Wed. Jan 22nd, 2025
ബെംഗളൂരു:

സ്ത്രീകളുടെ സുരക്ഷയ്ക്കായ് ബെംഗളൂരു നഗരത്തില്‍ 16,000 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. സുരക്ഷ ലൈറ്റുകളും, എമർജൻസി ബട്ടനുകളും സ്ഥാപിക്കും. എത്രയും പെട്ടെന്ന് പദ്ധതി നടപ്പിലാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം അറിയിച്ചു.സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് ഇന്ത്യയുടെ ടെക് ഹബ്ബില്‍ ഇത്രയധികം നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത്.

‘സ്ത്രീകള്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുന്നതിനും പെൺകുട്ടികളും കുട്ടികളും ഉൾപ്പെടെയുള്ളവര്‍ക്കെതിരായ ഏത് അതിക്രമണവും  തടയുന്നതിനും വേണ്ടി ഹെെടെക് നിരീക്ഷണ ക്യാമറകള്‍ നഗരത്തിലുടനീളമുള്ള എല്ലാ തന്ത്രപ്രധാനവും തിരക്കുള്ളതുമായ സ്ഥലങ്ങളിൽ സ്ഥാപിക്കും’- സംസ്ഥാന ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച്  തീരുമാനം ആയത്. സേഫ് സിറ്റി പ്രൊജക്ട് പദ്ധതി പ്രകാരം നിർഭയ ഫണ്ടിൽ നിന്ന് 667 കോടി ചിലവാക്കിയാണ് പ്രവർത്തനം. മൂന്ന് വർഷ കാലാവധികൊണ്ട് പദ്ധതി പൂർത്തിയാകും.

16000 ക്യാമറകളിൽ 7500 ക്യാമറകൾ രാത്രിയും പകലും പ്രവർത്തിക്കും, 5000 പിക്സിഡ് ക്യാമറകളും, 1000 പാൻ ടിൽട്ട് സൂം ക്യാമറകളുമായിരിക്കും. 1000 വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് കണ്ടു പിടിക്കാന്‍ കഴിയുന്ന ക്യാമറകളും, മുഖം നീരീക്ഷിക്കുന്ന 500 ക്യാമറകളും, 20 ഡ്രോൺ ക്യാമറകളും, 1100 ബോഡി ബോൺ ക്യാമറകളുമായിരിക്കും.

കേന്ദ്ര വനിത ശിശു വികസന മന്ത്രാലയമാണ് നിർഭയ ഫണ്ട് അനുവദിക്കുന്നത്. ഡല്‍ഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ലഖ്‌നൗ എന്നിവിടങ്ങളിലും ഇത്തരത്തിൽ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.

By Binsha Das

Digital Journalist at Woke Malayalam