Mon. Dec 23rd, 2024
ദോഹ:

 

പ്രവാസി സൗഹൃദ നടപടികളുമായി ഖത്തർ. കരാർ നിലനിൽക്കുമ്പോൾ തന്നെയുള്ള ജോലി മാറ്റം എളുപ്പമാകുന്നതിനും, മിനിമം വേതനം ഉറപ്പാക്കുന്നതിനും, തൊഴിൽ നിയമത്തിന്റെ പരിധിയിൽ വരാത്തവർക്ക് എക്സിറ്റ് പെർമിറ്റ് ഒഴിവാക്കൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയ പുതിയ നിയമത്തിനു ഖത്തർ മന്ത്രി സഭയുടെ അംഗീകാരം. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ നൂറാം വാർഷിക ആഘോഷ ചടങ്ങിൽ സംസാരിക്കവെ ഖത്തർ തൊഴിൽ മന്ത്രി യൂസഫ് ബിൻ മുഹമ്മദ് അൽ ഉസ്മാൻ അൽ ഫഖ്‌റു പറഞ്ഞു. ഐ.എൽ. എസ്.ഓയുമായി സഹരിച്ചാണ് ഖത്തർ ഭരണവികസന തൊഴിൽ മന്ത്രാലയം ആഘോഷം സംഘടിപ്പിച്ചത്.

നടപടികൾ പൂർത്തിയായാലുടനെ തന്നെ നിയമം പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം പറഞ്ഞു. വീട്ടു ജോലിയെടുത്തു ഉപജീവനം നടത്തുന്നവർക്കാണ് എക്സിറ്റ് പെർമിറ്റ് നിയമം മാറ്റിയത് വഴിയുള്ള ഗുണം ഏറ്റവും കൂടുതൽ ലഭിക്കുന്നത്.

“ഈ നടപടികൾ കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങളെ വളരെയധികം സഹായിക്കും, അതേസമയം കൂടുതൽ കാര്യക്ഷമവും ഉൽ‌പാദനപരവുമായ സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യും,” ഐ‌എൽ‌ഒ ബുധനാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു.

2020 ജനുവരിയിൽ ഈ പുതിയ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മിനിമം വേതനം, തൊഴിൽ മാറ്റം എന്നീ നിയമങ്ങളിലുള്ള മാറ്റങ്ങളെ പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മലയാളികളുൾപ്പടെ ലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനമാകുന്നതാണ് ഈ നടപടി.