Wed. Jan 22nd, 2025

ജയ്‌പൂര്‍: രാജസ്ഥാനില്‍ നഗര ഭരണ സ്ഥാപനങ്ങളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ നേട്ടം. 50 നഗര ഭരണ സ്ഥാപനങ്ങളിലെ 1175 വാര്‍ഡുകളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ 620 സീറ്റ്‌ നേടിയാണ്‌ കോണ്‍ഗ്രസ്‌ മുന്നിലെത്തിയത്‌. ബിജെപി 548 സീറ്റ്‌ നേടിയപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ 595 വാര്‍ഡുകളില്‍ വിജയിച്ചു. നേരത്തെ പഞ്ചായത്ത്‌ രാജ്‌ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയം ഭരണകക്ഷിയായ കോണ്‍ഗ്രസിന്‌ തിരിച്ചടിയുണ്ടാക്കിയിരുന്നു.

ബിഎസ്‌പി ഏഴ്‌ വാര്‍ഡുകളില്‍ വിജയിച്ചു. സിപിഐയും സിപിഎമ്മും രാഷ്ട്രീയ ലോക്‌ താന്ത്രിക്‌ പാര്‍ട്ടിയും ഓരോ വാര്‍ഡുകള്‍ വീതം സ്വന്തമാക്കി. അതേ സമയം ബിജെപിയുടെ 12 ജില്ലാ പ്രമുഖ്‌ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന്‌ അഞ്ചിടത്ത്‌ മാത്രമേ വിജയിക്കാന്‍ കഴിഞ്ഞുള്ളു.

43 നഗര പാലിക സ്ഥാപനങ്ങളിലേക്കും 7 നഗര പരിഷത്തുകളിലേക്കുമാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. 17 ഇടത്ത്‌ ഭരണം ലഭിക്കുമെന്നാണ്‌ കോണ്‍ഗ്രസിന്റെ അവകാശവാദം. 50 നഗര ഭരണ സ്ഥാപനങ്ങളില്‍ 30 ഇടത്ത്‌ ഭരണസമിതികള്‍ രൂപീകരിക്കുമെന്നും അവര്‍ അവകാശപ്പെടുന്നു.

1775 വാര്‍ഡുകളിലായി 14.32 ലക്ഷം വോട്ടര്‍മാരാണ്‌ ഉള്ളത്‌. 7249 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടായിരുന്നു.