Wed. Dec 18th, 2024
റിയാദ്:

സൗദി അറേബ്യക്കു സമീപം എന്‍ജിന്‍ തകരാറിലായി കടലില്‍ ഒഴുകിക്കൊണ്ടിരുന്ന കപ്പലില്‍ നിന്നും 65 പേരെ അറബ് സഖ്യസേന രക്ഷപ്പെടുത്തി. 46 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് 60 യാത്രക്കാരെയും അഞ്ചു കപ്പല്‍ ജീവനക്കാരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. യെമനിലെ അല്‍വാതിഖ് എന്ന കപ്പലാണ് യന്ത്രത്തകരാറു മൂലം നിയന്ത്രണം വിട്ട് നടുക്കടലില്‍ ഒഴുകി നടന്നത്. 11 സ്ത്രീകളും ഏഴു കുട്ടികളും 42 പുരുഷന്മാരും ഉള്‍പ്പെടെ എല്ലാവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.

യെമനിലെ ആര്‍ച്ചിപ്പെലാഗോയിലുള്ള സൊകോത്ര ദ്വീപില്‍ നിന്നും അല്‍ മഹാറയിലേക്ക് പോവുകയായിരുന്നു കപ്പല്‍. നാഷ്തൂണ്‍ തുറമുഖത്തുനിന്നും 117 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചുണ്ടായ ശക്തമായ കടല്‍കാറ്റില്‍ അകപ്പെട്ടാണ് കപ്പലിന്റെ എന്‍ജിനുകള്‍ തകരാറിലായത്. തുടര്‍ന്ന് കപ്പല്‍ നിയന്ത്രണം വിട്ട് കടലില്‍ ഒഴുകാന്‍ തുടങ്ങി. അറബ് സഖ്യസേനയുടെ ബോട്ടുകളില്‍ തന്നെയാണ് കപ്പലിലുണ്ടായിരുന്നവരെ കരയിലെത്തിച്ചത്. നാഷ്തൂണ്‍ തുറമുഖത്തെത്തിച്ച യാത്രക്കാര്‍ക്കും കപ്പല്‍ ജീവനക്കാര്‍ക്കും ആവശ്യമായ ഭക്ഷണം എത്തിച്ചു നല്‍കിയ ശേഷം ആരോഗ്യ സ്ഥിതിയും പരിശോധിച്ചു. ആവശ്യമായവര്‍ക്ക് വൈദ്യ സഹായവും നല്‍കി.