Mon. Dec 23rd, 2024

തൊടുപുഴ: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനകള്‍ നടത്തുന്നതിന് മുമ്പ് ലഭിക്കുന്ന വിവരത്തിന്റെ കൃത്യത ഉറപ്പുവരുത്തണമെന്ന്  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പൊലീസിനോട് ആവശ്യപ്പെട്ടു. അതിന് ശേഷം മാത്രമേ  ഒരാളുടെ വീട്ടിലും പരിസരത്തും പോലീസ് പരിശോധനകളും അന്വേഷണങ്ങളും നടത്താവൂ കമ്മീഷൻ ഉത്തരവിൽ പറഞ്ഞു

വിവാഹ നിശ്ചയം പോലുള്ള മംഗള കർമ്മങ്ങൾ കഴിഞ്ഞ വീടുകളില്‍ രഹസ്യ വിവരങ്ങൾ വൈരാഗ്യം തീർക്കാനുള്ള ഉപാധിയായി പലരും ഉപയോഗിക്കാറുണ്ട്. രഹസ്യ വിവരത്തിന്റെ വിശ്വാസ്യത മനസിലാക്കി വേണം പോലീസ് പ്രവർത്തിക്കേണ്ടതെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ്  ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു.

ഭാവിയിൽ ഇത്തരം പരാതികൾ ഉണ്ടാകാതിരിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്ന് ആവശ്യമായ നിർദ്ദേശങ്ങൾ നല്‍കണമെന്ന് കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സേനാപതി സ്വദേശി സിജി പി. ആർ. സമർപ്പിച്ച  പരാതിയിലാണ് നടപടി.

2020 ഏപ്രിൽ 23 ന് ഉടുമ്പൻചോല എസ് ഐയും സംഘവും തന്റെ വീട്ടിലെത്തി മദ്യം കാണിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടതായാണ് പരാതി. പോലീസുകാരുടെ പ്രവൃത്തി കാരണം താൻ മദ്യവിൽപ്പനക്കാരനായെന്നും തന്റെ മകളുടെ നിശ്ചയിച്ച വിവാഹം മാറിപ്പോയെന്നും പരാതിയിൽ പറയുന്നു.

കമ്മീഷൻ മൂന്നാർ ഡിവൈഎസ്പിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. പരാതിക്കാരൻ മദ്യം വിൽക്കുന്നുവെന്നും കള്ള തോക്ക് കൈവശം വച്ചെന്നുമുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരന്റെ വീട്ടുപരിസരത്ത് പരിശോധന നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഒരു എയർഗൺ മാത്രമാണ്  കിട്ടിയത്. പരാതിക്കാരന്റെ ആരോപണം ശരിയാണെങ്കിൽ വളരെ ഗൗരവം അർഹിക്കുന്ന ഒന്നാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.