Wed. Jan 22nd, 2025
തൃശ്ശൂർ:

സുഹൃത്തെ,
നമ്മുടെ രാജ്യത്ത് ദലിതുകൾക്കും, മുസ്ലീംങ്ങൾക്കു നേരെ വർദ്ധിച്ചു വരുന്ന ആൾക്കൂട്ട ആക്രമണങ്ങളിലും, കൊലപാതങ്ങളിലും, ഉത്കണ്ഠ രേഖപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയ വ്യത്യസ്ഥ മേഖലകളിൽ പ്രതിഭ തെളിയിച്ച സാമൂഹിക- സാംസ്കാരിക പ്രവർത്തകർക്ക് നേരെ രാജ്യ ദ്രോഹക്കുറ്റം ചുമത്തി കേസ്സെടുത്തിരിക്കുന്നു.
അഭിഭാഷകനായ സുധീർ ഓഝയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബീഹാർ സിജെഎം കോടതിയിൽ സൂര്യകാന്ത് തിവാരി ഓഗസ്റ്റ് 20- ന് പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 (A) പ്രകാരം കേസ്സെടുത്തിരിക്കുന്നത്.
ബ്രിട്ടീഷ് കോളനി വാഴ്ചക്കാലത്ത് സ്വാതന്ത്ര്യ സമര പോരാളികൾക്ക് നേരെ ഉപയോഗിച്ച ഒരു നിയമമാണിന്ന് അഭിപ്രായങ്ങൾ തുറന്ന് പറയുകയും, ചില ആശങ്കകളിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്തവർക്ക് നേരെ ഉപയോഗിച്ചിരിക്കുന്നത്.
അപകീർത്തിപ്പെടുത്തലിന്റെയും രാജ്യദ്രോഹത്തിന്റെയും, മാനദണ്ഡമെന്താണ്? “പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തുന്നതിനു വേണ്ടിയാണ് ഈ നിയമം രൂപീകരിച്ചിട്ടുള്ളത് എന്നാണ് ഗാന്ധി പോലും ഈ നിയമത്തെ വിശേഷിപ്പിച്ചത്.”

അടൂർ ഗോപാലകൃഷ്ണൻ, ശ്യാംബെനഗൽ, രാമചന്ദ്രഗുഹ, മണിരത്നം, രേവതി, ആശ അച്ചി ജോസഫ്, അനുരാഗ് കശ്യപ്, അപർണാ സെൻ, അനുപം റോയ്, കൗശിക് സെൻ, ബിനായ് സെൻ, ശിവജി ബസു, സുമൻ ഘോഷ് സൗമിത്ര ചാറ്റർജി, കനികുസൃതി, കൊങ്കണ സെൻ ശർമ്മ ഉൾപ്പെടെ 49 പേർക്കെതിരെയാണ് കേസ്സെടുത്തിട്ടുള്ളത്. ഈ നടപടി
നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന വിപത് സൂചകമായി കരുതേണ്ടിയിരിക്കുന്നു.

ഈ നടപടിയിൽ ഞങ്ങൾ പ്രതിഷേധിക്കുന്നു.
ഒക്ടോബർ 9 ന് 4 മണിക്ക് തൃപ്രയാർ ബസ് സ്റ്റാന്റ് പരിസരത്ത് വിവിധ സാംസ്കാരിക സംഘടനകളും, സാംസ്കാരിക പ്രവർത്തകരും, ഒത്തുചേരുന്നു. എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കാളികളാവാൻ വിനീതമായി അഭ്യർത്ഥിക്കുന്നു.

[ജന ചിത്ര ഫിലിം സൊസൈറ്റി, സ്ക്രീൻ വാടാനപ്പള്ളി, ഛായം സിനിമാ സോഷ്യൽ ഫോറം, തയ്യർ തിയ്യാത്ര നാടക സംഘം, ജീവൻ കലാവേദി, സ്പെയ്സ് തൃപ്രയാർ, ദിശ, നന്മ, അധിനിവേശ പ്രതിരോധ സമിതി, പുരോഗമന-കലാ-സാഹിത്യ സംഘം, യുവ കലാ സാഹിതി, കൾച്ചറൽ ഫോറം, ഡയലോഗ് കൾച്ചറൽ സെന്റർ, സംസ്കാര സാഹിതി, ശാസ്ത്ര സാഹിത്യ പരിഷത്ത്, ഗാന്ധി തീരം ഫൗണ്ടേഷൻ.]