Sun. Dec 22nd, 2024
ശ്രീനഗർ:

 

എഴുപതു ദിവസങ്ങൾക്കു ശേഷം കാശ്മീരിൽ മൊബൈൽ സേവനങ്ങൾ പുനഃസ്ഥാപിച്ചു. ആർട്ടിക്കിൾ 370 പിൻവലിച്ച കഴിഞ്ഞ ആഗസ്ത് അഞ്ചാം തിയതി മുതൽ കാശ്മീരിൽ മൊബൈൽ സേവനങ്ങൾ നിർത്തിവെച്ചിരിക്കുകയായിരുന്നു.

പരസ്പരം വിളിക്കുവാൻ പോലും കഴിയാതെ ഇരുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മൊബൈൽ സേവനങ്ങൾ പുനഃസ്ഥാപിച്ചതിലൂടെ വലിയ ആശ്വാസമാണ് ഉണ്ടായത്.

“ഇത് ഞങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഇപ്പോഴാണ് ശിലായുഗത്തിൽ നിന്നും ഈ കാലഘട്ടത്തിലേക്ക് ഞങ്ങൾ തിരികെയെത്തിയത്.” ബഷീർ അഹമ്മദ് അഭിപ്രായപ്പെട്ടു.

“മൊബൈൽ ഫോൺ സേവനങ്ങൾ തിരികെ ലഭിച്ചതിലൂടെ കാശ്മീർ താഴ്വരയിലെ മാതാപിതാക്കൾക്കും, ഉദ്യോഗസ്ഥർക്കും, ബിസിനസ്സുകാർക്കും അവരുടെ ഉത്കണ്ഠകൾ കുറയ്ക്കുവാൻ സാധിച്ചു, അത് പോലെ തന്നെ കുട്ടികളെ സ്കൂളുകളിൽ അയക്കുവാനും ഇനി കാര്യങ്ങൾ കൂടുതൽ എളുപ്പമാവും.” ഐഎഎൻഎസിലെ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

“കാശ്മീരിൽ പ്രൈവറ്റ് വാഹന ഉടമകളെയാണ് നിരോധനം ഒരുപാട് ബാധിച്ചത്, പ്രൈവറ്റ് ടാക്സികൾ പലപ്പോഴും മുടങ്ങി എന്നാൽ ഈ തീരുമാനത്തോടെ കാശ്മീരിലെ ഗതാഗത സംവിധാങ്ങൾ പഴയവിധമാകും.” അദ്ദേഹം കൂട്ടിച്ചേർത്തു.

കശ്മീരിലെ പോസ്റ്റോഫീസുകളിലും, ഹോട്ടലുകളിലും, പാതയോരങ്ങളിലും ആളുകൾ മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന കാഴ്ചകൾ കാണുന്നു. കുറെ നാളുകൾക്കു ശേഷം മൊബൈൽ സംവിധാനം തിരികെ കിട്ടിയതിന്റെ ആശ്വാസം എല്ലാവരുടെയും മുഖങ്ങളിൽ പ്രകടമാണ്.

“മൊബൈൽ ഫോൺ ലാൻഡ് ലൈൻ സേവനങ്ങൾ മാത്രമാണ് ഇപ്പോൾ പുനഃസ്ഥാപിച്ചിരിക്കുന്നത്. ഇന്റർനെറ്റ് സേവനങ്ങൾക്കൂടി പുനഃസ്ഥാപിച്ചാൽ മാത്രമേ ഞങ്ങളുടെ വാർത്താവിനിമയം പഴയപടിയിൽ എത്തുകയുള്ളൂ.” കാശ്മീർ യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാർത്ഥി സുബൈർ അഭിപ്രായപ്പെട്ടു.