Fri. Nov 22nd, 2024
കൊച്ചി:

 

ഗായികയും അസിസ്റ്റന്റ് ഡയറക്ടറുമായ രമ്യ സര്‍വദ ദാസ് ഇടപ്പള്ളിയിൽ നിന്ന് വൈറ്റിലയിലേക്ക് പോകുമ്പോൾ കുപ്രസിദ്ധമായ പാലരിവട്ടം പാലത്തിന് സമീപം ട്രാഫിക് ജാമിൽ കുടുങ്ങി. കുറച്ച് സമയം കിട്ടിയപ്പോൾ അവൾ ഫ്ലൈ ഓവറും ചുറ്റുപാടും നിരീക്ഷിച്ചു. ഫലം? “പാലാരിവട്ടം പാലം പാട്ട്” എന്ന പേരിൽ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്ത മ്യൂസിക് വീഡിയോ.

“പാലം അതിന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നില്ലെങ്കിലും, പൂർണ്ണമായും ഉപയോഗശൂന്യമല്ലെന്ന് ഞാൻ മനസ്സിലാക്കി. മഴ പെയ്യുമ്പോൾ ആളുകൾ അതിനടിയിൽ അഭയം തേടുന്നത് എനിക്ക് കാണാൻ കഴിഞ്ഞു, അവിടെ കുടിയേറ്റ തൊഴിലാളികളുടെ ചെറിയ വാസസ്ഥലങ്ങളുണ്ടായിരുന്നു, ആളുകൾ അവിടെ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് പാലത്തിന്റെ നിലനിൽപ്പ് പരിഹാസ്യകരമാണെന്ന് എനിക്ക് തോന്നിയത്, ” രമ്യ വോക്ക് ജേണലിനോട് പറഞ്ഞു.

തന്റെ മനസ്സില്‍ തെളിഞ്ഞ വരികള്‍ രമ്യ സുഹൃത്തുക്കളുമായി പങ്കുവച്ചപ്പോള്‍, പാട്ടിന്റെ ആശയം അവര്‍ക്ക് ഇഷ്ടപ്പെടുകയും അത് കൂടുതൽ വികസിപ്പിക്കാൻ അവർ രമ്യയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

“ഒരു ക്ലാസിക്കൽ ഗായികയായ ഞാന്‍, ഇത് ഒരു മ്യൂസിക് വീഡിയോയായി വികസിപ്പിക്കാൻ തീരുമാനിച്ചു. അഭിനയം, ക്യാമറ, ക്രിയേറ്റീവ് ഡയറക്ടിംഗ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന എന്റെ സുഹൃത്തുക്കൾ എല്ലാവരും ഒരുമിച്ച് നിന്ന് പ്രോജക്റ്റിനെ പിന്തുണച്ചപ്പോൾ ഇത് യാഥാർത്ഥ്യമായി,” രമ്യ പറയുന്നു.

ഈ ഗാനം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും, വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുകയാണിപ്പോള്‍. യൂട്യൂബിൽ ഇതുവരെയായി ഏകദേശം 24,000 പേരാണ് വീ‍ഡിയോ കണ്ടത്. സെമി ക്ലാസിക്കൽ രാഗത്തിൽ രചിച്ച ഗാനം ചാലക്കുടി, പേട്ട എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്.

“ഞങ്ങൾക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ വളരെ വലുതാണ്. ആക്ഷേപഹാസ്യമാണെങ്കിലും പാലത്തിന്റെ യഥാര്‍ത്ഥ അവസ്ഥ ഇതുമായി ബന്ധപ്പെടുത്താന്‍ കഴിയുന്നുണ്ടെന്ന് ആളുകള്‍ പറയുന്നു” അവർ കൂട്ടിച്ചേർത്തു.

രമ്യ സര്‍വദ ദാസ്

കലാ സൃഷ്ടികള്‍ക്കായി സാമൂഹിക പ്രസക്തിയുള്ള പ്രശ്നങ്ങൾ ഏറ്റെടുക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് രമ്യ പറയുന്നു. കഴിഞ്ഞ വർഷം സിആർ‌സി പ്രൊഡക്ഷന്റെ ബാനറില്‍ പ്രളയത്തെ ആസ്പദമാക്കി രമ്യ ഒരു ഗാനം നിർമ്മിച്ചിരുന്നു.

ഗംഗ ജി നായർ, വിജയകൃഷ്ണൻ എ ബി, പ്രണവ് യേശുദാസ്, കൃഷ്ണേന്ദു സുരേഷ്, അരുൺ കെ അച്ചുതൻ, വിഷ്ണുദാസ് നന്ദൻ, രഞ്ജിത്ത് മംഗാട്ട്, ധീരജ് കെ രാജാറാം എന്നിവരാണ് മ്യൂസിക് വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മിടുക്കി എന്ന റിയാലിറ്റി ഷോയില്‍ ആദ്യ റണ്ണറപ്പായിരുന്നു രമ്യ. കൂടാതെ, ഫൈനൽസ്, പതിനെട്ടാം പടി തുടങ്ങിയ സിനിമകളുടെ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

ദുരന്തമാണെങ്കിലും, പാലരിവട്ടം ഫ്ലൈ ഓവർ നഗരത്തിന്റെ സർഗ്ഗാത്മക മനസ്സിനെ പ്രചോദിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്.

ഒരു മാസം മുമ്പ് തലശ്ശേരിയിലെ ഒരു റെസ്റ്റോറന്റ് ‘തൊട്ടാല്‍ പൊളിയുന്ന കണ്‍സ്ട്രക്ഷന്‍’ എന്ന വിശേഷണത്തോടെ “പാലാരിവട്ടം പുട്ട്” അവരുടെ വിഭവങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.