Fri. Nov 22nd, 2024
തിരുവനന്തപുരം:

‘മഹ’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച സാഹചര്യത്തില്‍, അടുത്ത എട്ടു മണിക്കൂർ കൊച്ചി മുതൽ കാസർകോടു വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. സംസ്ഥാനത്ത് മൂന്നു ദിവസം കൂടി ശക്തമായ മഴ ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

കേരളത്തിൽ പലയിടത്തും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

മഴയിലും ചുഴലിക്കാറ്റിലും കനത്ത നാശനഷ്ടം സംഭവിക്കാൻ സാധ്യതയുള്ള ലക്ഷദ്വീപിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊച്ചിയിലെ തീരപ്രദേശങ്ങളായ ചെല്ലാനം, എടവനക്കാട്, ഞാറയ്ക്കൽ, ഫോർട്ട് കൊച്ചി തീരങ്ങളിൽ കടലാക്രമണം ഉണ്ടായി. അഴിത്തലയിൽ നിന്നു പോയ തൗഫീക്ക് എന്ന ബോട്ടിൽ നിന്നു രണ്ടു പേരെയും വടകര, ചെമ്പോലയിൽ നിന്നു പോയ ലഡാക് ബോട്ടിൽ നിന്നു നാലു പേരെയും കാണാതായിട്ടുണ്ട്.

ചേറ്റുവയിൽ നിന്ന് മത്സ്യ ബന്ധനത്തിന് പുറപ്പെട്ട സാമുവേൽ എന്ന വള്ളം തകർന്ന് ഒരാളെ കാണാതായി. പരുക്കേറ്റ 5 പേരെ ‘ക്രിo സൺ നൈറ്റ്’ എന്ന കൊറിയൻ ചരക്കു കപ്പലാണ് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന്, കോസ്റ്റ് ഗാർഡ് കപ്പൽ പുറംകടലിലെത്തി ഇവരെ കൊച്ചി തുറമുഖത്തേക്ക് അടുപ്പിക്കുകയായിരുന്നു.

കേരള തീരത്തു മണിക്കൂറിൽ 40  മുതൽ 50  കിമി വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാല്‍, കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളിൽ മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്.

അടുത്ത 12 മണിക്കൂറിലേക്ക് കന്യാകുമാരി,  മാലിദ്വീപ് ഭാഗങ്ങളിലേക്കുള്ള മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. കൂടാതെ, ലക്ഷദ്വീപിനോട് ചേര്‍ന്നുള്ള  തെക്ക്- കിഴക്ക് അറബിക്കടലിലും, കേരള – കർണാടക തീരങ്ങളിലും  അടുത്ത 24  മണിക്കൂറിലേക്ക് മത്സ്യബന്ധനം നിരോധിച്ചു.

2019 നവംബർ 4 വരെ മധ്യകിഴക്കു അറബികടൽ ഭാഗത്തേക്ക് മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.