ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്നില്‍ പാക് – ചൈനീസ് ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ബിജെപി പ്രതിനിധിയായ കേന്ദ്ര സഹ മന്ത്രി റാവു സാഹിബ് ദാന്‍വെ. പൗരത്വ നിയമത്തിന്റെ പേരില്‍ മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ ശ്രമം വിലപ്പോകാത്ത സാഹചര്യത്തിലാണ് കര്‍ഷകരെ സമര രംഗത്തിറക്കിയതെന്ന് ദാന്‍വെ ആരോപിച്ചു.
കര്‍ഷക സമരത്തിന് പിന്നില്‍ ചൈനയുടെയും പാകിസ്‌താന്റെയും കൈകളുണ്ട്. ഇന്ത്യയിലെ മുസ്ലിങ്ങളെയാണ് അവര്‍ ആദ്യം സ്വാധീനിച്ചത്. ദേശീയ പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും നടപ്പാക്കിയാല്‍ മുസ്ലിങ്ങള്‍ രാജ്യം വിട്ടുപോകേണ്ടിവരുമെന്ന് അവരെ തെറ്റിദ്ധരിപ്പിച്ചു. എന്നാല്‍ ആ ശ്രമങ്ങള്‍ വിജയിച്ചില്ല. ഇപ്പോള്‍ അവര്‍ കര്‍ഷകര്‍ക്ക് പിന്നാലെയാണ്. ഇതിന് പിന്നില്‍ മറ്റ് രാജ്യങ്ങളുടെ ഗൂഢാലോചനയുണ്ട്, ദാന്‍വെ പറഞ്ഞു.
നരേന്ദ്ര മോദി കര്‍ഷകരുടെ പ്രധാനമന്ത്രിയാണെന്നും അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ കര്‍ഷകര്‍ക്കെതിരാകില്ലെന്നും ദാന്‍വെ അവകാശപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ പണം ചെലവഴിക്കുന്നത് കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടിയാണ്. അത് മറ്റുള്ളവര്‍ക്ക് ഇഷ്ടമാകാത്തതുകൊണ്ടാണ് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്.
കര്‍ഷക സമരം അവസാനിപ്പിക്കാന്‍ നിയമഭേദഗതി ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക് ശ്രമിക്കുന്നതിനിടയില്‍ തന്നെയാണ് വിദേശ ഗൂഢാലോചന ആരോപണവുമായി കേന്ദ്ര ഭക്ഷ്യ വിതരണ സഹമന്ത്രി കൂടിയായ ദാന്‍വെ രംഗത്തെത്തിയത്. നേരത്തെ സമരത്തിന് പിന്നില്‍ ഖാലിസ്‌ഥാന്‍ ഭീകരവാദികളുണ്ടെന്ന ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ ആരോപണം എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരുന്നു.