Sun. Dec 22nd, 2024
ലാഹോർ:

 

കാശ്മീരിനു പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചാവേർ ആക്രമണ മുന്നറിയിപ്പ് നൽകി പാക് പോപ്പ് ഗായിക റാബി പിർസാദ. മോദിയുടെ മേൽ ഉരഗങ്ങളെ അഴിച്ചുവിടുമെന്ന ഭീഷണിയുമായി ഇതിനു മുൻപും, പിർസാദ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ചൊവ്വാഴ്ച, ചാവേറുകൾ ഉപയോഗിക്കുന്ന ഒരു ജാക്കറ്റ് ധരിച്ച ഫോട്ടോ പീർസാദ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. “# മോഡിഹിറ്റ്‌ലർ ഞാൻ ആഗ്രഹിക്കുന്നു. # കാശ്മീരി കി ബേട്ടി” എന്നായിരുന്നു ഗായിക ഫോട്ടോയുടെ അടിക്കുറിപ്പായി എഴുതിയിരുന്നത്.

സോഷ്യൽ മീഡിയ നിരുത്തരവാദപരമായി ഉപയോഗിച്ചതിനും, പാകിസ്ഥാന്റെ മോശം ചിത്രം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചതിനും ലാഹോർ ആസ്ഥാനമായുള്ള ഗായികയെ ശാസിച്ചുകൊണ്ട് നിരവധി ഉപയോക്താക്കൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ പ്രകോപനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം, ഏതാനും പാമ്പുകൾക്കും ചീങ്കണ്ണികൾക്കുമൊപ്പം പോസ് ചെയ്തുകൊണ്ട് 15 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ, പിർസാദ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. കാശ്മീർ വിഷയത്തിൽ മോദി സ്വീകരിച്ച നിലപാടിനെ എതിർത്ത പിർസാദ, മോദിക്ക് നേരെ വീഡിയോയിൽ കാണുന്ന ഉരഗങ്ങളെ അഴിച്ചുവിടുമെന്നായിരുന്നു അന്ന് ഭീഷണി മുഴക്കിയത്.

ഈ സംഭവത്തിന് പിന്നാലെ, വന്യമൃഗങ്ങളെ വളർത്തുമൃഗങ്ങളാക്കി, വന്യജീവി നിയമം ലംഘിച്ചതിന് പിർസാദയ്‌ക്കെതിരെ പഞ്ചാബ് വന്യജീവി സംരക്ഷണ പാർക്കുകൾ നടപടികൾ  സ്വീകരിച്ചിരുന്നു. ഇതോടെ ലാഹോറിലെ ഒരു കോടതി അവർക്കെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചു.