ന്യൂ ഡൽഹി:
ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. എന്നാൽ ഐഎൻഎക്സ് മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയായ അദ്ദേഹം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ തുടരും.
ജസ്റ്റിസുമാരായ ആർ. ബാനുമതി, എ എസ് ബൊപ്പണ്ണ, ഹൃഷികേശ് റോയ് എന്നിവരടങ്ങുന്ന ബഞ്ചാണ്, അനുമതിയില്ലാതെ രാജ്യം വിട്ട് പുറത്തുപോകരുത് എന്ന നിബന്ധനയോടെ ചിദംബരത്തിന് ജാമ്യം അനുവദിച്ചത്.
അതോടൊപ്പം, ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും സമാനമായ തുകയുടെ രണ്ട് ജാമ്യവും നൽകാൻ കോടതി ചിദംബരത്തിന് നിർദേശം നൽകി.
ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഒക്ടോബർ 18 നായിരുന്നു കോടതി സ്വീകരിച്ചത്.
ഐഎൻഎക്സ് മീഡിയ കേസിലെ പ്രധാന സാക്ഷികളിൽ “സമ്മർദ്ദം ചെലുത്താനും സ്വാധീനിക്കാനും” ശ്രമിക്കുമെന്നതിനാൽ ചിദംബരത്തിന്റെ ജാമ്യാപേക്ഷയെ സിബിഐ എതിർത്തിരുന്നു.
ഓഗസ്റ്റ് 21 ന് അറസ്റ്റിലായ ചിദംബരം ഇപ്പോൾ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിലെ മറ്റ് പ്രതികളോടൊപ്പം പി ചിദംബരത്തിന്റെയും കാർത്തി ചിദംബരത്തിന്റെയും പേരുകൾ ചേർത്ത്, സിബിഐ വെള്ളിയാഴ്ച കുറ്റപത്രം നൽകിയത് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു. തിങ്കളാഴ്ചയായിരുന്നു കുറ്റപത്രം കോടതി സ്വീകരിച്ചത്.