Wed. Jan 22nd, 2025
#ദിനസരികള്‍ 914

വീരസവര്‍ക്കറെന്ന് ഹിന്ദുത്വഫാസിസ്റ്റ് സംഘടനകളും ഒറ്റുകാരനെന്ന് ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ചരിത്രബോധമുള്ള ജനതയും വിളിക്കുന്ന വിനായക് ദാമോദര്‍ സവര്‍ക്കര്‍ക്ക് നമ്മുടെ രാജ്യത്തിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന നല്കി ആദരിക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും എന്ന കാര്യം ഏറെക്കുറെ വ്യക്തമായിരിക്കുന്നു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പുപത്രികയില്‍ സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്കുമെന്ന പ്രഖ്യാപനവും വരാണാസിയില്‍ ഇന്ത്യയിലെ യുവാക്കളുടെ പ്രചോദനമായി മാറേണ്ടത് സവര്‍ക്കറാണെന്ന അമിത് ഷായുടെ പ്രസ്ഥാവനയും പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തിലും അല്ലാതെയുമായി നടത്തിയ നിരവധിയായ സവര്‍ക്കര്‍ അനുകൂല വാദഗതികളിലും തെളിഞ്ഞു നില്ക്കുന്നത്, ഗാന്ധിയെ വധിക്കുന്നതിനു വേണ്ടി ഗൂഢാലോചന നടത്തി എന്ന കുറ്റംപേറി കോടതിയില്‍ വിചാരണ നേരിട്ട സവര്‍ക്കറെ ഇന്ത്യയുടെ പ്രതീകമായി മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് എന്ന കാര്യം സുവ്യക്തമാണ്.

ഇന്ത്യയുടെ പാര്‍ലമെന്റ് ഹാളില്‍ മഹാത്മാഗാന്ധിയും, നെഹ്രുവും, രാജഗോപാലാചാരിയും, അംബേദ്‌കറും, സുഭാഷ് ചന്ദ്രബോസും അടങ്ങുന്ന, ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തെ കോള്‍മയിര്‍ കൊള്ളിക്കുന്ന ധീരദേശാഭിമാനികളായ ഇതിഹാസപുരുഷന്മാരോടൊപ്പം സവര്‍ക്കറെന്ന ഒറ്റുകാരന്റെ, ചെയ്യാന്‍ തയ്യാറാണെന്ന് ഒന്നല്ല ഒരുപാടു പ്രാവശ്യം രേഖമൂലം സമ്മതിച്ച് ഒപ്പിട്ടുകൊടുത്ത ഒറ്റുകാരന്റെ ചിത്രം കൂടി സ്ഥാനം പിടിച്ചതോടെ നമ്മുടെ രാജ്യത്തിന്റെ അധോഗതി ഏറെ വേഗത്തിലായി. അതിന്റെ പാരമ്യതയിലാണ് ഭാരത രത്ന അനുവദിക്കണമെന്ന വാദം ഉയർന്നു പൊങ്ങുന്നത്.

ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ ബ്രിട്ടീഷുകാരോട് പോരാടി സ്വന്തം ജീവിതം തൂക്കുമരത്തിലേക്ക് വലിച്ചെറിഞ്ഞ രക്തസാക്ഷി ഭഗത് സിംഗിനെയല്ല, ആറുതവണ മാപ്പെഴുതിക്കൊടുത്ത്, തന്നെ ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ നിന്ന് പുറത്തു വിടുകയാണെങ്കില്‍ ബ്രിട്ടീഷ് സര്‍ക്കാറിനെതിരെ നാട്ടില്‍ നടക്കുന്ന ഒരു വിധത്തിലുള്ള നീക്കങ്ങളിലും പങ്കെടുക്കുകയില്ലെന്നും ബ്രിട്ടീഷുഭരണത്തോട് ഉത്തരവാദിത്തം പുലര്‍ത്തി എല്ലാ വിധ രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും വിട്ടു നിന്നുകൊണ്ട് വിധേയത്വം പ്രകടിപ്പിച്ചുകൊള്ളാമെന്നും ആണയിട്ട സവര്‍ക്കറെയാണ് നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരമുന്നേറ്റങ്ങളുടെ കേന്ദ്രസ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നതെങ്കില്‍ നമ്മുടെ ചരിത്രത്തെ അടപടലേ അട്ടിമറിക്കാന്‍ ഇന്ത്യ ഭരിക്കുന്നവര്‍ ഒരുങ്ങിക്കഴിഞ്ഞുവെന്നാണ് വ്യക്തമാകുന്നത്.

എന്തുകൊണ്ടാണ് ചരിത്രവസ്തുതകളെ വളച്ചൊടിച്ച് തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റിയെടുക്കാനുള്ള ശ്രമം ആറെസ്സെസ്സും കൂട്ടരും നടത്തുന്നതെന്ന് നമുക്കറിയാം. ഇന്ത്യയെ നിര്‍മ്മിച്ച ചരിത്രത്തിലെ സമ്മോഹനമായ മുഹൂര്‍ത്തങ്ങളിലൊന്നും ഹിന്ദുത്വവാദികള്‍ക്ക് ഇടമുണ്ടായിരുന്നില്ല. നമ്മുടെ തെരുവുകള്‍ സ്വാതന്ത്ര്യ സമരോപോരാട്ടങ്ങളില്‍ തിളച്ചു മറിയുമ്പോള്‍ അക്കൂട്ടര്‍ വൈദേശികാധിപത്യത്തെ അംഗീകരിച്ചുകൊണ്ട് അവര്‍ക്കു വേണ്ടി വാഴ്ത്തുപാട്ടുകള്‍ എഴുതുന്ന തിരക്കിലായിരുന്നു 1942 ല്‍ ക്വിറ്റ് ഇന്ത്യാ മുന്നേറ്റത്തിന് പിന്തുണ നല്കണമെന്ന് സാക്ഷാല്‍ മഹാത്മാഗാന്ധിതന്നെ നേരിട്ട് സവര്‍ക്കറോട് ആവശ്യപ്പെട്ടിട്ടും അനുകൂലമായ ഒരു തീരുമാനമെടുക്കാന്‍ അയാള്‍ തയ്യാറായില്ല. എന്നു മാത്രവുമല്ല ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോകുന്നതുവരെ സവര്‍ക്കറും കൂട്ടരും അവര്‍‌ക്കെതിരെ ഇന്ത്യന്‍ ജനത നടത്തിയ ഒരു മുന്നേറ്റത്തിലും പങ്കെടുക്കുകയുണ്ടായില്ല.

നാട്ടുരാജ്യങ്ങളെ ഏകീകരിക്കാന്‍ നടത്തിയ നീക്കങ്ങളിലും സവര്‍ക്കര്‍ എടുത്ത നിലപാട് വ്യത്യസ്തമായിരുന്നു. രാജാക്കന്മാരുടെ കീഴിലേ ഹിന്ദുക്കള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളു എന്ന് അവര്‍ ചിന്തിച്ചു. രാജാക്കന്മാരുടെ അധികാരം ദൈവദത്തമാണെന്നും അതുകൊണ്ടുതന്നെ അതിനെതിരെ ഒരു വിധത്തിലുള്ള നീക്കങ്ങളും നടത്താന്‍ പാടില്ലെന്നുമായിരുന്നു ഹിന്ദുത്വവാദികളുടെ നിലപാട്. എന്നുമാത്രവുല്ല ഇന്ത്യയില്‍ നിന്നും വേറിട്ട് സ്വതന്ത്രരാഷ്ട്രമായിരിക്കാന്‍ തീരുമാനിച്ച തിരുവിതാംകൂറിന്റെ പ്രഖ്യാപനത്തോട് ഐക്യപ്പെട്ടുകൊണ്ട് സവര്‍ക്കര്‍ ദിവാന് കത്തയക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഗാന്ധിവധത്തിലും സവര്‍ക്കര്‍ക്ക് കൈയ്യുണ്ടെന്ന് തെളിയിക്കുന്ന നിര്‍ണായകമായ നിരവധി രേഖകളുണ്ട്. സവര്‍ക്കറുടെ സംഘടനയായ ഹിന്ദു മഹാ സഭയുടെ ഉപദേശനിര്‍‌ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് നാഥുറാം വിനായക് ഗോഡ്സേ ഗാന്ധിയെ കൊല്ലാന്‍ തീരുമാനിക്കുന്നത്. 1948 ജനുവരി മുപ്പതിനു മുമ്പും ഗാന്ധിക്കെതിരെ വധ ശ്രമമുണ്ടായിരുന്നു. ആ ശ്രമങ്ങളില്‍ പങ്കെടുത്തവരുടെ മൊഴികളും സവര്‍ക്കറുടെ പങ്കാളിത്തത്തെക്കുറിച്ച് സൂചന നല്കുന്നുണ്ട്.

ഇങ്ങനെ ഇന്ത്യയെന്ന ആശയത്തിനെതിരെ നിരന്തരം യുദ്ധം ചെയ്തുപോന്ന ഹിന്ദുത്വവാദികളാണ് ഇന്ന് കാണുന്ന ഇന്ത്യയെ നിര്‍മ്മിച്ചത് തങ്ങളാണെന്ന പൊള്ളയായ പുതിയ വാദഗതികളുമായി മുന്നോട്ടു വന്നിരിക്കുന്നത്. ചരിത്രത്തില്‍ തങ്ങളുടെ പങ്കാളിത്തം സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടി വ്യാജമായ അവകാശവാദങ്ങളുടെ പിന്‍ബലത്തില്‍ പുതിയ ചരിത്രം എഴുതാന്‍ അവര്‍ വ്യഗ്രതപ്പെടുന്നു. അത്തരമൊരു നീക്കത്തിന്റെ ഭാഗമാണ് സവര്‍ക്കറെ വെള്ളപൂശാനുള്ള ശ്രമങ്ങളെന്ന് നാം, ഒരു മഹാരാജ്യത്തിന്റെ മതേതര മൂല്യങ്ങളെ പിന്‍പറ്റുന്ന ജനത മനസ്സിലാക്കുക തന്നെ വേണം.

അതുകൊണ്ട് ഭാരത രത്ന പോലെയുള്ള ഒരു അംഗീകാരം സവര്‍ക്കര്‍ക്ക് സമ്മാനിക്കുകയാണെങ്കില്‍ അത് ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റുകാരനുള്ള സമ്മാനമായി മാറുകയാണുണ്ടാവുക എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.