വാഷിംഗ്‌ടണ്‍: അമേരിക്കയുടെ പ്രതിരോധ സെക്രട്ടറിയായി റിട്ടയേഡ് ജനറല്‍ ലോയ്‌ഡ് ഓസ്‌റ്റിനെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തെരഞ്ഞെടുത്തതായി അമേരിക്കന്‍ മാധ്യമങ്ങള്‍. അമേരിക്കയില്‍ ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുന്ന ആദ്യത്തെ ആഫ്രോ അമേരിക്കന്‍ വംശജനാണ് 67കാരനായ ലോയ്‌ഡ്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ തീരുമാനം ആയതായാണ് റിപ്പോര്‍ട്ടുകള്‍.
നാല് പതിറ്റാണ്ടിലധികം സൈന്യത്തില്‍ പ്രവര്‍ത്തിച്ച ലോയഡ് ഓസ്‌റ്റിന്‍ 2003ല്‍ ഇറാഖിലെ ബാഗ്‌ദാദിലേക്ക് അയച്ച സൈന്യത്തെ നയിച്ച യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തലവനായിരുന്നു. 2003 മുതല്‍ 2005 വരെ അഫ്‌ഗാനിസ്ഥാനില്‍ യു്‌ദ്ധം നടത്തിയ സംയുക്ത സേനയുടെ നായകനും അദ്ദേഹമായിരുന്നു. 2010ല്‍ ഇറാഖിലെ യുഎസ് സൈന്യത്തിന്റെ കമാന്‍ഡിംഗ് ജനറലായി നിയോഗിക്കപ്പെട്ടു. 2013 മുതല്‍ 2016 വരെ പശ്‌ചിമേഷ്യ, മധ്യേഷ്യ, ദക്ഷിണേഷ്യ എന്നീ മേഖലകളുടെ ചുമതലയുള്ള യുഎസ് സെന്‍ട്രല്‍ കമാന്‍ഡന്റിന്റെ ഫോര്‍ സ്‌റ്റാര്‍ ജനറലായി നിയമിക്കപ്പെട്ടു.
ഇക്കാലത്ത് അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമയുമായും വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡനുമായും യോജിച്ച് പ്രവര്‍ത്തിച്ചിരുന്നു. 2016ല്‍ സൈന്യത്തില്‍ നിന്ന് വിരമിച്ചു. തുടര്‍ന്ന് പെന്റഗണിന്റെ കരാറുകാരായ റെയ്‌ത്തോണ്‍ ടെക്‌നോളജീസിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി.
ജനറല്‍ ലോയ്‌ഡിന്റെ നിയമനത്തിന്റെ അംഗീകാരം ആവശ്യമുണ്ട്. സൈന്യത്തില്‍ നിന്ന് വിരമിച്ച് ഏഴ് വര്‍ഷത്തിന് ശേഷം മാത്രമേ പ്രതിരോധ സെക്രട്ടറിയാകാവൂ എന്ന ഫെഡറല്‍ നിയമം നിലനില്‍ക്കുന്നതിനാല്‍ സെനറ്റ് ഇളവ് അനുവദിച്ചാല്‍ മാത്രമേ നിയമിക്കാനാകൂ. നേരത്തെ രണ്ട് തവണ സെനറ്റ് ഇളവ് അനുവദിച്ചിരുന്നു.