ഹൈദരാബാദ് :
തെലങ്കാന ആർടിസിയിൽ ജീവനക്കാരുടെ സമരം ഒൻപതാം ദിവസത്തിലേക്ക് കടക്കവെ ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ ആത്മഹത്യകളുടെ എണ്ണം കൂടുന്നു. കണ്ടക്ടറായ സുരേന്ദർ ഗൗഡ് ആണ് ഞായറാഴ്ച തൂങ്ങി മരിച്ചത്. ടിആർടിസി ജീവക്കാരിൽ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെയാളാണ് സുരേന്ദർ ഗൗഡ്. കർവാൻ മേഖലയിലുളള വീട്ടിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സർക്കാർ നിശ്ചയിച്ച സമയ പരിധിയ്ക്ക് മുൻപ് ജോലിയിൽ പ്രവേശിക്കാത്ത 48,000 ത്തോളം ജീവനക്കാരെ പിരിച്ചു വിടാനും, പകരം പുതിയ ജീവനക്കാരെ നിയമിക്കാനും മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നിർദേശിച്ചതിനു പിന്നാലെയാണ് തെലങ്കാനയിൽ ആർടിസി ജീവനക്കാർ സമരത്തിലേക്ക് നീങ്ങിയത്. ജോലിക്കാര്യത്തിലുള്ള അനിശ്ചിതത്വവും, ശമ്പളം കിട്ടാത്തതിനാൽ ഹൗസിങ് ലോൺ മുടങ്ങിയതുമാണ് സുരേന്ദർ ഗൗഡ് ആത്മഹത്യ ചെയ്യാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം. അതെ സമയം, തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഡ്രൈവർ ശ്രീനിവാസ റെഡ്‌ഡി ഞായറാഴ്ച അപ്പോളോ ഡിആർഡിഒ ആശുപത്രിയിൽ വച്ചായിരുന്നു മരിച്ചത്. ശ്രീനിവാസ റെഡ്‌ഡിയുടെ മരണത്തിൽ പ്രതിഷേധിച്ച് അപ്പോളോ ആശുപത്രി പരിസരം സംഘർഷ ഭരിതമായിരുന്നു.
സർക്കാർ നടപടികളിൽ പ്രധിഷേധിച്ച് പ്രതിപക്ഷ പാർട്ടികളും ടിആർടിസി ജീവനക്കാരും ബസ് സർവീസുകൾ തടയുകയും, ബസുകൾക്കു നേരെ കല്ലെറിയുകയും ചെയ്തു. അതെ സമയം സമരക്കാരുമായി ചർച്ചയിൽ പങ്കെടുക്കാൻ താൻ തയ്യാറല്ലെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അറിയിച്ചിട്ടുണ്ട്. വരുന്ന മൂന്നു ദിവസത്തിനുള്ളിൽ മുടങ്ങിപ്പോയ ബസ് സർവീസുകൾ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകിക്കഴിഞ്ഞു. എന്നാൽ റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങൾക്ക് പുറമെ ജീവനക്കാർ ആത്മഹത്യക്ക് ശ്രമിക്കുന്നതും ആശങ്കൾക്ക് വഴിവെക്കുന്നു.