Tue. Nov 5th, 2024
വാഷിംഗ്‌ടൺ:

 
നുണകളോ, തെറ്റായ സന്ദേശങ്ങളോ അടങ്ങിയ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാറുണ്ടെന്നു സമ്മതിച്ചു ഫേസ്ബുക് സ്ഥാപകൻ സക്കർബർഗ്. പക്ഷെ പരസ്യത്തിലെ ഉള്ളടക്കം ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കുവാൻ ഫേസ്ബുക്ക് ഉപയോക്താക്കൾ തന്നെ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

“സത്യങ്ങൾ മാറ്റിമറിക്കപ്പെടുന്നതിൽ തനിക്കു ആശങ്കയുണ്ട്. പക്ഷെ സാമൂഹിക മാധ്യമങ്ങളിൽ ചേർക്കുന്ന വിഷയങ്ങൾ സത്യമാണോ കള്ളമാണോ എന്ന് പരിശോധിക്കുവാനുള്ള ചുമതല ഞങ്ങൾക്കില്ല.” വാഷിങ്ടണിലെ ജോർജ്‌ടൗൺ സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിൽ സക്കർബർഗ് പറഞ്ഞു.

“ടെക് കമ്പനികൾ 100 ശതമാനം ശരിയാണെന്ന് വിധിക്കുന്ന കാര്യങ്ങൾ മാത്രം പോസ്റ്റുചെയ്യാൻ കഴിയുന്ന ഒരു ലോകത്ത് ജീവിക്കാൻ മിക്ക ആളുകളും ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതുന്നില്ല, സമൂഹമാണ് ഏതാണ് ശരിയെന്നും തെറ്റെന്നും കണ്ടെത്തേണ്ടത്.”

“അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതോ അക്രമവാസനകൾ ഉണ്ടാക്കുന്നതോ ആയ ഉള്ളടക്കങ്ങളോ പരസ്യങ്ങളോ ഞങ്ങൾ ഒരു തരത്തിലും അംഗീകരിക്കില്ല. തിരഞ്ഞെടുപ്പു വാർത്തകൾ മാത്രമല്ല ആളുകൾ പരസ്യങ്ങളായി നൽകുന്നത്, അതിലും മുകളിൽ ഒരുപാട് കാര്യങ്ങളുണ്ട്, ഇതാണ് ഞങ്ങൾക്ക് നിയമങ്ങൾ ഉണ്ടാക്കുവാൻ തടസ്സമാകുന്നത്.”

“ആരോഗ്യ പരിരക്ഷയെക്കുറിച്ചോ കുടിയേറ്റത്തെക്കുറിച്ചോ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചോ ഉള്ള പരസ്യങ്ങൾ ഞങ്ങൾ നിരോധിക്കുന്നുണ്ടോ? ഞങ്ങൾ അവ നിരോധിക്കാൻ പോയാൽ, സ്ഥാനാർത്ഥിക്ക് ഒഴികെ ബാക്കി എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം നൽകുന്നത് അർത്ഥശൂന്യമാകില്ലേ?” സക്കർബർഗ് ചോദിച്ചു.

സുക്കർബർഗ് ട്രൂപ്പിനെ പരസ്യമായി പിന്തുണക്കുന്നു എന്ന തെറ്റായ വാർത്തയടങ്ങിയ പരസ്യം സെൻ എലിസബത്ത്‌ വാറൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനു ശേഷമാണ് സക്കർബർഗ്ഗിന്റെ പ്രതികരണം.

ഡാറ്റാ സ്വകാര്യത, ഡാറ്റാ പോർട്ടബിലിറ്റി, ഉള്ളടക്കം, തിരഞ്ഞെടുപ്പ് വിമർശകർ തുടങ്ങിയ വിഷയങ്ങൾ സർക്കാരും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും സംയുക്തമായി അഭിസംബോധന ചെയ്താൽ വൻകിട സാങ്കേതിക സ്ഥാപനങ്ങളെ തകർക്കാനുള്ള ശ്രമം കുറയുമെന്ന് സക്കർബർഗ് തന്റെ പ്രസംഗത്തിൽ പറഞ്ഞു.

“അത് സംഭവിക്കുകയാണെങ്കിൽ, വലിയ കമ്പനികളെ തകർക്കുന്നത് ശരിയായ കാര്യമല്ല എന്ന് ആളുകൾക്ക് മനസിലാവുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.

2018 മാർച്ചിൽ ബ്രിട്ടീഷ് കൺസൾട്ടിംഗ് സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക ദശലക്ഷക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ സമ്മതമില്ലാതെ വിവരങ്ങൾ ശേഖരിക്കുന്നതിന് ഒരു ആപ്ലിക്കേഷൻ ഉപയോഗിച്ചതും തുടർന്ന് ആ വിവരങ്ങൾ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതും സമീപകാലത്തു ഫേസ്ബുക്ക് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നായിരുന്നു.