Wed. Jan 22nd, 2025
കൊച്ചി:

 
ഡൽഹി ഐഐടി യിൽ ഗവേഷണം നടത്തുന്ന അലൻ സ്റ്റാൻലിയുടെയും, അമ്മ ലിസിയുടെയും ആത്മഹത്യ ചർച്ചാവിഷയമാക്കി സാമൂഹിക മാധ്യമങ്ങൾ. ചോദ്യശരങ്ങൾ ലക്ഷ്യമിടുന്നത് മലയാളിയുടെ സുപ്രഭാതമായ, പ്രമുഖ ദിനപത്രം മനോരമയ്ക്കും ഇടുക്കി റിപ്പോർട്ടർ എസ് വി രാജേഷിനും നേരെ.

“മനോരമയുടെ സെൻസേഷണൽ മഞ്ഞപ്പണി രണ്ടുപേരുടെ ജീവനെടുത്തു.” ഇങ്ങനെയാണ് മരിച്ച അലൻ സ്റ്റാൻലിയുടെ സുഹൃദ് വലയത്തിൽപെട്ടവരുടെ ഫേസ്ബുക് പോസ്റ്റുകൾ തുടങ്ങുന്നത്. മാധ്യമങ്ങളുടെ ഇൻവെസ്റ്റിഗേറ്റീവ് ആക്രാന്തം കാരണം മാനഭയത്താൽ ജീവനൊടുക്കിയ എത്ര പേരുണ്ടാകും? തുടങ്ങിയ ചോദ്യങ്ങളാണ് അവരുന്നയിക്കുന്നത്.

കോട്ടയം പാമ്പാടി സ്വദേശി ലിസിയുടെ രണ്ടാം ഭർത്താവ്, തൊടുപുഴ നെയ്യശേരി സ്വദേശി കുളങ്ങരത്തൊട്ടിയിൽ കെ ജോൺ വിൽസന്റെ മരണത്തിനു പിന്നിലെ ദൂരൂഹതകളുടെ കെട്ടഴിക്കാൻ ശ്രമിച്ച മനോരമ, സംഭവത്തിന് മറ്റൊരു വ്യാഖ്യാനം നൽകുകയായിരുന്നു.

കൂടത്തായി കൊലപാതക പരമ്പരകളുടെ പശ്ചാത്തലത്തിൽ ജോൺ വിൽസന്റെ മരണവും, ഭാര്യ ലിസിയുടെ പങ്കും, അജ്ഞാത സുഹൃത്തുക്കളുമായുള്ള ബന്ധവും പൊലിപ്പിച്ചു കാട്ടി സംഭവത്തെ വഴിതിരിച്ചു വിടാൻ മനോരമ ലേഖകനും പത്രവും ശ്രമിച്ചെന്നാണ് അലന്റെ സുഹൃത്തുക്കളുടെ ആരോപണം.

വിൽസന്റെ കൊലപാതകത്തിൽ ലിസിക്കും മകനും പങ്കുണ്ടെന്ന് കാട്ടി മനോരമ കൊടുത്ത വാർത്തയ്ക്ക് നാലാം പക്കമായിരുന്നു ലിസിയും മകനും ആത്മഹത്യ ചെയ്തത്. ഡൽഹി പീതംപുരയിലെ ഫ്ലാറ്റിൽ ലിസി തൂങ്ങിമരിച്ച നിലയിലും, അലൻ സ്റ്റാൻലിയെ, സരായ് കാലെഖാനിൽ റെയിൽവേ പാളത്തിൽ മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.

scree-grab, copyrights: manorama

എന്നാൽ അമ്മയെ കൊന്ന ശേഷം മകൻ ജീവനൊടുക്കിയതായി “സംശയം” എന്ന് മനോരമ വീണ്ടും പറഞ്ഞു.

ലിസിയുടെ രണ്ടാം ഭർത്താവ് ജോൺ വിൽസന്റെ മരണശേഷം, വിൽസന്റെ കുടുംബവുമായി സ്വത്ത് തർക്കം നിലനിൽക്കുന്നുണ്ട്. വിൽസന്റെ ആത്മഹത്യ അന്വേഷിക്കണമെന്നും സ്വത്ത് വിഹിതങ്ങൾ കണ്ടു കെട്ടണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം കേസ് കൊടുത്തിരുന്നു. എന്നാൽ ജോളിയുടേതിന് സമാനമായ കേസാണ് തൊടുപുഴയിൽ നടന്നതെന്ന് സ്ഥാപിക്കാനായിരുന്നു മനോരമ ലേഖകന്റെ ശ്രമം.

പിന്നീട് മനോരമയിൽ കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുക്കാൻ ലിസിയും അലനും ശ്രമിച്ചതായുള്ള റിപ്പോർട്ടുകളും അജ്ഞാത സുഹൃത്തുക്കളുമായി അവർക്കുള്ള ബന്ധവും പ്രത്യേക തലക്കെട്ടുകളോട് കൂടി വന്നു.

“ഭർത്താവ് മരിച്ചതിൽ തകർന്നിരിക്കുന്ന സ്ത്രീയെയും മകനെയും പണം തട്ടിപ്പുകാരും, കൊലപാതകികളുമായി ചിത്രീകരിച്ചു കൊണ്ടാണ് മനോരമയുടെ റിപ്പോർട്ട് മുന്നോട്ട് പോകുന്നത്. നിയമപരമായി നീങ്ങുന്നതിനിടെ മാനഹാനി വരുത്തുന്ന രീതിയിൽ വാർത്ത നൽകിയതാണ് അലനെയും അമ്മയെയും തകർത്തു കളഞ്ഞത്,” ജബ്ബാർ ചുങ്കത്തറയുടെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

https://www.facebook.com/100002812219936/posts/1966875680082820?sfns=mo

“മനോരമയുടെ ഇടുക്കി റിപ്പോർട്ടർ ഈ കൊലപാതങ്ങളിൽ പങ്കാളിയാണ്. രണ്ട് കക്ഷികളുടെയും മൊഴിയെടുക്കാതെ പോലീസ് റിപ്പോർട്ടും ബാക്കി തന്റെ ഭാവനാവിലാസവും കൂട്ടിക്കലർത്തിയ ഇദ്ദേഹമാണ് അലന്റെയും അമ്മയുടെയും ജീവനെടുത്തത്.” അലനുമായി അടുത്ത ബന്ധം പുലർത്തിയ സുഹൃത്തുക്കൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചത് ഇങ്ങനെയാണ്.

“വായനക്കാരോടാണ് യാതൊരു ഉത്തവാദിത്തവുമില്ലാതെ നമ്മുടെ കൺമുന്നിലെത്തുന്ന മസാല വാർത്തകളിൽ നിരവധി പേരുടെ കണ്ണീരുണ്ട്, ക്ഷതമേറ്റ ആത്മാഭിമാനമുണ്ട്, ആരോടും പറയാതെ ഒടുങ്ങിപ്പോയ അനേകം ജീവനുകളുണ്ട്. വായിക്കുമ്പോൾ ആത്മരതി നിറയുന്ന വാർത്തകളിൽ നിശബ്ദമാക്കപ്പെട്ട മരണവെപ്രാളങ്ങളുണ്ട്. മറക്കാതിരിക്കുക,” പോസ്റ്റിൽ പറയുന്നു.

എന്നാൽ സംഭവം ചർച്ചയായതോടെ മനോരമ, പ്രസ്തുത വാർത്തയുടെ ലിങ്ക് സൈറ്റുകളിൽ നിന്നും പിൻവലിച്ചു. കൊന്നു കളഞ്ഞതിനു ശേഷം പൂ പറിക്കുന്ന ലാഘവത്തിൽ ലിങ്ക് മുക്കി തടിതപ്പാൻ ഇവരെ സമ്മതിക്കരുത് എന്ന ആവശ്യമാണ് ഇതിനു പിന്നാലെ ഉയരുന്നത്.

ഇതേ കാര്യത്തിൽ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ്:-

https://www.facebook.com/556770062/posts/10162271183685063?sfns=mo