Fri. Nov 22nd, 2024
S V Pradeepkumar

തിരുവനന്തപുരം

മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന്  ഉന്നതതല പോലിസ്  സംഘത്തെ നിയോഗിച്ചു. ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വീട്ടുകാരും പ്രതിപക്ഷവുമടക്കം ആരോപണമുന്നയിച്ച പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരിക്കുന്നത്.

തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തുണ്ടായ വാഹനാപകടത്തിലാണ് എസ് വി പ്രദീപ് മരിച്ചത്. ട്രാഫിക്  സിഗ്നലിനടുത്ത് വെച്ച്  സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ അതേ ദിശയിൽ വന്ന കാർ ഇടിച്ചുതെറിപ്പിക്കുകയും അപകടത്തിന് ശേഷം കാർ നിർത്താതെ പോകുകയുമായിരുന്നു. അപകടം നടന്ന സ്ഥലത്ത് സി സി ടിവി ക്യാമറകൾ ഉണ്ടായിരുന്നില്ല. ആളൊഴിഞ്ഞ സ്ഥലത്ത് പരിക്കേറ്റ് കിടന്ന പ്രദീപിനെ ഏറെനേരം കഴിഞ്ഞാണ് കണ്ടെത്തിയത്.

പ്രദീപിനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. സംഭവത്തില്‍ ആസൂത്രണമുണ്ടെന്ന് പ്രദീപിന്‍റെ അമ്മയടക്കമുള്ളവര്‍ രംഗത്തു വന്നു. സമൂഹമാധ്യമങ്ങളിലടക്കം പ്രദീപിന് ഭീഷണിയുണ്ടെന്ന് അവര്‍ വ്യക്തമാക്കി. പ്രദീപിന്‍റെ മരണത്തിലെ ദുരൂഹതയന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.

ജയ്ഹിന്ദ്, കൈരളി, ന്യൂസ് 18, മീഡിയവൺ, മംഗളം തുടങ്ങിയ വാർത്താ ചാനലുകളിൽ മാധ്യമപ്രവർത്തകനായിരുന്ന എസ്.വി. പ്രദീപ് നിലവിൽ ചില ഓൺലൈൻ മാധ്യമസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.