ന്യൂ ഡല്‍ഹി:
ദേശീയ താൽപര്യങ്ങളുടെ പേരിൽ നിയന്ത്രണം ഏർപ്പെടുത്താം, എന്നാൽ അത് തുടർച്ചയായി വിലയിരുത്തണമെന്ന് സുപ്രീം കോടതി. കശ്മീർ താഴ്‍വരയിൽ എത്ര കാലം നിയന്ത്രണങ്ങൾ തുടരാനാണ് ഉദ്ദേശിക്കുന്നതെന്നതെന്നും കോടതി ചോദിച്ചു.
നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് ലഭിച്ച ഹർജികളിൽ വാദം കേൾക്കുകയായിരുന്നു ജസ്റ്റിസുമാരായ എൻ. വി. രമണ, ആർ. സുഭാഷ് റെഡ്ഡി, ബി. ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ച്.
കാശ്മീര്‍ വിഷയം കൈകാര്യം ചെയ്യാൻ മറ്റു പോംവഴികൾ കണ്ടെത്തണമെന്നും ‘ഒട്ടകപ്പക്ഷിനയം’ അല്ല വേണ്ടതെന്നും സുപ്രീം കോടതി പരിഹസിച്ചു.
2 മാസം കഴിഞ്ഞിട്ടും കാശ്മീരില്‍ ഇന്‍റര്‍നെറ്റ് വിലക്ക് തുടരുകയാണെന്ന് കശ്മീർ ടൈംസ് പത്രത്തിനുവേണ്ടി ഹാജരായ വൃന്ദ ഗ്രോവർ ചൂണ്ടിക്കാട്ടി. എന്നാല്‍, മുൻപ് 3 മാസം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്നും അന്ന് ആരും പരാതിയുമായി വന്നിട്ടില്ലെന്നുമായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിക്കു നല്‍കിയ വിശദീകരണം.
കാശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ദിനംപ്രതി വിലയിരുത്തല്‍ നടക്കുന്നുണ്ടെന്നും, 99 ശതമാനം സ്ഥലങ്ങളിലും യാതൊരുവിധ വിലക്കുകളും നിലനില്‍ക്കുന്നില്ലെന്നും തുഷാര്‍ മേത്ത കോടതിയെ ബോധിപ്പിച്ചു.
താഴ്‍വരയിൽ ഭീകരത വീണ്ടും അഴിച്ചുവിടാൻ അതിർത്തിക്കപ്പുറത്തു നിന്ന് ശ്രമങ്ങള്‍ ഉണ്ടാകാമെന്നതിനാലാണ് ഇന്‍റര്‍നെറ്റ് വിലക്ക് തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കാശ്മീര്‍ വിഷയത്തില്‍ തുടര്‍ വാദവും, ബന്ധപ്പെട്ട മറ്റു ഹര്‍ജികളും നവംബര്‍ അഞ്ചിന് കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.