഞാന്‍ കര്‍ഷകര്‍ക്കൊപ്പമാണ്. അത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ സമരമല്ല. ഞാന്‍ എന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നു. സമരത്തിന്‍റെ മുന്നില്‍ നിന്നില്ലെങ്കില്‍ ഞാന്‍ വെറുമൊരു രാഷ്ട്രീയക്കാരനാണെന്ന് ജനങ്ങള്‍ കരുതും.”
ഹരിയാനയിലെ ഗജ്ജാര്‍ ജില്ലയില്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടന്ന സത്യഗ്രഹത്തില്‍ ബീരേന്ദ്ര സിംഗ് പങ്കെടുത്തിരുന്നു. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ് ബീരേന്ദ്ര സിംഗ്. സ്വാതന്ത്ര്യത്തിന് മുമ്പ് കര്‍ഷകര്‍ക്കെതിരായ ചൂഷണത്തിനെതിരെ പോരാടിയ ജാട്ട് നേതാവ് സര്‍ ഛോട്ടു റാമിന്റെ മകനാണ്. ഛോട്ടു റാം മഞ്ച് എന്ന സംഘടന നടത്തിയ സത്യഗ്രഹത്തിലാണ് അദ്ദേഹം പങ്കെടുത്തത്. സിംഗിന്റെ മകന്‍ ബ്രിജേന്ദ്ര സിംഗ് ഹരിയാനയിലെ ഹിസാറില്‍ നിന്നുള്ള ബിജെപി എംപിയാണ്.