Mon. Dec 23rd, 2024
ഷാജഹാൻപൂർ:

 
മുൻ കേന്ദ്രമന്ത്രി ചിൻമയാനന്ദിനെതിരെ ലൈംഗിക പീഡനത്തിന് പരാതി നൽകിയ നിയമ വിദ്യാർത്ഥിനിയെ അഡ്മിഷൻ കാര്യങ്ങൾ പൂർത്തിയാക്കുന്നതിന് ബറേലിയിലെ സർവകലാശാലയിലേക്ക് കൊണ്ടുപോകാൻ പോലീസിന് കോടതിയുടെ അനുമതി.
സുപ്രീം കോടതിയുടെ നിർദേശപ്രകാരം, വിദ്യാർത്ഥിനിയുടെ പിതാവിന്റെ അപേക്ഷ സ്വീകരിച്ച ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്, വിദ്യാർത്ഥിനിയെ മഹാത്മാ ജ്യോതിബ ഫൂലെ രോഹിൽഖണ്ഡ് സർവകലാശാലയിലേക്ക് (എംജെപിആർയു) കൊണ്ടുപോകാൻ ജയിൽ സൂപ്രണ്ടിന് അനുമതി നൽക്കുകയായിരുന്നു.

“ബുധനാഴ്ച ഞങ്ങൾ ജില്ലാ മജിസ്‌ട്രേറ്റിനെ കണ്ടപ്പോൾ ആവശ്യമായ എല്ലാ സഹായങ്ങളും ഞങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ, കോടതിയിൽ നിന്ന് അനുമതി തേടേണ്ടിവരുമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്,” പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

“ചിൻമയാനന്ദിന്റെ സമ്മർദ്ദം കാരണം മിക്ക അഭിഭാഷകരും എന്റെ അപേക്ഷ സമർപ്പിക്കാൻ വിസമ്മതിച്ചു. ഷാജഹാൻപൂരിൽ പ്രാക്ടീസ് ചെയ്യുന്ന മിക്ക അഭിഭാഷകരും ചിൻമയാനന്ദിന്റെ കോളേജിൽ നിന്ന്  ബിരുദം നേടിയവരാണെന്ന് നമുക്കെല്ലാവർക്കും അറിയാം. പിന്നീട് അഭിഭാഷകൻ കൽവീന്ദർ സിംഗാണ് എന്റെ അപേക്ഷ സമർപ്പിക്കാൻ സമ്മതിച്ചത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

അതെ സമയം, ബറേലിയിലെ മറ്റൊരു ലോ കോളേജിൽ യുവതിക്കും അനുജനും പ്രവേശനം ഉറപ്പാക്കാൻ സുപ്രീം കോടതി സെപ്റ്റംബർ 2 ന് അഡീഷണൽ സോളിസിറ്റർ ജനറലിന് നിർദേശം നൽകിയിരുന്നെന്ന് അഭിഭാഷകൻ കൽവീന്ദർ സിംഗ് പറഞ്ഞു.

നിയമ വിദ്യാർത്ഥിനിയെ ജില്ലാ ജയിലിൽ പാർപ്പിച്ചതിനാൽ പ്രവേശനത്തിനായി ബറേലിയിൽ ഹാജരാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും താൻ സമർപ്പിച്ച അപേക്ഷ സർക്കാർ അഭിഭാഷകൻ സമർപ്പിക്കേണ്ടതായിരുന്നു എന്നും കൽവീന്ദർ സിംഗ് അഭിപ്രായപ്പെട്ടു.

എന്നാൽ, വിദ്യാർത്ഥിനിയുടെ പ്രവേശനത്തിന്റെ ഉത്തരവാദിത്തം കുടുംബത്തിനാണെന്നും, പ്രവേശനം അവരുടെ വ്യക്തിപരമായ പ്രശ്നമായതിനാൽ അവളെ ബറേലിയിലേക്ക് അയയ്ക്കാൻ അനുമതി തേടി അവർ കോടതിയെ സമീപിക്കേണ്ടതാണെന്നും ഷാജഹാൻപൂർ ജില്ലാ മജിസ്‌ട്രേറ്റ് ഇന്ദ്ര വിക്രം സിംഗ് പറഞ്ഞു.

ലൈംഗിക പീഡനം ആരോപിച്ച് ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസിൽ കൂട്ടുപ്രതികളിലൊരാളായ സഞ്ജയിയുടെ ജാമ്യാപേക്ഷ ജില്ലാ ജഡ്ജി നേരത്തെ തള്ളിയിരുന്നു.

വിദ്യാർഥിനിക്കെതിരെയും സുഹൃത്ത് സഞ്ജയ്, വിക്രം, സച്ചിൻ എന്നിവർക്കെതിരെയും കൊള്ളയടിക്കൽ, ഭീഷണിപ്പെടുത്തൽ, തെളിവുകളുടെ തിരോധാനം, തുടങ്ങി ഐപിസിയിലെ  വിവിധ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.