Sat. Jan 18th, 2025
Police march
കോഴിക്കോട്

തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മണിക്കൂറുകള്‍ ശേഷിക്കേ കോഴിക്കോട്ട് നിരോധനാജ്ഞയും മലപ്പുറത്ത് കര്‍ഫ്യുവും പ്രഖ്യാപിച്ചു. കോഴിക്കോട്ട് ഇന്നു മുതല്‍ രണ്ടു ദിവസത്തേക്കുള്ള  നിരോധനാജ്ഞ പ്രാബല്യത്തിലായപ്പോള്‍ മലപ്പുറത്ത് നാളെ മുതല്‍ 22 വരെയാണ് രാത്രികാല നിരോധനം വരുക.

കോഴിക്കോട്ട് വടകര, നാദാപുരം, വളയം, കുറ്റിയാടി എന്നിങ്ങനെ നാലിടങ്ങളിലാണ് കളക്റ്റര്‍ രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ജില്ലയില്‍ തിരഞ്ഞെടുപ്പു ദിനത്തിലും കൊട്ടിക്കലാശത്തിനിടയിലും നടന്ന സംഘര്‍ഷങ്ങളില്‍ ഈപ്രദേശങ്ങളില്‍ നിന്ന് നാനൂറോളം പേര്‍ക്കെതിരേ കേസെടുത്ത സാഹചര്യത്തിലാണ് നടപടി.

ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് തടയാന്‍ സിആര്‍പിസി 144 വകുപ്പു പ്രകാരം രണ്ട് ദിവസത്തേക്കാണ് നിരോധനാജ്ഞ എന്ന് കളക്റ്റര്‍ എസ്. സാംബശിവറാവു അറിയിച്ചു. കോഴിക്കോട് റൂറല്‍ പൊലീസ് പരിധിയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന്‍റെ അഞ്ഞൂറ് മീറ്റര്‍ ചുറ്റളവില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടാന്‍ പാടില്ലെന്നും  ആഹ്ളാദപ്രകടനങ്ങളില്‍ ഇരുപതിലേറെ പേര്‍ പങ്കെടുക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.  ഇതനുസരിച്ച് ഇന്നു വൈകുന്നേരം ആറു മണിക്കു പ്രാബല്യത്തിലായ നിരോധനാജ്ഞ 17ന് വൈകുന്നേരം ആറിനാണ് അവസാനിക്കുക.

അതേ സമയം , ഫലപ്രഖ്യാപനത്തിൻ്റെ സാഹചര്യത്തില്‍ മലപ്പുറത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍  തടയുന്നതിനും കൊവിഡ് വ്യാപനം  തടയുന്നതിനുമായി ബുധനാഴ്ച  മുതല്‍ ഡിസംബര്‍ 22 വരെ രാത്രി എട്ടു മുതല്‍ രാവിലെ എട്ടു വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കളക്റ്റര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.