Sun. Dec 22nd, 2024
#ദിനസരികള്‍ 926

പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോവാദികളായ നാലുപേര്‍ ഒക്ടോബര്‍ ഇരുപത്തിയെട്ടിനും ഇരുപത്തിയൊമ്പതിനുമായി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് നാം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണല്ലോ. മാവോയിസ്റ്റുകള്‍ കൊല്ലപ്പെടാനുണ്ടായ സാഹചര്യങ്ങളെന്താണെന്ന് വസ്തുനിഷ്ഠമായി മനസ്സിലാക്കാതെ കേവലം രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളും ആക്ഷേപങ്ങളുമാണ് ആ ചര്‍ച്ചയില്‍ ഏറിയ പങ്കും മുഴങ്ങിക്കേള്‍ക്കുന്നത്. നിരുപദ്രവകാരികളും നിഷ്കളങ്കരുമായ മാവോവാദികളെ പോലീസ് നിഷ്കരുണം വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നാണ് പലരുടേയും ആരോപണം.

മാവോയിസ്റ്റുകളോടുള്ള സ്നേഹമോ സഹതാപമോ അല്ല മറിച്ച്, രാഷ്ട്രീയ മുതലെടുപ്പിനുള്ള സാഹചര്യങ്ങളെ സമര്‍ത്ഥമായി ചൂഷണം ചെയ്യാനുള്ള ശ്രമങ്ങളാണ് അത്തരം നിലപാടുകളെന്നതാണ് വസ്തുത. അതല്ലെങ്കില്‍ കക്കയം ഡാമില്‍ വിദ്യാര്‍ത്ഥിയായ രാജനെ കെട്ടിത്താഴ്ത്തിയവരുടേയും പിടികൂടപ്പെട്ട ശേഷം സഖാവ് വര്‍ഗ്ഗീസിനെ വെടിവെച്ചുകൊല്ലാനുത്തരവിട്ടവരുടേയും കമ്യൂണിസത്തിന്റേയും തീവ്രവിപ്ലവാദത്തിന്റേയും പേരില്‍ നാട്ടിലാകെ തെരച്ചില്‍ നടത്തി അനുഭാവികളായവരെപ്പോലും ക്രൂരമായി മര്‍ദ്ദിച്ചു കൊന്നവരുടേയും പിന്മുറക്കാര്‍ ഇന്ന് മാറത്തടിച്ച് നിലവിളിക്കുന്നതു കാണുമ്പോള്‍ മറ്റെന്താണ് ചിന്തിക്കുക?

അത്തരത്തില്‍ വീടുകളുടെ തട്ടിന്‍ പുറങ്ങളില്‍ തിരച്ചില്‍ നടത്തി കമ്യൂണിസ്റ്റുകളെ ഒറ്റിക്കൊടുത്ത അട്ടംപരതി ഗോപാലന്മാരുടെ മക്കളാണ് ഇന്ന് വലതുപക്ഷ വിലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതെന്നുകൂടി മനസ്സിലാക്കുക. കൂടാതെ ആഭ്യന്തരമന്ത്രിയായ കെ കരുണാകരനെ അഴിച്ചു വിട്ടുകൊണ്ട് കേരളം കണ്ട ഏറ്റവും വലിയ നക്സല്‍ വേട്ടകള്‍ക്ക് ചുക്കാന്‍ പിടിച്ചവരാണ് അന്നത്തെ കൂട്ടുകെട്ടിനെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ ഇന്ന് മുതലക്കണ്ണീരൊഴുക്കുന്നത്. എന്നു മാത്രവുമല്ല, ഇന്ത്യയിലെ മാവോയിസ്റ്റുകളെ വേട്ടയാടിപ്പിടിക്കലാണ് അടുത്ത ഘട്ടമെന്ന് പ്രഖ്യാപിച്ച ബിജെപി പ്രസിഡന്റും ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ അനുയായികളാണ് ഇവിടെ, കേരളത്തില്‍ മാറത്തടിച്ചു വിലപിച്ചുകൊണ്ടിരിക്കുന്നത്.

ഇരട്ടത്താപ്പുകളുടെ അപോസ്തലന്മാരായ അക്കൂട്ടരുടെ ഇത്തരം ചേഷ്ടകള്‍ സത്യത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ അപമാനിക്കുന്നതാണ്. വ്യര്‍ത്ഥവാദങ്ങളും കഷ്ടം വിളികളും കൊണ്ട് ചരിത്രത്തേയും വര്‍ത്തമാനകാലത്തേയും താല്കാലികമായി മറച്ചു പിടിച്ച് കുപ്രചാരണത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പു നടത്താമെങ്കിലും വസ്തുതകളെ എന്നന്നേക്കുമായി ആര്‍ക്കും ഒളിപ്പിച്ചു വെയ്ക്കാനാകില്ല.

നാലു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നു. മജിസ്ട്രേറ്റു – ക്രൈംബ്രാഞ്ച തല അന്വേഷണങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.നിരായുധരായ മാവോവാദികളെ പോലീസ് ബോധപൂര്‍വ്വം വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നും അവര്‍ കീഴടങ്ങാന്‍ വന്നവരായിരിന്നുവെന്നുമുള്ള വാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസിന്റെ നിലപാടുകളെ പൂര്‍ണമായും മുഖവിലക്കെടുക്കാതെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

അതോടെ പോലീസിന്റെ ഭാഷ്യങ്ങളെ വെള്ളം ചേര്‍ക്കാതെ വിഴുങ്ങുന്ന ഒരു സര്‍ക്കാറല്ല ഇവിടെയുള്ളത് എന്ന് വ്യക്തമാകുന്നു. ദ്വിതല അന്വേഷണം നടത്തുന്നതിലൂടെ കൊല്ലപ്പെട്ടവരോട് ഏതെങ്കിലും തരത്തില്‍ അനീതി കാട്ടപ്പെട്ടിട്ടുണ്ടെങ്കില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. എന്നാല്‍ സത്യമെന്താണെന്ന് തിരിച്ചറിയുന്നതിനു മുമ്പുതന്നെ വ്യാജപ്രചാരണങ്ങള്‍ക്ക് രംഗത്തിറങ്ങിയ തല്പരകക്ഷികള്‍ ആശയക്കുഴപ്പങ്ങള്‍ ആവശ്യത്തിലേറെ സൃഷ്ടിച്ചിട്ടുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. സത്യം ചെരിപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റി വരുമെന്ന പഴഞ്ചൊല്ല് ഇവിടെ പ്രസക്തമാകുന്നു.

ഉന്മൂലനത്തെക്കുറിച്ചും സായുധ വിപ്ലവത്തെക്കുറിച്ചും അറുപതുകളിലെ അതിതീവ്രവിപ്ലവത്തിന്റെ ആശയങ്ങളെ പേറുന്ന ഒരു പറ്റം ഇന്നും ഇന്ത്യയിലുണ്ട്. ജനാധിപത്യമെന്ന ആശയത്തിന്റെ അന്തസത്തയ്ക്കു ചേരുന്ന വിധത്തില്‍ അത്തരത്തിലുള്ള പ്രേതചിന്തകളെ പരിഷ്കരിക്കുകയും ആധുനിക ജനാധിപത്യസമൂഹങ്ങളുടെ കാഴ്ചപ്പാടിലൂടെ ഉടച്ചു വാര്‍ക്കുകയും ചെയ്യേണ്ടതുണ്ട്. 1967 ലെ നക്സല്‍ ബാരി മാതൃക, ഇന്ത്യയൊട്ടാകെ പ്രചരിപ്പിക്കാനുള്ള അമിതമായ ആവേശം ഇനിയും അസ്ഥാനത്താണ്.

അന്ന് വിപ്ലവത്തിന് ആവേശം കൊടുക്കാന്‍ ചാരു മജുംദാര്‍ മുന്നേറ്റങ്ങളുടെ ഉദ്ദേശങ്ങളെക്കുറിച്ച് ഇങ്ങനെ എഴുതി “പ്രതി വിപ്ലവ ശക്തികളെ തുരത്തുകയും രാഷ്ട്രീയ പ്രചാര വേല നടത്തുകയുമാണ് പ്രധാന കടമ. അക്രമങ്ങള്‍ നടത്തുന്നത് കേവലമായ അക്രമങ്ങള്‍ക്കു വേണ്ടിയല്ല, ശത്രുവിനെ ഉന്മൂലനം ചെയ്യുന്നതിന് വേണ്ടിയാണ് എന്ന മാവോ സെ തുങ്ങിന്റെ ഉപദേശത്തെ നാം അനുസരിക്കണം. ആക്രമിക്കപ്പെടേണ്ടത് ഇവരായിരിക്കണം.

1- ഭരണകൂടത്തെ പ്രതിനിധീകരിക്കുന്ന പോലീസും സൈനിക ഉദ്യോഗസ്ഥന്മാരും. 2- വെറുക്കപ്പെട്ട ഉദ്യോഗസ്ഥ മേധാവികള്‍, 3- വര്‍ഗ്ഗ ശത്രുക്കള്‍. ആക്രമണത്തിന്റെ ഉദ്ദേശം ആയുധങ്ങള്‍ ശേഖരിക്കുക എന്നതുകൂടിയായിരിക്കണം. ഈ കാലഘട്ടത്തില്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇത്തരം അക്രമങ്ങള്‍ കെട്ടഴിച്ചുവിടാന്‍ നമുക്ക് കഴിയും.” മാവോയിസ്റ്റുകളുടെ നീക്കങ്ങളെക്കുറിച്ചും അവരുടെ ഉദ്ദേശങ്ങളെക്കുറിച്ചും ചാരുമജുംദാറിന്റെ മനോഹര വിപ്ലവസാഗിത്യം വ്യക്തമാക്കുന്നുണ്ട്.പോലീസിനെ ആക്രമിച്ച് വകവരുത്തിക്കൊണ്ട് നിലവിലിരിക്കുന്ന സര്‍ക്കാറുകളെ ഞെട്ടിക്കുക എന്ന തന്ത്രത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് പിന്നാലെ മജുംദാര്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ തീവ്രവിപ്ലവവാദത്തിന് തക്കതായ ന്യായീകരണങ്ങളില്ല. വഴിതെറ്റിയ ഒരാശയത്തിനു പിന്നാലെ പിന്നേയും പിന്നേയും കുതികൊള്ളുന്നത് തെറ്റാണെന്ന് ജനാധിപത്യ ഇന്ത്യ അവരെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. സായുധ കലാപങ്ങളല്ല, സമൂഹത്തില്‍ നിരന്തരം ഇടപെട്ടുകൊണ്ടു വേണം ജനതയെ മാറ്റിയെടുക്കാനെന്ന തിരിച്ചറിവ് തീവ്ര ഇടതുവാദികള്‍ക്ക് ഇനിയെങ്കിലുമുണ്ടാകണം.

കഴിഞ്ഞു പോയ സ്വപ്നത്തിന്റെ തിളക്കങ്ങളില്‍ മതിമറന്ന്, വര്‍ത്തമാന കാല സാഹചര്യങ്ങളേയും വസ്തുതകളേയും മറന്നുപോകുന്നത് യാഥാര്‍ത്ഥ്യ ബോധമുള്ള ഇടതുപക്ഷത്തിന് ചേര്‍ന്ന രീതിയല്ല. എന്നു മാത്രവുമല്ല വര്‍ഗ്ഗ ശത്രുവിനെയല്ല ഇപ്പോള്‍ ഇവരുടെ തോക്കുകള്‍ ഉന്നം വെയ്ക്കുന്നതെന്ന് വൈത്തിരിയില്‍ നമുക്ക് ബോധ്യമായതാണ്. പണപ്പിരിവു നടത്തുന്നതിനു വേണ്ടി ആളുകളെ ഭയപ്പെടുത്താനും ആദിവാസികളില്‍ നിന്നും ഭക്ഷണം തട്ടിയെടുക്കാനും ഉപയോഗിക്കുന്ന ഒന്നു മാത്രമായി അവരുടെ ആയുധങ്ങള്‍ മാറിയിരിക്കുന്നുവെന്നത് മാവോയിസ്റ്റുകളെ കൂടുതല്‍ പരിഹാസ്യരാക്കുന്നുണ്ട്.

അതുകൊണ്ട് ജനാധിപത്യത്തിന്റെ പാതയിലേക്കുള്ള തിരിച്ചു വരവിന് തീവ്രഇടതുപക്ഷം ഇനിയും അമാന്തിക്കരുത്. നാലു പേരുടെ മരണം അത്തരമൊരു നീക്കം എത്രയും വേഗം നടപ്പിലാക്കുന്നതിനുള്ള പ്രേരണയാകുകയാണ് വേണ്ടത്. എന്നു മാത്രവുമല്ല ഭ്രാന്തന്‍ വിപ്ലവ സ്വപ്നങ്ങള്‍ പേറി ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നവരെ നിരായുധീകരിച്ചുകൊണ്ട് തിരിച്ചുകൊണ്ടുവരേണ്ടതിന് നിലവിലിരിക്കുന്ന സര്‍ക്കാറുകളും തയ്യാറാകുക തന്നെ വേണം.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.