Wed. Jan 22nd, 2025
#ദിനസരികള്‍ 902

“ഇന്ത്യയുടെ സ്രഷ്ടാക്കള്‍ ഭരണഘടനയില്‍ രാഷ്ട്രത്തിന്റെ ആദര്‍ശങ്ങളേയും അവ നേടിയെടുക്കാനുള്ള സ്ഥാപനങ്ങളേയും പ്രക്രിയകളേയുമാണ് സന്നിവേശിപ്പിച്ചത്. ആദര്‍ശങ്ങളാകട്ടെ, രാഷ്ട്രീയൈക്യവും അഖണ്ഡതയും ജനാധിപത്യത്തിലുറച്ച തുല്യ സ്നേഹവുമായിരുന്നു. ഈ പുതിയ സമൂഹം കെട്ടിപ്പടുക്കേണ്ടിയിരുന്നത് ജനാധിപത്യബോധത്തോടെ ഏര്‍‌പ്പെടുത്തിയ ഭരണഘടനാധിഷ്ഠിതമായ സാമൂഹിക സാമ്പത്തിക വിപ്ലവത്തിലൂടെയായിരുന്നു.” 1999 ഓക്സ്ഫോഡ് ഇന്ത്യ പേപ്പര്‍ ബാക്ക് പതിപ്പിന്റെ ആമുഖം തുടങ്ങുന്നത് ഈ പ്രസ്താവനയോടെയാണ്.

ഭരണഘടനയുടെ അന്തസ്സത്തയെ ജനാധിപത്യത്തിലുറച്ച തുല്യസ്നേഹമെന്ന് വിശേഷിപ്പിക്കുക വഴി, ഒരു രാജ്യമെന്ന നിലയില്‍ അതിന്റെ അതിരുകള്‍ക്കുള്ളില്‍ കൂടിച്ചേര്‍ന്ന് പുലര്‍ന്നു പോരുന്നവര്‍ എങ്ങനെയൊക്കെ പരസ്പരം ബന്ധിപ്പിക്കപ്പെടണമെന്ന് സൂചിപ്പിക്കപ്പെടുന്നു. ഒരു പക്ഷേ ഈയൊരു പ്രയോഗത്തെ വിപുലപ്പെടുത്തുകയെന്നതുമാത്രമായിരുന്നു നമ്മുടെ ഭരണഘടനയുടെ സ്രഷ്ടാക്കള്‍ ചെയ്തത്. അതായത് തുല്യത എന്ന ആശയത്തെ നിയമപരമായി സ്ഥാപിച്ചെടുക്കാനുള്ള പരിശ്രമമായിരുന്നു ഭരണഘടനാ നിര്‍മ്മാണത്തിന്റെ ആന്തരിക ചോദനയായി വര്‍ത്തിച്ചത്. എന്നാല്‍ പലപ്പോഴും പ്രവര്‍ത്തിക്കാത്ത ഒരു ഭരണഘടന എന്ന ആക്ഷേപം ഇക്കാലങ്ങളില്‍ കൂടുതലായി ഉയര്‍ന്നുവെങ്കിലും അങ്ങനെയൊരു സാഹചര്യമുണ്ടാകുന്നത് നിലനില്ക്കുന്ന വ്യവസ്ഥകളുടെ ന്യൂനതകൊണ്ടല്ല, മറിച്ച് അത് നടപ്പിലാക്കാന്‍ നിര്‍‌ദ്ദേശിക്കപ്പെട്ടിരിക്കുന്നവരുടെ പിടിപ്പുകേടുകൊണ്ടാണെന്നതാണ് വസ്തുത.

അതായത് ഭരണഘടന മുന്നോട്ടുവെയ്ക്കുന്ന മൂല്യങ്ങളെ മനസ്സിലാക്കുവാനും അവ തുല്യമായി വിതരണം ചെയ്യപ്പെടാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുവാനും ഭരണകര്‍ത്താക്കള്‍ വീഴ്ച വരുത്തുന്നതോടെയാണ് ഏതൊരു വ്യവസ്ഥയും മൃതപ്രായമാകുന്നത്. ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തതുകൊണ്ടല്ല അവ നടപ്പിലാക്കാനുള്ള ആര്‍ജ്ജവമില്ലാത്തതുകൊണ്ടാണെന്ന് മാത്രം. ഇവിടെ ഒരു ചോദ്യം പ്രസക്തമാണ്. ഭാവിയില്‍ വന്നെത്തിയേക്കാവുന്ന മുഴുവന്‍ പ്രതിസന്ധികള്‍ക്കും ഭരണഘടനയില്‍ ഉത്തരമുണ്ടോ എന്നതാണ് അത്.“ ഒരു രേഖയ്ക്കും ഭാവിയില്‍ ഉണ്ടായേക്കാവുന്ന മുഴുവന്‍ പ്രതിസന്ധികള്‍ക്കും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല. മറിച്ച് ഭാവിയിലെ നേതാക്കളുടെ ചുമതലയാണ് ഭരണ ഘടനയുടെ തത്വങ്ങള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ടുതന്നെ അവയെ നേരിടേണ്ടത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

അമേരിക്കന്‍ ചീഫ് ജസ്റ്റിസ്സായിരുന്ന ജോണ്‍ മാര്‍‌ഷല്‍ പ്രസ്താവിച്ചതുപോലെ ഭരണഘടന നിര്‍മ്മിക്കുന്നത് വരാനുള്ള യുഗങ്ങള്‍ക്കായാണ്. പക്ഷേ അതിന്റെ ഗതി എന്നന്നേക്കും പ്രശാന്തമാകണമെന്നില്ല.” (പേജ് 7)
ദേശീയ ഐക്യത്തോടൊപ്പം തന്നെ പരിപാലിച്ചു പോരേണ്ട ഫെഡറല്‍ സ്വഭാവങ്ങളും മൌലികാവകാശങ്ങളും നിര്‍‌ദ്ദേശക തത്വങ്ങളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുവേണം രാജ്യം മുന്നോട്ടു പോകാനെന്ന് ഭരണഘടനയുടെ സ്രഷ്ടാക്കള്‍ പലപ്പോഴായി വ്യക്തമാക്കിയത് വരാനിരിക്കുന്ന വിവിധങ്ങളായ സാഹചര്യങ്ങളെക്കൂടി കണക്കിലെടുത്തുകൊണ്ടു തന്നെയാകണം. “എത്ര ഭംഗിയായി രൂപംകൊടുത്താലും ഒരു ഭരണഘടനയ്ക്ക് കടലാസില്‍ സ്ഥാപനങ്ങള്‍ രൂപപ്പെടുത്താനേ സാധിക്കുകയുള്ളു. അവയ്ക്ക് ജീവന്‍ നല്കുകയെന്നത് പിന്‍തലമുറകളുടെ ചുമതലയാണ്.” ഗ്രന്‍വില്‍ ഓസ്റ്റിന്‍ ചൂണ്ടിക്കാണിക്കുന്നത് ഈ അര്‍ത്ഥത്തിലാണ്.

എന്നാല്‍ ഭരണഘടനയെ അട്ടിമറിച്ചുകൊണ്ട് നടത്തപ്പെട്ട കുത്സിതമായ ചില നീക്കങ്ങളേയും നാം ഓര്‍ത്തുവെയ്ക്കേണ്ടതുണ്ട്. അവയിലൊന്ന് ദേശീയ പ്രസ്ഥാനങ്ങളുടെ ചൂരും ചൂടും നേരിട്ടു മനസ്സിലാക്കിയ ആ സമരപ്രകമ്പനങ്ങളില്‍ സജീവ പങ്കാളിയായ, സര്‍‌വ്വോപരി ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെക്കുറിച്ച് ജൈവധാരണകളുള്ള സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തിലാണ് എന്നത് ഭരണഘടനയുടെ ചരിത്രത്തിലെ കളങ്കിതമായ ഒരേടാണ്. കേരളത്തിലെ ഇ എം എസിന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാറിനെ പിരിച്ചു വിട്ടതാണ് ആ നടപടി. മറ്റൊന്ന് ഭരണഘടനതന്നെ രാജ്യവ്യാപകമായി റദ്ദു ചെയ്യപ്പെട്ട അടിയന്തിരാവസ്ഥക്കാലവും. അതൊന്നും പക്ഷേ ഭരണഘടന പേറുന്ന ഛിദ്രതയുടെ ലക്ഷണമായിട്ടല്ല, അതു നടപ്പിലാക്കാന്‍ വിധിക്കപ്പെട്ടവരുടെ കുടിലതയുടെ ഫലമാണെന്നതാണ് വസ്തുത.

ഒരു ക്ഷേമരാഷ്ട്രത്തിലേക്കുള്ള കുതിപ്പില്‍ നേടിയെടുക്കാനുള്ള വിവിധങ്ങളായ ലക്ഷ്യങ്ങളായിരുന്നു ഭരണഘടനയുടെ സ്രഷ്ടാക്കള്‍ വിഭാവനം ചെയ്തിരുന്നത്. “സാധാരണക്കാരന്റെ അടിസ്ഥാനാവശ്യങ്ങളെ നിറവേറ്റാനുള്ള” അത്തരം ലക്ഷ്യങ്ങള്‍ കൊണ്ടുവരാനിരിക്കുന്ന സാമൂഹ്യവിപ്ലവത്തെക്കുറിച്ച് അവര്‍ സ്വപ്നം കണ്ടു. ”പ്രാധാന്യത്തില്‍ സാമൂഹ്യവിപ്ലവത്തോട് മത്സരിക്കുകയായിരുന്നു ദേശീയൈക്യത്തിന്റേയും സ്ഥിരതയുടേയും ലക്ഷ്യങ്ങള്‍. ആ നിലയില്‍ തന്നെ അവ അഭിലഷണീയങ്ങളായിരുന്നു. അതോടൊപ്പം സാമൂഹിക നവോത്ഥാനത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഘടകങ്ങളും ഭരണഘടനയില്‍ പലയിടത്തും വ്യക്തമാണെങ്കിലും ഐക്യമെന്നത് ഫെഡറല്‍ വകുപ്പുകളുടേയും നിയമനിര്‍മ്മാണ വകുപ്പുകളുടേയും രചനയില്‍ കേന്ദ്ര ആശയമായി നിലകൊണ്ടു.”

ഭരണഘടനാ രചനയുടെ രാഷ്ട്രീയ ചരിത്രത്തെ അവതരിപ്പിക്കുന്ന ഈ പുസ്തകം സാധാരണവായനക്കാര്‍ക്ക് ഇന്ത്യന്‍ ജീവിതത്തിന്റെ രാഷ്ട്രീയാടിസ്ഥാനങ്ങളേയും പ്രേരകശക്തികളേയും പറ്റി ഉള്‍ക്കാഴ്ച നല്കുമെന്നും അതോടൊപ്പം ഇന്ത്യന്‍ കാര്യങ്ങള്‍ ഗൌരവബുദ്ധ്യാ പഠിക്കാനുള്ള സാഹചര്യമൊരുക്കുമെന്നും പ്രത്യാശിച്ചുകൊണ്ടാണ് ഗ്രന്‍വില്‍ പുസ്തകത്തിന്റെ അവതാരിക അവസാനിപ്പിക്കുന്നത്.

(തുടരും)

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.