മുംബൈ:
മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ ബുധനാഴ്ച ബിസിസിഐ യുടെ അദ്ധ്യക്ഷസ്ഥാനത്തേക്ക് ഔദ്യോഗികമായി തിരഞ്ഞെടുത്തു.
“ഇത് ഔദ്യോഗികമാണ്- സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു,” ബിസിസിഐ ട്വീറ്റ് ചെയ്തു.
ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിന്റെ (സിഎബി) ഭരണത്തിന്റെ അദ്ധ്യക്ഷത ഉൾപ്പെടെ നിരവധി പദവികൾ വഹിച്ച ഗാംഗുലിയുടെ ബിസിസിഐ അദ്ധ്യക്ഷ പദവിയിലേക്ക് നാമ നിർദ്ദേശ പത്രിക സമർപ്പിച്ച ഒരേ ഒരു സ്ഥാനാർത്ഥി ആണ്.
ഗാംഗുലിയോടൊപ്പം തന്നെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായെ സെക്രട്ടറി ആയും, കേരളത്തിൽ നിന്നുള്ള ജയേഷ് ജോർജിനെ ജോയിൻ സെക്രട്ടറി ആയും ഉത്തരാഖണ്ഡിൽ നിന്നുള്ള മാഹിം വർമയെ വൈസ് പ്രസിഡന്റ് ആയും തിരഞ്ഞെടുത്തു. മുൻ ബിസിസിഐ അധ്യക്ഷൻ അനുരാഗ് താക്കൂറിന്റെ ഇളയ സഹോദരൻ അരുൺ ദമൽ പുതിയ ട്രെഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ 33 മാസമായി സുപ്രീം കോടതി നിയമിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബോഡി ആയിരുന്നു ബിസിസിഐയെ നയിച്ചുകൊണ്ടിരുന്നത്. പുതിയ ഭരണ സമിതി അധികാരത്തിലേറ്റതോടെ അഡ്മിനിസ്ട്രേറ്റിവ് ഭരണത്തിന് അവസാനമായി.
പുതിയ നിയമ പ്രകാരം ഗാംഗുലിക്കു വരുന്ന ഒരു വർഷം കൂടി മാത്രമേ അധ്യക്ഷ പദവിയിൽ തുടരാനാവൂ. 2020 സെപ്റ്റംബർ മാസം വരെയാണ് കാലാവധി.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ ഉന്നതിയ്ക്കായിരിക്കും തന്റെ പ്രഥമ പരിഗണനയെന്ന് ഗാംഗുലി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.