Wed. Jan 22nd, 2025
Manoj tiwari BJP MP, C: Janasatta

ന്യൂഡെല്‍ഹി: കര്‍ഷക സമരത്തിന്‌ പിന്നില്‍ ‘തുക്‌ഡെ തുക്‌ഡേ ഗാങ്ങ്‌’ ആണെന്നും സമരത്തെ അടിമച്ചമര്‍ത്തണമെന്നും ബിജെപി എംപി മനോജ്‌ തിവാരി. തലസ്ഥാനത്തെ മറ്റൊരു ഷഹീന്‍ ബാഗ്‌ ആക്കാനുള്ള നീക്കമാണ്‌ നടക്കുന്നത്‌. പൗരത്വനിയമ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ ബാഗില്‍ ഒത്തുചേര്‍ന്ന വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും സാന്നിധ്യം കര്‍ഷക സമരത്തിലുണ്ട്‌. തലസ്ഥാന നഗരത്തില്‍ ഷഹീന്‍ ബാഗ് 2.0 ആവര്‍ത്തിക്കാനുള്ള ഗൂഢാലോചനയാണെന്ന്‌ അദ്ദേഹം ആരോപിച്ചു.

രാജ്യത്ത്‌ സമാധാനം തകര്‍ക്കാനുള്ള കൃത്യമായ പദ്ധതിയും ആസൂത്രണവുമുണ്ട്‌. ഖലിസ്ഥാന്‍ പ്രസ്ഥാനത്തെ പിന്തുണച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി മുഴക്കിയും സമര വേദിയില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ കലാപത്തിനുള്ള ആഹ്വാനമാണ്‌. ഷഹീന്‍ ബാഗില്‍ പരീക്ഷിച്ച ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ കര്‍ഷക പ്രക്ഷോഭത്തിലും ആവര്‍ത്തിക്കാനാണ്‌ ശ്രമം. കര്‍ഷകരുടെ പേരില്‍ നടക്കുന്ന കലാപശ്രമങ്ങളെ അടിച്ചമര്‍ത്താന്‍ എല്ലാ പൗരന്മാര്‍ക്കും കടമയുണ്ടെന്നും മനോജ്‌ തിവാരി പറഞ്ഞു.

കര്‍ഷക സമരം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുന്നതിനിടയിലാണ്‌ മനോജ്‌ തിവാരിയുടെ പ്രകോപനപരമായ പ്രസ്‌താവന. പൗരത്വ നിയമത്തിനെതിരായ സമരത്തില്‍ പങ്കെടുത്തവരെ തെറ്റിദ്ധരിപ്പിച്ചത്‌ ഡെല്‍ഹിയിലെ’തുക്‌ഡെ തുക്‌ഡേ ഗാങ്ങ്‌’ ആണെന്ന്‌ ആഭ്യന്തര മന്ത്രി അമിത്‌ ഷാ പരിഹസിച്ചത്‌ വിവാദമായിരുന്നു.