Thu. Apr 25th, 2024
ന്യൂഡൽഹി :

അതിര്‍ത്തി കടന്നതായി ആരോപിച്ച് പാകിസ്താൻ സൈന്യം തടവിലാക്കി വച്ചിരുന്ന ഇന്ത്യന്‍ ജവാന്‍ സൈനിക ജീവിതം ഒഴയുന്നു. പാക് ജയിലിൽ നിന്നും മോചിതനായി തിരിച്ചെത്തിയ ചന്ദു ചവാന്‍ എന്ന സൈനികനാണ്, തന്നെ എപ്പോഴും ചാരനെന്ന സംശയത്തോടെ കാണുന്നുവെന്നും ബുദ്ധിമുട്ടിക്കുന്നുവെന്നും ആരോപിച്ച് രാജിവെച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

2016ൽ പാക് അതിർത്തിയിലേക്ക് അബദ്ധത്തില്‍ കടന്ന ചന്ദു ചവാനെയാണ്, കുറ്റവാളിയാക്കി പാക് സൈന്യം പിടിച്ചുകൊണ്ട് പോയത്. കാലങ്ങൾക്ക് ശേഷം മോചിപ്പിക്കപ്പെട്ടെങ്കിലും തന്നെ സംശയത്തോടുകൂടിയാണ് സൈനിക മേധാവികള്‍ കാണുന്നതെന്നും ഇപ്പേരും പറഞ്ഞു ബുദ്ധിമുട്ടികയാണെന്നും ചന്ദു വെളിപ്പെടുത്തുന്നു. ആയതിനാൽ, താന്‍ സൈന്യം വിടുകയാണ്, യൂണിറ്റ് കമാന്‍ഡറിന് അയച്ച കത്തില്‍ ചന്ദു തീരുമാനം അറിയിച്ചു.

അതിർത്തി കടന്നതിന് പിടിയിലായ ശേഷം പാക് കസ്റ്റഡിയില്‍ ക്രൂര മര്‍ദനങ്ങൾക്ക് പാത്രമായിരുന്നു ചന്ദു ചവാൻ. ശക്തി മുഴുവനും ശോഷിച്ച അവസ്ഥയിലായതിനു ശേഷമാണ് അദ്ദേഹത്തെ പാകിസ്താന്‍ ഇന്ത്യക്ക് വിട്ടുനൽകിയത്.

കഴിഞ്ഞ മാസവും ഉണ്ടായ ഒരു വാഹനാപകടത്തില്‍ ചന്ദു ചവാൻ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. എന്നാൽ, മുഖത്തും തലയോട്ടിയിലും ഏറ്റ പരിക്കുകൾമൂലം ദീര്‍ഘകാലത്തേക്ക് അദ്ദേഹത്തിന് ആശുപത്രിയിൽ കഴിയേണ്ടി വന്നിരുന്നു. ഇടവേളയ്ക്ക് ശേഷം ജോലിയിൽ പ്രവേശിക്കുകയായിരുന്നു ചന്ദു ചവാൻ.