Sun. Nov 17th, 2024
തിരുവനന്തപുരം:

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ടുള്ള തുടരന്വേഷണത്തിനായി അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഏറെ വെല്ലുവിളികളുള്ള കേസായതിനാല്‍ അന്വേഷണ സംഘത്തില്‍ ഏറ്റവും മികച്ച ഉദ്യോഗസ്ഥരെ തന്നെ ഉള്‍പ്പെടുത്തുമെന്നും ഡിജിപി പറഞ്ഞു.

നേരിട്ടും അല്ലാതെയും ഈ കേസുമായി ബന്ധപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്യേണ്ടതുണ്ട്. കേസിലെ മുഖ്യ പ്രതിയായ ജോളിക്ക് സയനൈഡ് എങ്ങനെ ലഭിച്ചു എന്ന കാര്യം പ്രത്യേകം തന്നെ അന്വേഷിക്കും.
കൊലപാതകങ്ങള്‍ നടന്നിട്ട് വര്‍ഷങ്ങളായതിനാല്‍ ശാസ്ത്രീയമായ തെളിവുകള്‍ പ്രധാനമാണ്. ഡിഎന്‍എ പരിശോധന അമേരിക്കയില്‍ നടത്താന്‍ തീരുമാനിച്ചതും ഇതിനു വേണ്ടിയാണ്. ശാസ്ത്രീയമായ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി അതിനുള്ള വിദഗ്ധരെയും സംഘത്തില്‍ ഉള്‍പ്പെടുത്തുമെന്നും ഡിജിപി പറഞ്ഞു.

നിലവില്‍ കേസിന്റെ അന്വേഷണത്തിന് മേല്‍ നോട്ടം വഹിക്കുന്ന കോഴിക്കോട് റൂറല്‍ എസ് പി കെ.ജി. സൈമണുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.