Wed. Jan 22nd, 2025
 ന്യൂ ഡൽഹി:

 

റെസ്റ്റോറന്റ് അഗ്രിഗേറ്ററും ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുമായ സോമാറ്റോയുടെ മൾട്ടി-സിറ്റി ഫുഡ് ആൻഡ് എന്റർടൈൻമെന്റ് കാർണിവൽ സോമാലാൻഡിന്റെ രണ്ടാം സീസൺ നവംബറിൽ ജയ്പൂരിൽ ആരംഭിക്കും.

ദില്ലി, പൂനെ, ബെംഗളൂരു എന്നിവിടങ്ങളിൽ 2018-19 ലെ അരങ്ങേറ്റത്തിൽ തന്നെ വിപുലമായ ഭക്ഷ്യമേള സംഘടിപ്പിച്ച സൊമാറ്റോ, ഈ നഗരങ്ങൾക്ക് പുറമേ മുംബൈയിലും ഹൈദരാബാദിലും ഈ വർഷം കാർണിവൽ നടത്തും.

ദില്ലി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിൽ മാത്രമല്ലാതെ, ചില നഗരങ്ങളിൽ രണ്ട് ദിവസത്തെ മിനി കാർണിവലുകൾ ‘സോമാലാന്റ് പിക്നിക്’ എന്ന പേരിൽ സംഘടിപ്പിക്കും. ജയ്പൂർ, ചണ്ഡിഗഡ്, കൊൽക്കത്ത, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലായിരിക്കും സോമാലാന്റ് പിക്നിക് സംഘടിപ്പിക്കുന്നത്.

“മികച്ച ഭക്ഷണവും വിനോദവും സമന്വയിപ്പിച്ചു കൊണ്ടുള്ള കാർണിവൽ ആളുകൾ ആവേശത്തോടെ സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോൾ കാർണിവൽ അവരുടെ നഗരങ്ങളിലേക്ക് കൊണ്ടുവരാൻ ഞങ്ങളുടെ ഉപയോക്താക്കളിൽ നിന്ന് നിരവധി അഭ്യർത്ഥനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽ സോമാലാന്റ് ഏഴ് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിൽ സന്തോഷമുണ്ട്,” സൊമാറ്റോയുടെ സ്ഥാപകനും സിഒഒയുമായ ഗൗരവ് ഗുപ്ത പറഞ്ഞു.

ഈ വർഷം ടൊയോട്ട, ടിക് ടോക്ക്, സിംഗപ്പൂർ ടൂറിസം ബോർഡ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് കാർണിവൽ നടക്കാനിരിക്കുന്നത്.

ജയ്പൂർ (നവംബർ 2-3), പൂനെ (നവംബർ 15-17), ചണ്ഡിഗഡ് (നവംബർ 31, ഡിസംബർ 1), ന്യൂഡൽഹി (ഡിസംബർ 13-15), കൊൽക്കത്ത (ഡിസംബർ 28-29), ചെന്നൈ (ജനുവരി 18-19), ബെംഗളൂരു (ജനുവരി 31-ഫെബ്രുവരി 2), ഹൈദരാബാദ് (ഫെബ്രുവരി 14-16), അഹമ്മദാബാദ് (മാർച്ച് 7-8), മുംബൈ (മാർച്ച് 21- 22) എന്നിങ്ങനെയാണ് സോമാലാന്റിന്റെ ഷെഡ്യൂൾ.