Wed. Jan 22nd, 2025
കൊച്ചി:

പ്രതീക്ഷിച്ചതിലും വേഗത്തിൽ സമുദ്രനിരപ്പ് ഉയരുന്നത് മൂലം കേരളം ഉൾപ്പെടെയുള്ള തീരങ്ങൾ അപകടഭീഷണയിലെന്ന് മുന്നറിയിപ്പ്.ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ പ്രതിവർഷം 3.4 മില്ലീമീറ്ററാണ് സമുദ്രനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഇത് വീണ്ടും തുടരുകയാണെങ്കിൽ കേരളതീരങ്ങളിൽ വലിയൊരുഭാഗം മുങ്ങും.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനങ്ങളിലാണ്,
ധ്രുവമേഖലയിലെ മഞ്ഞുപാളികൾ പ്രവചിച്ചതിനെക്കാൾ വളരെ വേഗത്തിൽ ഉരുകിക്കൊണ്ടിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.

സമുദ്രനിരപ്പിന്റെ അതിക്രമിച്ചുള്ള ഉയർച്ചമൂലം, വൻ അപകടം സംഭവിക്കാമെന്ന് കരുതപ്പെടുന്ന ലോകത്തെ ആദ്യ 20 നഗരങ്ങളിൽ കൊച്ചി, ചെന്നൈ, സൂറത്ത് എന്നിവ ഉൾപ്പെടുന്നു. ഇവയിൽ തന്നെ, രാജ്യത്തെ മറ്റു തീരനഗരങ്ങളെക്കാൾ വേഗത്തിലാണ് കൊച്ചിയിൽ സമുദ്രനിരപ്പ് ഉയരുന്നത്. ബംഗാൾ, ഒഡിഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര തീരങ്ങൾ കൊടും അപകടത്തിനിരയായേക്കാമെന്നാണ് മുന്നറിയിപ്പ്.

ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിലാവട്ടെ ഗംഗ, ബ്രഹ്മപുത്ര മുതലായ പീഠഭൂമികളാകും സമുദ്രനിരപ്പിന്റെ ഉയർച്ചയാൽ ദുരിതമനുഭവിക്കാനിരിക്കുന്നത്. കടൽത്തിരകളുടെ കയറ്റവും ശക്തിയും കൂടുന്നതും താഴ്ന്ന കരഭാഗവും കൂടി വൻ നാശനഷ്ടത്തിലേക്ക് പോയേക്കാമെന്നാണ് ജാഗ്രത നിർദേശം.
അതോടൊപ്പം തന്നെ, വിശാഖപട്ടണം, ഭുവനേശ്വർ, ചെന്നൈ, നാഗപട്ടണം എന്നീ പ്രദേശങ്ങളിലും കടൽ കയറി കൂടുതൽ തീരം നഷ്ടമായേക്കും.

സംസ്ഥാനത്തെ തീരങ്ങളിൽ കാലാവസ്ഥാ വ്യതിയാനവും ഒപ്പം, മാനുഷിക ഇടപെടലുകളുടെയും പരിണിതഫലമായാണ് സമുദ്ര ജലനിരപ്പ് അസാധാരണമാം വിധം ഉയരുന്നതെന്നാണ് കണ്ടെത്തൽ. സമുദ്രനിരപ്പിലുണ്ടാകുന്ന വ്യതിയാനം കേരളതീരങ്ങളിൽ ഉപ്പുവെള്ളം കയറാനും ശുദ്ധജല ലഭ്യതയെയും കൃഷിയെയും ബാധിക്കാനും ഇടയാക്കുമെന്നു പഠനത്തിൽ പറയുന്നു.

സമുദ്രനിരപ്പ് ഉയർന്ന് കേരളത്തിൽ ആദ്യം മുങ്ങാനിരിക്കുന്നത് കൊല്ലം ജില്ലയിലെ മൺറോ തുരുത്തായിരിക്കുമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

അതേസമയം, സമുദ്രനിരപ്പിന്റെ അതിവേഗ ഉയർച്ചയെ കണക്കിലെടുത്ത് കൊണ്ട് ലോകത്തെ പല തീരദേശങ്ങളും രക്ഷാനടപടികൾ തുടങ്ങിക്കഴിഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ ഇന്ത്യയും കേരളവും വളരെ പിന്നിലാണെന്നാണ് പഠനം അറിയിക്കുന്നത്. കൂടാതെ, രാജ്യത്തെ ദുരന്തനിവാരണ സംവിധാനങ്ങളിൽ നിലനിൽക്കുന്ന പരിമിതി അഥവാ ഈ മേഖലയ്ക്ക് ലഭിക്കാതെ തുടരുന്ന ശ്രദ്ധ വലിയ ദുരന്തത്തിലേക്കു നയിക്കുമെന്നും പഠനം സമർഥിക്കുന്നു.