ന്യൂ ഡൽഹി:
കള്ളപ്പണ കേസിൽ അറസ്റ്റിലായി തീഹാർ ജയിലിൽ കഴിയുന്ന, കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ, പാർട്ടി ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി ബുധനാഴ്ച രാവിലെ സന്ദർശിക്കും. കർണാടകയുടെ ചുമതലയുള്ള, പാർട്ടി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സോണിയയെ അനുഗമിക്കും.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സെപ്റ്റംബർ 3നാണു അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതിയിൽ തീർപ്പുകൽപ്പിച്ചിട്ടില്ല. അതെ സമയം കേസുമായി ബന്ധപ്പെട്ട് ശിവകുമാറിന്റെ ഭാര്യ, മകൾ, അമ്മ എന്നിവരടക്കം നിരവധി പേരെയാണ് എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത്. പണമിടപാടുമായി ബന്ധപ്പെട്ട് ഇനിയും ചിലരെ ചോദ്യം ചെയ്യാനുണ്ടെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
കർണാടകയിലെ ശക്തനായ നേതാവായ ശിവകുമാർ, സംസ്ഥാനത്ത് അവസാന ജനതാദൾ-സെക്കുലർ (ജെഡി-എസ്), കോൺഗ്രസ് സഖ്യ സർക്കാർ രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
കഴിഞ്ഞ മാസം സോണിയ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും തിഹാർ ജയിലിൽ എത്തി അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ ധനമന്ത്രി പി. ചിദംബരത്തെ സന്ദർശിച്ചിരുന്നു. ചൊവ്വാഴ്ചയാണ് ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ഐഎൻഎക്സ് മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയായ അദ്ദേഹം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ തുടരും. അനുമതിയില്ലാതെ രാജ്യം വിട്ട് പുറത്തുപോകരുത് എന്ന നിബന്ധനയോടെയാണ് ചിദംബരത്തിന് ജാമ്യം അനുവദിച്ചത്.