Wed. Apr 24th, 2024
#ദിനസരികള്‍ 905

ഗാന്ധിയും ആര്‍എസ്എസും ചരിത്ര രേഖകളിലൂടെ എന്ന പേരില്‍ രാമചന്ദ്ര ഗുഹ എഴുതിയ ലേഖനം, വര്‍ത്തമാന കാലത്ത് ഉയര്‍ന്നു കേട്ട ഏറ്റവും ആര്‍ജ്ജവമുള്ള ഒന്നാണെന്ന് പറയാതെ വയ്യ. ഗാന്ധി ആറെസ്സെസ്സിനേയും അവര്‍ ഗാന്ധിയേയും എങ്ങനെയാണ് കണ്ടിരുന്നതെന്ന് സുവ്യക്തമാക്കുന്ന ഗുഹ തന്റെ ലേഖനം ആരംഭിക്കുന്നത് ഇങ്ങനെയാണ് “മഹാത്മാ ഗാന്ധിയുടെ 150 –ാം ജന്മവാര്‍ഷികത്തിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഈ ലേഖനം എഴുതുന്നത്.

രാഷ്ട്രീയ സ്വയം സേവക് സംഘ് നമ്മുടെ രാഷ്ട്രീയ പൊതുജീവിതങ്ങളില്‍ ആധിപത്യം നേടുകയും ആറെസ്സെസ്സിന്റെ മുന്‍ പ്രചാരകന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലിരിക്കുകയും ചെയ്യുന്ന സമയത്താണ് ഈ വാര്‍ഷികം ആചരിക്കപ്പെടുന്നത്. പ്രധാനമന്ത്രിയും ആറെസ്സെസ്സുമായി ബന്ധമുള്ളവരെല്ലാം തന്നെ ഒക്ടോബര്‍ രണ്ടിന് ഗാന്ധിയെക്കുറിച്ച് നല്ല കാര്യങ്ങള്‍ പറയും.അതിനാല്‍ ഇക്കാര്യത്തിലെ ചരിത്ര രേഖകള്‍  എന്തൊക്കെയാണെന്ന് വായനക്കാരെ ബോധ്യപ്പെടുത്തുന്നത് നല്ലതാണ്.”

ആറെസ്സെസ്സ് ഗാന്ധിയെക്കുറിച്ച് അനുസ്മരണ ആഭാസങ്ങള്‍ നടത്തുന്നതിന് മുമ്പാണ് ഗുഹ ഇക്കാര്യം സൂചിപ്പിക്കുന്നതെന്നത് ശ്രദ്ധിക്കുക. അതിനു ശേഷം നാം എന്തൊക്കെ കണ്ടു? ആറെസ്സെസ്സിന്റെ മേധാവി, സര്‍സംഘചാലക് മോഹന്‍ ഭഗവത് തന്നെ ഗാന്ധിസ്തുതികളുമായി നമ്മുടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു്  ഗാന്ധിയേയും അദ്ദേഹത്തിന്റെ ആശയങ്ങളേയും ഉള്‍‌ക്കൊള്ളാന്‍ ആഹ്വാനം ചെയ്തു. എന്തൊരു വിരോധാഭാസം, മറ്റാരെയുംകാള്‍ തങ്ങള്‍ ഗാന്ധിയെ മനസ്സിലാക്കുന്നുവെന്ന് അവര്‍ ജനങ്ങളെ വിശ്വസിപ്പിക്കാന്‍ കൊണ്ടു പിടിച്ച് ശ്രമിക്കുന്നു. ഗാന്ധിഘാതകരായ ആറെസ്സെസ്സുകാര്‍ ഗാന്ധിഭക്തരാകുന്ന അവസ്ഥ. ഈ സാഹചര്യത്തില്‍ ഗാന്ധി ആറെസ്സെസ്സിനെക്കുറിച്ചും തിരിച്ചും കരുതിയിരുന്നതെന്താണെന്ന് മനസ്സിലാക്കുന്നത് ചരിത്രത്തോട് നീതിപുലര്‍ത്താന്‍ സഹായിക്കും.

ആറെസ്സെസ്സിന്റെ പ്രവര്‍ത്തനും പരിപൂര്‍ണമായും സുതാര്യമായ ഒന്നല്ലെന്ന് ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ മതേതരമായ ഒരു പൊതുസമൂഹത്തിന്റെ നിലനില്പിന് ഭീഷണയാകുന്ന വിധനം പ്രവര്‍‌ത്തിക്കുന്നവരാണെന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ട്. എന്നുമാത്രവുമല്ല ആറെസ്സെസ്സിന്റെ മുഖമുദ്ര തന്നെ മുസ്ലിംവിരോധമാണെന്ന് 1947 സെപ്തംബറില്‍ ആറെസ്സെസ്സ് പ്രവര്‍ത്തകരെ കണ്ട ഗാന്ധി അവരോട് ഹിന്ദുമതമെന്നത് പ്രത്യേകമൊരു മതമല്ലെന്നും ഇസ്ലാമിനോട് കലഹിക്കേണ്ടതായ ഒരു സാഹചര്യവുമില്ലെന്നും എടുത്തു പറഞ്ഞു. എന്നാല്‍ ഗന്ധിയോടുള്ള തങ്ങളുടെ നിലപാട് ഓരോ ഘട്ടത്തിലും ആറെസ്സെസ്സ് കടുപ്പിച്ചുകൊണ്ടേയിരുന്നു.

ഹിന്ദു മുസ്ലിം ഐക്യത്തെ ഊട്ടിയുറപ്പിക്കാന്‍ അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ അവരെ തീവ്രമായി ചൊടിപ്പിച്ചു. 1947 സെപ്തംബറില്‍ ഗാന്ധി കല്‍ക്കട്ടയില്‍ നടത്തിയ ഉപവാസസമരത്തെക്കുറിച്ച് ഓര്‍ഗനൈസര്‍ എഴുതിയത് ഗുഹ ചൂണ്ടിക്കാണിക്കുന്നുണ്ട് – റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ നീറോ വീണ മീട്ടുകയായിരുന്നു. അതേ ചരിത്രമിതാ നമ്മുടെ കണ്‍മുന്നില്‍ ആവര്‍ത്തിക്കപ്പെടുന്നു.

കല്‍ക്കട്ടയില്‍ അല്ലാഹു അക്ബര്‍ എന്നു കരഞ്ഞുകൊണ്ട് മുസ്ലിംകളെ മുസ്ലിംകളെ സ്തുതിക്കുന്ന ഗാന്ധി ഹിന്ദുക്കളോടും അത് ആവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. ഇതേസമയം പഞ്ചാബില്‍ ഇസ്ലാമിന്റെ പേരില്‍ അല്ലാഹു അക്ബര്‍ എന്നു വിളിച്ചുകൊണ്ട് നാണംകെട്ട രീതിയില്‍ ക്രൂരമായ അക്രമങ്ങള്‍ അരങ്ങേറുകയാണ്” എന്നാണ് ഓര്‍ഗനൈസര്‍ എഴുതിയത്.

ഇന്ത്യയില്‍ നിന്നും പുറത്താക്കപ്പെടേണ്ടവരായ മുസ്ലിംങ്ങളെ സഹായിക്കുന്നത് ഗാന്ധിയാണെന്ന് ആറെസ്സെസ്സ് വിശ്വസിച്ചു. വിഭജനത്തോടെ ഇന്ത്യ ഹിന്ദുക്കളുടേതുമാത്രമാകുമെന്ന സ്വപ്നം കണ്ടിരുന്ന അവര്‍ അദ്ദേഹത്തിന്റെ നിലപാടുകളില്‍ അമര്‍ഷംകൊണ്ടു. ഏറ്റവും താഴ്ന്ന തലംമുതല്‍ അന്നത്തെ സര്‍സംഘചാലക് എം എസ് ഗോള്‍വര്‍ക്കര്‍ വരെ ഗാന്ധിവിരോധത്തില്‍ തിളച്ചു.

ഗാന്ധി തങ്ങളുടെ പദ്ധതികളെയെല്ലാം നിഷ്ഫലമാക്കുന്നുവെന്നായിരുന്ന അവര്‍ ചിന്തിച്ചു 1947 – 48 കാലങ്ങളിലെ ആറെസ്സെസ്സിന്റെ എല്ലാ യോഗങ്ങളും കടുത്ത തരത്തിലുള്ള ഗാന്ധിവിരോധംകൊണ്ട് നിറഞ്ഞതായിരുന്നു. 1947 ല്‍ ഗോള്‍വര്‍ക്കര്‍ നടത്തിയ ഒരു പ്രസംഗം ഇങ്ങനെയായിരുന്നു “മുസ്ലീങ്ങളെ ഇന്ത്യയില്‍ നിലനിറുത്താന്‍ ഭൂമിയിലെ ഒരു ശക്തിക്കും സാധിക്കുകയില്ല.അവര്‍ ഈ രാജ്യം വിട്ടുപോയെ മതിയാവൂ.

തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന് വോട്ടുകിട്ടാന്‍ വേണ്ടിയാണ് മുസ്ലീങ്ങളെ ഗാന്ധി ഇന്ത്യയില്‍ പിടിച്ചു നിറുത്തുന്നത്. പക്ഷേ തിരഞ്ഞെടുപ്പുകാലമാകുമ്പോഴേക്കും ഒരൊറ്റ മുസ്ലിമും ഇന്ത്യയില്‍ അവശേഷിക്കുകയില്ല. ഇത്തരക്കാരെ ഒറ്റയടിക്ക് നിശ്ശബ്ദരാക്കാന്‍ ഞങ്ങള്‍ക്ക് മാര്‍ഗ്ഗങ്ങളുണ്ട്.” എത്ര ക്രൂരമായ രീതിയിലാണ് അവര്‍ ചിന്തിച്ചിരുന്നതെന്ന് ഈ പ്രസംഗം വ്യക്തമാക്കുന്നു.

ആറെസ്സെസ്സ് പ്രചരിപ്പിച്ച ഇത്തരം ഗാന്ധിവിരുദ്ധ ചിന്തയാണ് നാഥുറാം വിനായക് ഗോഡ്സേയെ സൃഷ്ടിച്ചത്. ആഗ്രഹിച്ചത് നടപ്പിലാക്കാന്‍ ഗോഡ്സേ വഴി  ആറെസ്സെസ്സിന് കഴിഞ്ഞു. 1948 ജനുവരി മുപ്പതിന് ഗോഡ്സേ എന്ന ആറെസ്സെസ്സുകാരന്‍ മഹാത്മയെ വെടിവെച്ചു വീഴ്ത്തി.ചരിത്രത്തിലെ ഒരു ഘട്ടത്തിലും ആറെസ്സെസ്സും ഗാന്ധിയും ഒരേ വഴിയെ സഞ്ചരിച്ചിട്ടില്ല. എന്നു മാത്രവുമല്ല ആറെസ്സെസ്സിനെ ഗാന്ധി എന്നും സംശയത്തോടെയാണ് വീക്ഷിച്ചത്.

അവര്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്ന ഹിന്ദുരാജ്യമെന്ന സങ്കല്പം ഗാന്ധിക്ക് ഒരിക്കലും സ്വീകാര്യമായിരുന്നില്ല. അതുകൊണ്ട് അവരുടെ നിലപാടുകളെ ഗാന്ധി നഖശിഖാന്തം എതിര്‍ത്തുപോന്നു. അവസാനം അതേ ആറെസ്സെസ്സുകാര്‍ തന്നെ അദ്ദേഹത്തിന്റെ ജീവനെടുക്കുകയും ചെയ്തു.

ഈ ആറെസ്സെസ്സാണ് ഇന്ന് ഗാന്ധിഭക്തരായി നമുക്കു മുന്നില്‍ നിറഞ്ഞാടുന്നത്. ഗാന്ധി എന്ന പേരുച്ചരിക്കുവാന്‍ പോലും യോഗ്യതയില്ലാത്തവര്‍ നമ്മുടെ കവലകള്‍ തോറും ഗാന്ധിസ്തുതികള്‍ പാടുന്നത്. ഓരോ ആറെസ്സെസ്സുകാരനും ഗാന്ധി എന്ന് ഉച്ചരിക്കുന്ന നിമിഷം അദ്ദേഹം വീണ്ടും കൊല്ലപ്പെടുകയാണെന്ന് , ഇന്ത്യയുടെ മതനിരപേക്ഷമായ ആത്മാവിലേക്ക് ഒരു വെടിയുണ്ട കൂടി തുളച്ചു കയറുകയാണെന്ന് ഈ മഹാരാജ്യത്തിലെ ജനത എന്ന നിലയില്‍ നാം തിരിച്ചറിയുക തന്നെ വേണം.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.