Wed. Jan 22nd, 2025
ലെബനൻ:

തീയേറ്ററുകളില്‍  മികച്ച പ്രതികരണം നേടി കുതിപ്പ് തുടരുന്ന ചിത്രമാണ് ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ജോക്കർ. ഇപ്പോഴിതാ ലെബനനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളിലും ജോക്കര്‍ കടന്നുവരുന്നു. പ്രതിഷേധക്കാര്‍  ചിത്രത്തിലെ പ്രധാന കഥാപാത്രമായ ജോക്കറിനെ പോലെ മുഖത്ത് ചായം തേച്ചാണ് പ്രതിഷേധം പ്രകടിപ്പിച്ചത്.

”ഞങ്ങളുടെ മുഖത്ത് ഈ ചായം വരച്ചത് ചിത്രത്തിലെ കഥാപാത്രവുമായി വളരെയേറെ അടുത്ത് നില്‍ക്കുന്നത് കൊണ്ടാണ്. കാരണം മുഖത്ത് ഇത്തരത്തില്‍ ചായം തേക്കുന്നതിന് മുന്‍പ് ജോക്കര്‍ ദയനീയമായ ജീവിതം ആയിരുന്നു നയിച്ചത്. ആരും അദ്ദേഹത്തെ ശ്രദ്ധിച്ചില്ല, ആരും അദ്ദേഹത്തെ കേള്‍ക്കാന്‍ തയ്യാറായില്ല. അദ്ദേഹം അസ്വസ്ഥനായി, ദേഷ്യപ്പെട്ടു, അത് അദ്ദേഹത്തെ ഭ്രാന്തനാക്കി, അതാണ് ലെബനനിലും സംഭവിക്കുന്നത്.” പേര് വെളിപ്പെടുത്താത്ത ഒരു സ്ത്രീയെ  ഉദ്ധരിച്ച് ‘വയേഡ്'(Wired) റിപ്പോര്‍ട്ട് ചെയ്തു.

വാട്‌സ് ആപ്പ് കോളുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കമാണ്  ജനങ്ങളെ ചൊടിപ്പിച്ചത്. ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ പതിനായിരങ്ങളാണ് തെരുവിലറങ്ങി സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചത്. നികുതി പിൻവലിച്ചെങ്കിലും ജനങ്ങൾ പ്രതിഷേധം തുടരുകയായിരുന്നു.

എന്നാല്‍, കുറേ വര്‍ഷങ്ങളായി തുടരുന്ന സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും അഴിമതിയും സര്‍ക്കാരിലുള്ള വിശ്വാസമില്ലായ്മയും ഉള്‍പ്പെടെ ട്ടേറെ കാരണങ്ങള്‍കൊണ്ടാണ് സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം ജനങ്ങള്‍ തുടര്‍ന്നത്.

https://twitter.com/fade__to_black/status/1185297898541670401

ലോകത്തിലെ ഏറ്റവും കൂടുതല്‍ പൊതുകടമുള്ള രാജ്യങ്ങളിലൊന്നാണ് ലെബനന്‍. സാമ്പത്തിക മേഖല തകര്‍ന്നുകിടക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ അത് മറികടക്കാനായിരുന്നു ഇന്റര്‍നെറ്റ് കോളുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.

By Binsha Das

Digital Journalist at Woke Malayalam