കൊല്‍ക്കത്ത: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തിന് പകരം ചോദിക്കുമെന്ന് ബംഗാളിലെ പാര്‍ട്ടി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ മുന്നറിയിപ്പ്. പലിശ സഹിതം തിരിച്ചുനല്‍കുമെന്നാണ് ദിലീപ്‌ഘോഷ് ട്വിറ്റര്‍ പോസ്‌റ്റില്‍ പറയുന്നത്.
വ്യാഴാഴ്‌ച്ച പശ്‌ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി പോകുന്നതിനിടയിലാണ് ജെ പി നഡ്ഡയും പാര്‍ട്ടി നേതാക്കളായ കൈലാഷ് വിജയ് വര്‍ഗിയ, ദിലീപ് ഘോഷ് എന്നിവര്‍ യാത്ര ചെയ്‌തിരുന്ന വാഹന വ്യൂഹം കൊല്‍ക്കത്തക്ക് സമീപം ആക്രമിക്കപ്പെട്ടത്. കല്ലും ഇഷ്ടികയും ഉപയോഗിച്ചായിരുന്നു ആള്‍ക്കൂട്ടത്തിന്റെ ആക്രമണം.
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിക്കുന്നു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ല ആക്രമണം നടത്തിയതെന്നും ബിജെപിക്കെതിരായ സ്വാഭാവിക ജനരോഷമാണ് ഉണ്ടായതെന്നും തൃണമൂല്‍ നേതാക്കള്‍ പറയുന്നു.
അതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയുടെ ഡെല്‍ഹിയുടെ വീടിന് നേരെ ആക്രമണമുണ്ടായി. ഇത് ‘തുടക്കം മാത്രമാണ്’ എന്നായിരുന്നു ബംഗാളിലെ ബിജെപി നേതാവ് സായന്തന്‍ ബസുവിന്റെ പ്രതികരണം. നിങ്ങള്‍ ഒരാളെ കൊല്ലുമ്പോള്‍ ഞങ്ങള്‍ നാല് പേരെ കൊല്ലുമെന്നും ബസു പറഞ്ഞു.
സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്ത്രര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടതനുസരിച്ച് ബംഗാള്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബംഗാള്‍ സര്‍ക്കാരിനോടും അമിത് ഷാ റ്‌ിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സ്‌പോണ്‍സര്‍ ചെയ്‌ത ആക്രമണമാണിതെന്ന് അമിത് ഷാ പറഞ്ഞു. ബംഗാള്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ആഭ്യന്തര വകുപ്പ് വിളിച്ചുവരുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.