Tue. Nov 5th, 2024
അഹമ്മദാബാദ്:

13-ാം നില കെട്ടിടത്തിന് മുകളിൽ നിന്നും ആത്മഹത്യ ചെയ്യാൻ ചാടിയ യുവതി വീണത് പ്രഭാതസവാരിക്കിറങ്ങിയ വയോധികന്റെ മേല്‍. തൽക്ഷണം തന്നെ രണ്ടുപേരും മരണമടഞ്ഞു.

മാനസികനില തെറ്റി ചികിത്സയിൽ കഴിയുകയായിരുന്ന യുവതിയാണ് ആത്മഹത്യയ്ക്ക് മുതിർന്നുകൊണ്ട് കെട്ടിടത്തിന്റെ മുകളറ്റത്തുനിന്നും താഴേക്ക് കുതിച്ചത്. അന്നേരം, ഇത് ശ്രദ്ധയിൽ പെടാതെ അതുവഴി പ്രഭാതസവാരി കഴിഞ്ഞ് വരികയായിരുന്ന 69 കാരനായ ബാലുഭായ് ഗമിതിന്റെ മുകളിലേക്കായിരുന്നു ഇവര്‍ വീണത്.

അഹമ്മദാബാദിലെ സൂറത്തിലുള്ള മാനസികാരോഗ്യകേന്ദ്രത്തിൽ കഴിയുകയായിരുന്ന മമതാ രതിയാണ് ആത്ഹത്യ ചെയ്ത യുവതി. അപകടത്തിൽ ബാലുവിന്റെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും ഇതിനെ തുടര്‍ന്ന്, സംഭവസ്ഥലത്തു വച്ച് തന്നെ വയോധികൻ മരിക്കുകയായിരുന്നു. അഹമ്മദാബാദ് പരിഷ്‌കാര്‍ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയിൽ വച്ചായിരുന്നു അപകടമുണ്ടായത്.

അഹമ്മദാബാദില്‍ സഹോദരന്റെ കുടുംബത്തോടൊപ്പം ചികിത്സയുടെ ഭാഗമായി കഴിഞ്ഞു വരികയായിരുന്നു മമതയും കുടുംബവും.

മമത കഴിഞ്ഞിരുന്ന അപ്പാര്‍ട്ട്മെന്റിലെ രണ്ടാം നിലയിലെ താമസക്കാരായിരുന്നു മരിച്ച ബാലുഭായും കുടുംബവും. അധ്യാപകനായിരുന്ന ബാലുഭായ്, ജോലിയില്‍ നിന്നും വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കാനായി അവിടെ താമസ്സമാക്കുകയും ദിവസവും പ്രഭാതസവാരിക്കിറങ്ങുകയും ചെയ്തിരുന്നു. പതിവുപോലെ സവാരിക്കുപോയ് മടങ്ങവേയായിരുന്നു അപകടം സംഭവിച്ചത്.

മനോനില തകരാറിലായതിനാൽ യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സൂറത്തിലെ ഒരു വസ്ത്രക്കടയുടെ ഉടമയാണ് മമതയുടെ ഭര്‍ത്താവ് ഹര്‍ഷദ് പട്ടേല്‍.

രണ്ട് മൃതദേഹങ്ങളും പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചതായും ആകസ്മിക മരണത്തിന് കേസെടുതിട്ടുണ്ടെന്നും ഇന്‍സ്‌പെക്ടര്‍ ആര്‍ ടി ഉദാവത്ത് അറിയിച്ചു.