Sat. Apr 20th, 2024
#ദിനസരികള്‍ 901

 

2. മൌലികാവകാശങ്ങള്‍ – നീതി, തുല്യത, സ്വാതന്ത്ര്യം എന്നിവയാണ് മൌലികാവശ സങ്കല്പനങ്ങളുടെ അടിത്തറയായി വര്‍ത്തിക്കുന്നത്. നിലവിലുള്ളതോ ഇനി വരാനുള്ളതോ ആയ നിയമങ്ങളെല്ലാം തന്നെ ഈ മൂന്നു ഗുണത്തേയും ഉള്‍‌ക്കൊണ്ടുള്ളതാകണം.അതായത് ഒരു കാരണവശാലും ഇവ മൂന്നിനെതിരേയുമോ ഒരെണ്ണത്തിനു മാത്രമായോ നിലകൊള്ളുന്ന ഒരു നിയമവും ഭാരതത്തില്‍ സൃഷ്ടിക്കപ്പെടാന്‍ പാടുള്ളതല്ല. ഈ മൂല്യങ്ങളെ ഉയര്‍ത്തിപ്പിച്ച് ഭരണഘടന തന്നെ പൌരന്മാര്‍ക്ക് ഉറപ്പു നല്കുന്നവയെ നാം മൌലികാവകാശങ്ങളായി കണക്കാക്കിപ്പോരുന്നു.

മതം, ജാതി, വര്‍ഗ്ഗം, വര്‍ണം, തൊഴില്‍, ഭാഷ, വേഷം എന്നിത്യാദി വിവിധ തലത്തിലുള്ള പരിവേശഷങ്ങള്‍ക്കുമപ്പുറം പൌരനെ ഏറ്റക്കുറച്ചിലുകളില്ലാതെ തുല്യരായിട്ടാണ് ഭരണഘടന കണക്കാക്കിപ്പോരുന്നത്. തുല്യതയ്ക്കുള്ള അവകാശത്തെ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കി 14- 28, 22-24, 25-28, 30, 32-35 എന്നീ അനുച്ഛേദങ്ങളില്‍ വ്യവഹരിക്കുന്നു. സഞ്ചാരസ്വാതന്ത്ര്യം, സംഘം ചേരുന്നതിനുള്ള സ്വാതന്ത്ര്യം, ആശയങ്ങള്‍ പ്രകാശിപ്പിക്കുവാനുള്ള സ്വാതന്ത്ര്യം, ഗുണത്തിന് അനുസരിച്ചുള്ള തൊഴില്‍ നേടാനുള്ള സ്വാതന്ത്ര്യം എന്നിവയൊക്കെ ഒരു പൌരനുള്ള മൌലികമായ അവകാശങ്ങളായി കണക്കാക്കുന്നു.

അതുപോലെ നിയമത്തിനു മുന്നില്‍ തുല്യരായി കണക്കാക്കപ്പെടുന്ന പൌരന്മാര്‍ക്ക് നീതിയും തുല്യമായിത്തന്നെ ഏറ്റക്കുറച്ചിലുകളില്ലാതെ വിതരണം ചെയ്യപ്പെടണമെന്ന് ഭരണഘടന അനുശാസിക്കുന്നു. പൊതുവേ സമത്വത്തിനും സ്വാതന്ത്ര്യത്തിനും ചൂഷണങ്ങള്‍ക്കെതിരേയും മതവിശ്വാസത്തിനും വിദ്യാഭ്യാസത്തിനും നീതിയ്ക്കും ഏതൊരു പൌരനും തുല്യമായി അവസരങ്ങള്‍ സൃഷ്ടിക്കപ്പെടണമെന്നാണ് ഭരണഘടന മൌലികാവകാശങ്ങളിലുടെ വിഭാവനം ചെയ്യുന്നത്.

3. നിര്‍‌ദ്ദേശക തത്വങ്ങള്‍ – ഒരു ക്ഷേമരാഷ്ട്രമെന്ന സങ്കല്പത്തില്‍ പൌരന്മാരെ ബാധിക്കുന്ന ഇടപെടലുകളില്‍ പാലിക്കേണ്ട നിര്‍‌ദ്ദേശങ്ങളാണ് ഇവ. നയരൂപീകരണ – നിയമനിര്‍മ്മാണ വേളകളില്‍ നിര്‍‌ദ്ദേശക തത്വങ്ങളെ ലംഘിച്ചുകൊണ്ട് സര്‍ക്കാറുകള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് ഇന്ത്യയുടെ പരമോന്നത കോടതി വ്യക്തമാക്കിയിരിക്കുന്നതുതന്നെ ഈ സങ്കല്പത്തിന്റെ പ്രാധാന്യത്തേയും പ്രസക്തിയേയും ചൂണ്ടിക്കാണിക്കുന്നു. വിവിധ അനുച്ഛേദങ്ങളിലൂടെ സാമൂഹിക സാമ്പത്തിക സുരക്ഷാ തത്ത്വങ്ങളിലൂടെ രാഷ്ട്ര നയ നിര്‍‌ദ്ദേശങ്ങള്‍ പ്രതിപാദിക്കപ്പെടുന്നു.

വിശദമായി നിര്‍‍ദ്ദേശക തത്വങ്ങളെ വിശദീകരിക്കാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ലെങ്കിലും മൌലികാവകാശങ്ങള്‍‌ക്കൊപ്പം തന്നെ നയനിര്‍‌ദ്ദേശങ്ങള്‍ക്കും പ്രാധാന്യമുണ്ട്. ഏതെങ്കിലും തലത്തില്‍ രണ്ടുവിഭാഗവും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായാല്‍ അപ്പോള്‍ മേല്‍‌ക്കൈ മൌലികാവകാശത്തിനായിരിക്കുമെന്നു കൂടി സൂചിപ്പിക്കട്ടെ. എല്ലാ പൌരന്മാര്‍ക്കും സ്ത്രീപുരുഷ ഭേദമെന്യേ തൃപ്തികരമായ ഉപജീവനത്തിനുള്ള അവകാശം, തുല്യജോലിക്ക് തുല്യവേതനത്തിനുള്ള അവകാശം, പൊതുനന്മയ്ക്ക് ഉതകുന്ന രീതിയില്‍ ഭൌതിസാഹചര്യങ്ങളുടെ വിനിയോഗം, കുട്ടികളേയും യുവതി യുവാക്കളേയും ചൂഷണത്തില്‍ നിന്നും സംരക്ഷിക്കപ്പെടാനുള്ള അവകാശം എന്നിങ്ങനെ നിര്‍‌ദ്ദേശക തത്വങ്ങളെ ഡോ. എം വി പൈലി ക്രോഡീകരിച്ചിരിക്കുന്നു.

4. സ്വതന്ത്ര നീതിന്യായ വ്യവസ്ഥ – കാര്യക്ഷമമായും തുല്യമായും സ്വതന്ത്രമായും നീതിന്യായപരിപാലനം നടപ്പിലാക്കുക എന്നത് ഏതൊരു ഗവണ്‍മെന്റുകളുടേയും അടിസ്ഥാന ധര്‍മ്മമാണ്. ഏതു തലത്തിലുള്ള അവകാശങ്ങളെ നഷ്ടപ്പെടുന്നുവെന്ന് തോന്നുമ്പോഴും ന്യായാലയങ്ങളെ സമീപിക്കാനും അവ വീണ്ടെടുക്കാനുമുള്ള അവകാശം തുല്യമായിരിക്കേണ്ടത് ഏതൊരു രാഷ്ട്രത്തിന്റേയും നിലനില്പിനുതന്നെ കാരണമാണ്.

5. ഫെഡറല്‍ സമ്പ്രദായം – വൈവിധ്യനിര്‍ഭരമായ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് പ്രാദേശിക ഭരണാധികാരവും കേന്ദ്ര ഭരണകൂടവും തമ്മില്‍ അധികാരം വിഭജിച്ചുകൊണ്ട് പരസ്പരം ശക്തിപ്പെടുത്താനുതകുന്ന വളരെ പ്രധാനപ്പെട്ട അടിസ്ഥാനസങ്കല്പമാണ് ഫെഡറല്‍ സമ്പ്രദായം.

6.കാബിനറ്റ് സമ്പ്രദായം – നിയമ നിര്‍മ്മാണം, കാര്യനിര്‍വ്വഹണം നീതിന്യായം എന്നീ അധികാര വിഭജന പ്രക്രിയയ്ക്ക് വിധേയമായി ഇന്ത്യയുടെ രാഷ്ട്ര ഘടകങ്ങളെ വേര്‍തിരിച്ച് ഭരണഘടനാ അധികാര സ്ഥാപനങ്ങളായി വ്യവസ്ഥ ചെയ്യുന്നു. ഇതില്‍ തന്നെ ദേശീയ സംസ്ഥാന തദ്ദേശീയ ഭരണഘടകങ്ങളും സഹകരണ സ്ഥാപന സംവിധാനങ്ങളുമെല്ലാം ഉള്‍‌പ്പെടുന്നുവെന്ന് ഡോ. സുഹൃത്കുമാര്‍ രേഖപ്പെടുത്തുന്നു. എക്സിക്യൂട്ടീവിനെ നിയമസഭയോട് പരിപൂര്‍ണമായും ഉത്തരവാദപ്പെടുത്തിക്കൊണ്ടാണ് ഫെഡറല്‍ സമ്പ്രദായം പ്രവര്‍ത്തിക്കുന്നത്. ഇന്ത്യ പോലെയുള്ള ഒരു രാജ്യത്തിന്റെ സുഗമമായ മുന്നോട്ടു പോക്കിന് ഫെഡറല്‍ സംവിധാനങ്ങളെ ഫലപ്രദമായി സംരക്ഷിച്ചു പിടിക്കുക തന്നെ വേണം.

ആര്‍ട്ടിക്കിള്‍ 368 ന്റെ സഹായത്താല്‍ പാര്‍ലമെന്റിന് ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താവുന്നതാണെങ്കിലും അടിസ്ഥാന സങ്കല്പങ്ങളെ അട്ടിമറിക്കാന്‍ പാടുള്ളതല്ലെന്ന് സുപ്രിംകോടതി പലതവണയായി വ്യക്തമാക്കിയിട്ടുള്ളതാണ്. ഇന്ത്യന്‍ ഭരണഘടനയുടെ അധീശത്വം, പരമാധികാര ജനാധിപത്യ റിപ്പബ്ലിക് സ്വഭാവങ്ങള്‍, ഭരണഘടനയുടെ മതനിരപേക്ഷത, നിയമനിര്‍മ്മാണ സഭയും നിര്‍വ്വഹണ വിഭാഗവും നീതിന്യായ വിഭാഗവും തമ്മില്‍ പൊരുത്തക്കേടുകളുണ്ടാകാത്ത വിധത്തിലുള്ള അധികാരവിതരണം, ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവം, ക്ഷേമരാഷ്ട്രം എന്നിങ്ങനെ ഇരുപതോളം അടിസ്ഥാന ഘടകങ്ങളെ ഇന്‍ന്ത്യന്‍ പൊളിറ്റി എന്ന പുസ്തകത്തില്‍ ലക്ഷ്മികാന്ത് ചൂണ്ടിക്കാണിക്കുന്നു. ഈ അടിസ്ഥാന ശിലകളാല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഭരണഘടന പൌരജീവിതത്തിലെ എല്ലാ തലങ്ങളിലേക്കും വ്യാപിച്ചു നിന്നുകൊണ്ട് നിയന്ത്രിച്ചു പോരുന്നുവെന്നതാണ് വസ്തുത. ഇങ്ങനെയുള്ള അതിവിശാലവും മനുഷ്യ പക്ഷത്ത് ഉറച്ചു നില്ക്കുന്നതുമായ ഇന്ത്യന്‍ ഭരണഘടനയുടെ അതിസൂക്ഷ്മമായ വശങ്ങളെക്കൂടി ഗ്രന്‍വില്‍ ഓസ്റ്റിന്‍ ചര്‍ച്ചക്കെടുക്കുന്നുണ്ട്.
(തുടരും)

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.