Wed. Nov 20th, 2024
Anna-Hazare file pic. C: The print

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരങ്ങള്‍ക്ക്‌ പിന്തുണയുമായി അണ്ണ ഹസാരെയുടെ നിരാഹാര സത്യഗ്രഹം. ഇന്ന്‌ രാവിലെ മുതല്‍ തന്‍റെ നാടായ റെലിഗാം സിദ്ദിയിലെ പത്മാവതി ക്ഷേത്രത്തിന്‌ സമീപമാണ്‌ ഏകദിന സത്യഗ്രഹം. സര്‍ക്കാരിനെ തിരുത്തിക്കാന്‍ കര്‍ഷക സമരം രാജ്യമാകെ വ്യാപിപ്പിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു.

സമാധാനപരമായി സമരം നടത്തുന്ന കര്‍ഷകരെ അണ്ണ ഹസാരെ അഭിനന്ദിച്ചു. കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള സമയമാണിത്‌. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ എല്ലാ കര്‍ഷകരും തെരുവിറങ്ങണമെന്ന്‌ അണ്ണാ ഹസാരെ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്‌തിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ മൂക്കിന്‌ പിടിച്ചാല്‍ സര്‍ക്കാര്‍ വാ തുറക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. അതിന്‌ പിന്നാലെയാണ്‌ നിരാഹാര സത്യഗ്രഹവുമായി രംഗത്ത്‌ വന്നത്‌.

അതേ സമയം കര്‍ഷകര്‍ക്ക്‌ പിന്തുണയുമായി രംഗത്ത്‌ വന്ന അണ്ണ ഹസാരെക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷമായ പ്രതികരണമാണ്‌ ഉയരുന്നത്‌. അണ്ണ ഹസാരെ സ്വീകരിച്ച മോദി അനുകൂല നിലപാടുകളാണ്‌ വിമര്‍ശനത്തിനിടയാക്കുന്നത്‌.

ജന്‍ ലോക്‌പാല്‍ ബില്‍ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡെല്‍ഹിയില്‍ നടത്തിയ അഴിമതി വിരുദ്ധ സമരമാണ്‌ അണ്ണ ഹസാരെയെ ദേശീയ ശ്രദ്ധയിലെത്തിച്ചത്‌. സമരത്തിന്‌ രാജ്യവ്യാപകമായ പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ യുപിഎ സര്‍ക്കാരിനെതിരെ നടന്ന സമരം ആര്‍എസ്‌എസിന്റെ ഒത്താശയോടെ ആയിരുന്നുവെന്നും അതില്‍ പങ്കെടുത്തതില്‍ ഖേദിക്കുന്നതായും അഡ്വ. പ്രശാന്ത്‌ ഭൂഷണ്‍ അടുത്തിടെ പറഞ്ഞിരുന്നു.