Tue. Nov 5th, 2024
തിരുവനന്തപുരം:

2018 ൽ കേരളത്തെ ദുരിതത്തിലാക്കിയ പ്രളയത്തെ അടിസ്ഥാനമാക്കി സംവിധായകൻ ജയരാജ് ഒരുക്കിയ “രൗദ്രം 2018″എന്ന സിനിമ, നാല്പത്തിയൊന്നാമത് കെയ്‌റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

“നവരസ” പരമ്പരയിൽ ജയരാജ് ഒരുക്കുന്ന ഏഴാമത്തെ ചിത്രമാണ് രൗദ്രം 2018.

ആഫ്രിക്കയിലെയും അറബ് രാജ്യങ്ങളിലെയും ഏറ്റവും പഴക്കം ചെന്ന കെയ്‌റോ അന്താരാഷ്ട്ര ചലച്ചിത്രമേള, ഞായറാഴ്ച ആരംഭിച്ച് ഒക്ടോബർ 29 ന് അവസാനിക്കും.

എട്ട് തവണ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ ജയരാജിന്റെ, സിനിമ ജീവിതത്തിലെ നാഴികകല്ലായിരിക്കും നവരസ.

“2018 ലെ മഹാപ്രളയത്തിൽ ഉണ്ടായ യഥാർത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രളയകാലത്ത് ര ക്ഷാപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച, കേരളത്തിന്റെ സ്വന്തം “സമുദ്ര സേന” യായ മത്സ്യത്തൊഴിലാളി സമൂഹത്തിനായി ഇത് സമർപ്പിക്കുന്നു.” ജയരാജ് പറഞ്ഞു.

“സിനിമയുടെ ലാഭത്തിന്റെ ഇരുപത്തിയഞ്ച് ശതമാനം പ്രളയാനന്തരം ദുരിതമനുഭവിക്കുന്നവരുടെ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ഉ പയോഗിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

2018 മെയ് അവസാനം മഴയോടെ ആരംഭിച്ച് ഓഗസ്റ്റ് പകുതി വരെ മൂന്ന് ഘട്ടങ്ങളായി തുടർന്ന വെള്ളപ്പൊക്കത്തിൽ 483 പേർ മരിച്ചു. മൂവായിരത്തിലധികം ദുരിതാശ്വാസ ക്യാമ്പുകളിലായി 14.50 ലക്ഷം ആളുകളുണ്ടായിരുന്നു.

പ്രളയത്തിൽ, ഭക്ഷണവും വെള്ളവും മറ്റ് സൌകര്യങ്ങളും ഇല്ലാതെ, രണ്ടുനില വീട്ടിൽ കുടുങ്ങിക്കിടക്കുന്ന വൃദ്ധ ദമ്പതികളുടെ കഥയാണ് “രൗദ്രം 2018” പറയുന്നത്. ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ രഞ്ജി പണിക്കരും കെപിഎസി ലീലയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രകൃതി പിക്ചേഴ്സിന്റെ ബാനറിൽ ഡോ.സുരേഷ് കുമാര്‍ മുട്ടത്താണ് സിനിമ നിർമ്മിച്ചത്.