Fri. Nov 22nd, 2024
ശ്രീനഗർ :

ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രകടനം നടത്തിയ, മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ സഹോദരി സുരയ്യ, മകൾ സഫിയ തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു. “കാശ്മീരി വധുക്കളെ വില്പനയ്ക്ക് വച്ചിട്ടില്ല”, “എന്തുകൊണ്ട് കാശ്മീരിനെ തരം താഴ്ത്തുന്നു” തുടങ്ങിയ പ്ലക്കാർഡുകൾ വഹിച്ചുകൊണ്ടായിരുന്നു 20 ഓളം വരുന്ന സ്ത്രീകളുടെ പ്രതിഷേധം. ഇവർ മാധ്യമ പ്രവർത്തകർക്ക് പ്രസ്താവന നല്കുന്നതിനിടെയാണ് അറസ്റ്റ് നടന്നത്.

“ഞങ്ങൾ സന്തുഷ്ടരാണെന്ന് ഇന്ത്യൻ സർക്കാർ ലോകത്തോട് പറയുന്നു, എന്നാൽ ഞങ്ങളോട് സംസാരിച്ചാൽ മാത്രമേ എന്താണ് അവസ്ഥയെന്ന് മനസ്സിലാകൂ, ഞങ്ങൾക്ക് സന്തോഷമില്ല, ഇവിടെ എല്ലാത്തിനും നിയന്ത്രണങ്ങളാണ്, ഈ പ്രശ്നങ്ങളാണ് ഞങ്ങൾ ഉയർത്തിക്കാട്ടുന്നത്.” അക്കാദമീഷ്യൻ ഹഫ ബഷീർ പറയുന്നു.

കാശ്മീരിന് പ്രത്യേക പദവി അനുശാസിക്കുന്ന ഭരണഘടനയിലെആർട്ടിക്കിൾ 370, 35 എ എന്നിവ റദ്ദാക്കിയ നടപടി അംഗീകരിക്കുന്നില്ലെന്നും പ്രകടനത്തിൽ പങ്കെടുത്ത സ്ത്രീകൾ അഭിപ്രായപ്പെട്ടു. അതെ സമയം, തടവിൽ  കഴിയുന്നവരുടെ നിലവിലെ സ്ഥിതി അറിയാനുള്ള പ്രതിഷേധമാണ് ഞങ്ങളുടേതെന്ന് അക്കാദമീഷ്യനായ മുസ്‌ലിം ജാൻ പറഞ്ഞു.

പൗരസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടതിന്റെ പേരിലാണ് ഞങ്ങൾ വഞ്ചനകൾക്കും ലംഘനങ്ങൾക്കും വിധേയരാകുന്നത്. ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിൽ നിന്നും സൈനികരെ പിൻവലിക്കണമെന്നും, തടവിൽ കഴിയുന്നവരെ എത്രയും പെട്ടെന്ന് തന്നെ മോചിപ്പിക്കണമെന്നുമാണ്ഞങ്ങളുടെ ആവശ്യം. അതോടൊപ്പം ദേശീയ മാധ്യമങ്ങൾ യാഥാർഥ്യങ്ങൾ വളച്ചൊടിക്കുന്നതിനെതിരെയുമാണ് ഞങ്ങളുടെ പ്രതിഷേധം” സമരക്കാർ പറയുന്നു.

പൊതു സുരക്ഷാ നിയമ പ്രകാരം ഫാറൂഖ് അബ്ദുള്ളയെ ശ്രീനഗറിലുള്ള വീട്ടിൽ തടങ്കലിലാക്കിയിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തിന്റെ മകൾ സഫിയ പ്രതിഷേധ സൂചകമായി വീടിനു മുന്നിൽ കരിങ്കൊടി നാട്ടുകയും ചെയ്തു. 2016 മുതൽ ഫാറൂഖ് അബ്ദുള്ള നടത്തുന്ന നിയമ വിരുദ്ധ പ്രസ്‌താവനകൾ ഉദ്ധരിച്ചുകൊണ്ടാണ് ജമ്മു കാശ്മീർ ഭരണകൂടം അദ്ദേഹത്തിന്റെ വീട്ടു തടങ്കലിനെ ന്യായീകരിക്കുന്നത്. ഫാറൂഖ് അബ്ദുള്ളയുടെ മകനും, മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള ഹരി നിവാസിൽ തടവിലാണ്. ഫാറൂഖിന്റെ സഹോദരൻ, നാഷനൽ കോൺഫറൻസിലെ മുതിർന്ന നേതാവ് മുസ്തഫ കമാലും സ്വന്തം വീട്ടിൽ തടവിൽ കഴിയുകയാണ്.