Tue. Nov 5th, 2024
അമരാവതി:

പ്രകടന പത്രികയുടെ ഭാഗമായിരുന്ന ‘വൈ എസ് ആർ റൈതു ഭരോസ – പി എം കിസാൻ’ പദ്ധതി ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്‌ഡി ഉത്‌ഘാടനം ചെയ്തു. പദ്ധതി മൂലം ഒരു വർഷം 1300 കോടിയുടെ ധന സഹായമാണ് കർഷകർക്ക് ലഭിക്കുന്നത്.

നെല്ലൂർ ജില്ലയിലെ കാകുട്ടൂർ ഗ്രാമത്തിൽ നടന്ന ചടങ്ങിൽ ആദ്യ ചെക്ക് കൈമാറിക്കൊണ്ടാണ് മുഖ്യമന്ത്രി പദ്ധതി ഉത്‌ഘാടനം ചെയ്‌തു.

ആന്ധ്രാപ്രദേശിലെ 54 ലക്ഷത്തിലധികം വരുന്ന സ്വന്തമായി ഭൂമി ഉള്ളതും ഇല്ലാത്തതുമായ കർഷകർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. പദ്ധതിയുടെ ഭാഗമായുള്ള തുക കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിക്കുന്ന തരത്തിലാണ് രൂപം നൽകിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് സമയത്തു നൽകിയ വാഗ്ദാനം ആയ 12500 രൂപയുടെ ധനസഹായം ആയിരം രൂപ കൂടി ഉയർത്തുന്നതായി മുഖ്യമന്ത്രി റെഡ്‌ഡി തന്റെ ഉത്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.

എന്തൊക്കെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടാലും അടുത്ത അഞ്ചു വർഷത്തേക്ക് പദ്ധതി നടപ്പിലാക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, കഴിഞ്ഞ സർക്കാർ നടത്തിയ സർവേയിൽ നാൽപ്പത്തിമൂന്നു ലക്ഷം കർഷകരെ മാത്രമേ ഉൾപ്പെടുത്തുവാൻ കഴിഞ്ഞിട്ടുള്ളുവെന്നും തന്റെ സർക്കാർ നടത്തിയ സർവേയിൽ വിട്ടുപോയ മുഴുവൻ കർഷകരെയും ഉൾപ്പെടുത്തി ഏകദേശം അമ്പത്തിമൂന്നു ലക്ഷത്തോളം എത്തി ചേർന്നുവെന്നും അദ്ദേഹം കൂട്ടി ചേർത്തു.

“കർഷകർക്കായി ഇത്ര വലിയ സാമ്പത്തിക സഹായ പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ഒരേ ഒരു സംസ്ഥാനം ആന്ധ്രാപ്രദേശ് ആണ്. മൊത്തം അമ്പത്തി നാലു ലക്ഷത്തിൽ മൂന്നു ലക്ഷത്തോളം കർഷകർ പട്ടിക ജാതി, പട്ടിക വർഗ്ഗത്തിലും, ന്യുനപക്ഷ വിഭാഗത്തിലും പെടുന്നവരാണ്.

2020 മെയ് മാസത്തോടെ നടത്തുവാൻ ഉദ്ദേശിച്ച പദ്ധതി വാഗ്ദാനം ചെയ്തതിലും എട്ടു മാസം മുൻപേ തന്നെ പ്രയോഗത്തിൽ വരുത്തുവാൻ സാധിച്ചു. പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ ഉപയോക്താക്കളായിട്ടുള്ള കർഷകർക്ക് അവർ നല്കുന്ന ആറായിരം രൂപയുടെ സാമ്പത്തിക സഹായത്തിനു പുറമെയുള്ള തുക സംസ്ഥാന സർക്കാർ വഹിക്കും. പദ്ധതിയിൽ അംഗമാകാത്ത കർഷകർക്ക് മുഴുവൻ ധന സഹായവും സംസ്ഥാന സർക്കാർ തന്നെ നൽകും. പദ്ധതിയിൽ പെട്ട കർഷകർക്ക് ആദ്യ ഗഡു ആയ 2000 രൂപ കഴിഞ്ഞ ജൂണിൽ നൽകിയിരുന്നു രണ്ടാമത്തെ ഗഡു 9500 രൂപ ഉടനെയും മൂന്നാമത്തെ ഗഡു സങ്ക്രാന്തിക്ക് മുന്നേ ആയും നൽകും.

അടുത്ത വർഷം മുതൽ ആദ്യ ഗഡു ആയി 7500 രൂപ ഖരീഫ് ഉത്സവത്തിന് തുടക്കമായിട്ടും, രണ്ടാമത്തെ ഗഡു 4000 രൂപ ഒക്ടോബർ മാസത്തിലും മൂന്നാമത്തെ ഗഡു 2000 രൂപ സംക്രാന്തിയിലും കൊടുക്കുമെന്ന്” മുഖ്യമന്ത്രി പറഞ്ഞു.