Sun. Dec 22nd, 2024
കോഴിക്കോട്:

പാഠഭേദം സബാൾടേൺ ഫെസ്റ്റ് ഒക്ടോബർ 28, 29 തീയതികളിൽ കോഴിക്കോട് നടക്കും.

ഫെസ്റ്റിവൽ ഡയറക്ടർമാർ-

കൽപ്പറ്റ നാരായണൻ,
മൃദുലാദേവി എസ്,
എ പി കുഞ്ഞാമു.

സ്വാഗത സംഘം ചെയർപേഴ്സൺ:-സിവിക് ചന്ദ്രൻ

കൺവീനർ – വിജയരാഘവൻ ചേലിയ.

ട്രഷറർ (സാമ്പത്തിക കമ്മിറ്റി കൺവീനർ) –
എം എം സചീന്ദ്രൻ.

എക്സിക്യൂട്ടീവ്
കമ്മറ്റിയിലെ മറ്റ് അംഗങ്ങൾ – പി കെ ഗണേശൻ, ബൈജു മേരിക്കുന്ന്, സീന പാനോളി, ആർ മൊയ്തു, അഡ്വ.സരിജ ,ഹെൽവിസ് വാഴപ്പുള്ളി, എൻഎ.റഹിം, വിനീഷ് ആരാധ്യ, നവീന സുഭാഷ്, സെനിൻ റാഷി, അനിതകുമാരി.

പാഠഭേദം സബാൾടേൺ ഫെസ്റ്റിവൽ –

സബാൾട്ടേൺ എന്ന വാക്ക് സൂചിപ്പിക്കുന്ന കീഴാളരുടേയും മറ്റു പാർശ്വവത്കൃതരുടേയും ആലോചനകളും ആവിഷ്കാരങ്ങളും ജനാധിപത്യത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക തന്നെയാണ് ഫെസ്റ്റിന്റെ ലക്ഷ്യം. ഇന്ത്യയുടെ കരുത്ത് ബഹുസ്വരതയും സാംസ്കാരിക വൈവിധ്യങ്ങളുമാണ്. അതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നതും ശ്രദ്ധേയവും ശക്തവും സബാൾട്ടേൺ സാംസ്കാരിക പാരമ്പര്യമാണ്.

യഥാർത്ഥത്തിൽ ആ പാരമ്പര്യത്തെ ദുർബലപ്പെടുത്തിയത് ആധുനികതയുടെ രൂപത്തിൽ വന്ന സാംസ്കാരിക അധിനിവേശമാണ്. അത് തീർച്ചയായും വരേണ്യരുടെ താത്പര്യവുമായി ഒത്തു പോകുന്നതുമാണ്. അപ്പോൾ സബാൾട്ടേൺ രാഷ്ട്രീയം ഒരേ സമയം അധിനിവേശ സംസ്കാരത്തേയും രാജ്യത്ത് പിടിമുറുക്കിയ വരേണ്യ സംസ്കാരത്തേയും അധികാരത്തേയും നേരിടേണ്ടതുണ്ട്.

മുഖ്യധാരയോട് മുഖാമുഖം ആത്മവിശ്വാസത്തോടും അന്തസ്സോടും ധീരതയോടും കൂടി സംസാരിക്കാൻ സബാൾട്ടേൺ സാംസ്കാരിക രാഷ്ട്രീയത്തിന്, സാധ്യമാകണം. വ്യവസ്ഥാപിത ഇടതു – വലതു പക്ഷങ്ങളോട് ചിന്ത കൊണ്ടും ആവിഷ്കാരം കൊണ്ടും നേർക്കുനേർ സംസാരിക്കാനുള്ള കരുത്ത് നമുക്കുണ്ട്. അതിനാൽ വ്യവസ്ഥാപിത രാഷ്ട്രീയ – മത സംഘടനകളുടെ പ്രതിനിധികളെ കൂടെ നമ്മൾ ഫെസ്റ്റിലേക്ക് ക്ഷണിക്കുന്നു.

അവർ തീവ്ര ഇടതുപക്ഷമോ, ഹിന്ദുത്വ വാദികളോ, ഇസ്ലാമിസ്റ്റുകളോ ആകുന്നത് നമ്മളെ ഒരു തരത്തിലും വേവലാതിപ്പെടുത്തുന്നില്ല. ഇന്നുവരെ അവരോടു നേർക്കുനേർ സംസാരിക്കാൻ ശ്രമിക്കാത്ത നമ്മുടെ ജനാധിപത്യം കൂടുതൽ കൂടുതൽ ദുർബലമാവുകയാണ്. ഹിറ്റ്ലറെ Dear friend എന്ന് അഭിസംബോധന ചെയ്ത് സാംസ്കാരികമായി മേൽക്കൈ നേടിയ ഗാന്ധിയും ഏതു തരം തീവ്രവാദത്തോടും തുടർ സംവാദങ്ങളിലൂടെ ഇടപെടാൻ ശ്രമിച്ച ജെ പി യും നമുക്ക് മുന്നിലുണ്ട്.

വളരുന്ന തീവ്രവാദങ്ങളെ കണ്ടില്ലെന്ന് നടിച്ച് അതിനെ ഇല്ലായ്മ ചെയ്യാമെന്ന് കരുതുന്നതും കൂടുതൽ ജനങ്ങളെ ആകർഷിക്കുന്ന അവരെ മാറ്റി നിർത്തി മുന്നോട്ടു പോകാമെന്ന് കരുതുന്നതും ജനാധിപത്യത്തെ കൂടുതൽ കൂടുതൽ ദുർബലപ്പെടുത്തും. ജനാധിപത്യം ദുർബലമാകുമ്പോൾ മേൽപറഞ്ഞ ശക്തികൾ കൂടുതൽ ശക്തമാകുകയും ജനാധിപത്യം ഉത്സവമാകുമ്പോൾ അവർ ദുർബലമാവുകയും ചെയ്യുന്നത് ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും നമുക്കു കാണാം.
നമ്മൾ ധൈര്യപ്പെടുകയാണ്. ഏത് വിയോജിപ്പുകളോടും സംസാരിക്കാൻ.

സബാൾട്ടേൺ ഫെസ്റ്റ് ജനാധിപത്യത്തിന്റെ ഉത്സവമാക്കി മാറ്റാൻ. നമുക്കു ചുറ്റുമുള്ള എല്ലാ ചിന്തകളേയും അറിയാൻ, അവയോട് ആത്മവിശ്വാസത്തോടെ സംസാരിക്കാൻ – സബാൾട്ടേൺ ഫെസ്റ്റിലൂടെ നമുക്ക് കഴിയണമെന്നാണ് ആശിക്കുന്നത്. അതുകൊണ്ടാണ് കശ്മീരിനേയും അസമിനേയും നോർത്ത് ഈസ്റ്റിനേയും തിബത്തൻ അഭയാർഥികളേയും ട്രാൻസിനേയും ദളിതുകളേയും ആദിവാസികളേയും, ന്യൂനപക്ഷങ്ങളേയും അണിനിരത്തിക്കൊണ്ട് ഹിന്ദുത്വ -ഇസ്ലാമിസ്റ്റ് – ഇടതു മിലിറ്റൻസിന്റെയും വ്യവസ്ഥാപിത രാഷ്ട്രീയത്തിന്റേയും പ്രതിനിധികളോട് നാം സബാൾടേൺ ഫെസ്റ്റിന്റെ ആദ്യ എഡിഷനിൽ തന്നെ നേർക്കുനേർ സംസാരിക്കാനൊരുങ്ങുന്നത്.