Sun. Dec 22nd, 2024
തിരുവനന്തപുരം:

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികളുടെ രക്ഷിതാക്കള്‍. കെപിഎംഎസ് ചെയര്‍മാന്‍ പുന്നല ശ്രീകുമാറിനൊപ്പം നിയമസഭയിലെ ഓഫീസിലെത്തിയാണ് ഇരുവരും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്.

എല്ലാ സഹായങ്ങളും ചെയ്തു തരാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും, മുഖ്യമന്ത്രിയില്‍ ഉറച്ച വിശ്വാസമുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചു.

വാളയാര്‍ കേസ് സിബിഐക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി നാളെയാണ് കോടതി പരിഗണിക്കുന്നത്.

അതേസമയം, വാളയാര്‍ കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചിരുന്നു. ഒക്ടോബര്‍ 25ന് പുറപ്പെടുവിച്ച വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും, ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കേരള പോലീസില്‍ വിശ്വാസമില്ലെന്നും, കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ നേരത്തെ രംഗത്ത് വന്നിരുന്നു. അപ്പീല്‍ പോകാന്‍ താല്‍പ്പര്യമില്ലെന്നും കേസ് സിബിഐ ഏറ്റെടുക്കണമെന്നുമായിരുന്നു അവര്‍ പറഞ്ഞത്.

വാളയാര്‍ കേസ് സംബന്ധിച്ച് അപ്പീല്‍ നല്‍കുമെന്നും, പ്രഗല്‍ഭനായ അഭിഭാഷകന്‍റെ സഹായത്തോടെ കേസ് മേല്‍ക്കോടതിയില്‍ വാദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കേസില്‍ പൊലീസിന് എന്തെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നിയമസഭയില്‍ പറഞ്ഞിരുന്നു.