വായന സമയം: < 1 minute
തൃശൂര്‍:

പാവറട്ടിയില്‍ കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ട പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ ജബ്ബാര്‍, അനൂപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ നിധിന്‍ മാധവ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത മലപ്പുറം തിരൂര്‍ സ്വദേശിയായ രഞ്ജിത് കുമാര്‍ കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തിലാണ് മൂന്നു പേരെയും അറസ്റ്റു ചെയ്തത്.

ഗുരുവായൂരില്‍ നിന്നും അഞ്ചു ഗ്രാം കഞ്ചാവുമായി പിടിയിലായ രഞ്ജിത്തിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മറ്റൊരിടത്ത് സൂക്ഷിച്ചിരുന്ന രണ്ടു കിലോ കഞ്ചാവു കൂടി കണ്ടെടുത്തിരുന്നു. ഇതിനിടെ എക്‌സൈസ് സംഘത്തെ പലവട്ടം രഞ്ജിത്ത് വഴി തെറ്റിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെ എക്‌സൈസ് സംഘത്തിലെ ചിലര്‍ ക്രൂരമായി മര്‍ദ്ദിച്ചു എന്നും ഇതാണ് മരണകാരണമായത് എന്നുമാണ് നിഗമനം.
രഞ്ജിത്തിന്റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.
പന്ത്രണ്ടോളം ക്ഷതങ്ങള്‍ രഞ്ജിത്തിന്റെ ശരീരത്തിലുണ്ടായിരുന്നു എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

Advertisement