Sun. Dec 22nd, 2024
മുംബൈ:

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപിയും ശിവസേനയും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെ ഇരു പാര്‍ട്ടികളും പ്രത്യേകമായി ഗവര്‍ണറെ കണ്ടു.

ശിവസേനാ നേതാവ് ദിവാകര്‍ റൗട്ടും, മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ആണ് തിങ്കളാഴ്ച ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയെ സന്ദര്‍ശിച്ചത്. ഔദ്യോഗിക വിഷയം ചര്‍ച്ച ചെയ്യാനായിരുന്നില്ല കൂടിക്കാഴ്ചയെന്ന് ഇരുപാര്‍ട്ടികളും പ്രതികരിച്ചു.

ദീപാവലിയുമായി ബന്ധപ്പെട്ട കൂടിക്കാഴ്ച മാത്രമായിരുന്നു ഇതെന്നും, ഗവര്‍ണറെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കണ്ട് ദീപാവലി ആശംസകള്‍ നേര്‍ന്നുവെന്നുമാണ് ദിവാകര്‍ റൗട്ട് പ്രതികരിച്ചത്. രാഷ്ട്രീയ ചര്‍ച്ചകളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം വൈകുന്ന സാഹചര്യത്തില്‍ ഈ കൂടിക്കാഴ്ച നല്ല സൂചനകളല്ല നല്‍കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബിജെപി ദേശീയാദ്ധ്യക്ഷനും, കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ മുഖ്യമന്ത്രി പദത്തില്‍ തീരുമാനമെടുക്കുന്നതുവരെ സര്‍ക്കാര്‍ രൂപീകരണം വൈകുമെന്ന് ശിവസേന വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിപദം രണ്ടരവര്‍ഷം വീതം പങ്കുവെയ്ക്കണമെന്ന തങ്ങളുടെ ആവശ്യം എഴുതിനല്‍കണമെന്നാണ് പാര്‍ട്ടി നേതാവ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ശിവസേനാ നേതാവ് പ്രതാപ് സര്‍നായിക് പറഞ്ഞു.

പാര്‍ട്ടി എംഎല്‍എമാര്‍ ഉദ്ധവുമായി ഇന്നു നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. അമിത് ഷായോ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസോ ഇക്കാര്യം എഴുതി നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

50:50 ഫോര്‍മുലയിലല്ലാതെ സര്‍ക്കാര്‍ രൂപീകരണവുമായി തങ്ങള്‍ മുന്നോട്ടുപോകില്ലെന്നാണ് ശിവസേനയുടെ വിശദീകരണം. അതേസമയം, തങ്ങളില്‍ നിന്ന് ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും സര്‍നായിക് പറഞ്ഞു.

ആദിത്യ താക്കറെ മുഖ്യമന്ത്രിയാകണമെന്നാണ് ശിവസേനാ എംഎല്‍എമാരുടെ ആവശ്യം. എന്നാല്‍ ഉദ്ധവാണ് ഇതില്‍ അന്തിമ തീരുമാനം എടുക്കുകയെന്നും സര്‍നായിക് കൂട്ടിച്ചേര്‍ത്തു.

288 അംഗ നിയമസഭയില്‍ 105 സീറ്റാണ് ബിജെപിക്കുള്ളത്. ശിവസേനയ്ക്ക് 56 സീറ്റുകളും എന്‍സിപിക്ക് 54 സീറ്റുകളും, കോണ്‍ഗ്രസ്സിന് 44 സീറ്റുകളുമാണുള്ളത്.