Sat. Apr 20th, 2024
കൊച്ചി:

 
ഗോശ്രീ ബസ്സുകളുടെ നഗര പ്രവേശം യാഥാർത്ഥ്യമായത് ജനങ്ങളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയുടെ ഫലമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഗോശ്രീ ബസ്സുകളുടെ നഗരപ്രവേശനം സാധ്യമാക്കിയതിന് വൈപ്പിൻ പൗരാവലി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കൊച്ചി മെട്രോ നഗരത്തിൽ സംയോജിത യാത്രാ സൗകര്യം ഒരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

മെട്രോയുടെ ഫീഡർ സർവ്വീസുകളായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ ആലോചിക്കും. നഗരത്തിന്റെ ഗതാഗതം സുഗമമാക്കുന്നതിന് ശാസ്ത്രീയ പുനക്രമീകരികരണത്തിന് നടപടി സ്വീകരിക്കും. കെഎസ്ആർടിസി ബസ്സുകളുടെ കൂടുതൽ സർവ്വീസ് ആരംഭിക്കണോ മറ്റ് ബസ്സുകൾ അനുവദിക്കണമോ എന്നത് സംബന്ധിച്ച് ശാസ്ത്രീയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. ഇതിന് പുറമെ മെട്രോ കാർഡിന്റെ മാതൃകയിൽ കെഎസ്ആർടിസി ടിക്കറ്റ് ഉപയോഗിച്ച് മെട്രോയിലും ഓട്ടോയിലും മറ്റ് വാഹനങ്ങളിലും യാത്ര ചെയ്യാൻ കഴിയുന്നതിന്റെ സാധ്യതാ പഠനം നടത്താൻ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

വൈപ്പിൻ എംഎൽഎ എസ് ശർമ, ജില്ലാ പഞ്ചായത്ത് അംഗം റോസ് മേരി ലോറൻസ്, വൈപ്പിനിലെ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഉണ്ണികൃഷ്ണൻ, അപ്പെക്സ് കൗൺസിൽ പ്രതിനിധി അനിൽ പ്ലാവിൻസ് എന്നിവർ മന്ത്രിയെ പൊന്നാടയണിയിച്ചു.

വൈപ്പിൻ കരക്കാരുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ബസ്സുകളുടെ നഗരപ്രവേശനത്തിന് തുടക്കമായത്. മുനമ്പം, ചെറായി, പറവൂര്‍ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ആരംഭിക്കുന്ന കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഗോശ്രീപ്പാലം വഴി കൊച്ചി മെഡിക്കൽ കോളേജ്, അമൃതആശുപത്രി, വൈറ്റില, തൃപ്പൂണിത്തുറ, തോപ്പുംപടി, ഇന്‍ഫോപാര്‍ക്ക്, കാക്കനാട്, കരിമുഗള്‍, എറണാകുളം, ഫോര്‍ട്ട് കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സര്‍വീസുകള്‍ നടത്തുന്നത്.

നഗരപ്രവേശനം സാധ്യമാക്കണമെന്ന ആവശ്യുമുന്നയിച്ച് വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളെയും രാഷ്ട്രീയകക്ഷിനേതാക്കളെയും പൗരപ്രമുഖരെയും പങ്കെടുപ്പിച്ചുകൊണ്ട് കഴിഞ്ഞ വർഷം വിപുലമായ യോഗം വിളിച്ചുചേര്‍ത്തിരുന്നു. തുടർന്ന് എല്ലാ ഗ്രാമപഞ്ചായത്തുകളുടെയും നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി ഭീമൻ ഹർജി എസ് ശര്‍മ്മ എംഎൽഎയുടെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു.

ഗോശ്രീ എസ് എൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എസ് ശർമ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷി, ഞാറയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഷിൽഡ റിബേരോ, കുഴിപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് രജിത സജീവ്, നായരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇ പി ഷിബു, എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ യു ജീവൻ മിത്ര, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി കെ രാധാകൃഷ്ണൻ, അഡ്വ. മജ്നു കോമത്ത്, പഞ്ചായത്ത് മെമ്പർമാർ, വൈപ്പിൻ പൗരാവലി തുടങ്ങിയവർ പങ്കെടുത്തു