Thu. Apr 25th, 2024
കൊച്ചി:

മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കുമ്പോൾ അവയുടെ അവശിഷ്ടങ്ങൾ സ്വന്തം തൊഴിലിടത്തെ ബാധിക്കുമോ? എന്ന ആശങ്കയുമായി ഒരുകൂട്ടം മത്സ്യ കർഷകർ. ഫ്ലാറ്റുകൾ പൊളിക്കുമ്പോഴുണ്ടാകുന്ന മാലിന്യം തങ്ങളുടെ ഉപജീവന മാർഗ്ഗം ഇല്ലാതാക്കിയേക്കാമെന്ന ഭയമാണ് മത്സ്യകൃഷി കർഷകർ പങ്കുവയ്ക്കുന്നത്. മരടിലെ ഫ്ലാറ്റുകൾക്ക് അരികിലൂടെ ഒഴുകുന്ന കായലിൽ മത്സ്യ കൃഷി നടത്തി നിരവധി പേരാണ് ജീവിക്കുന്നത്.

മത്സ്യഗവേഷണ കേന്ദ്രമായ സിഎംഎഫ്ആർഐയാണ് മീൻ വളർത്താൻ അനുയോജ്യമായ സ്ഥലം കായലിൽ കണ്ടെത്തിക്കൊടുത്തത്. സിഎംഎഫ്ആർഐയുടെ സഹകരണത്തോടെ തന്നെയാണ് ഇവിടെ പലരും കൃഷി ആരംഭിച്ചതും തുടരുന്നതും.

മീനും വലയും മറ്റു അനുബന്ധ വസ്തുക്കൾ വാങ്ങാനുമായി ഇവുടത്തെ മത്സ്യകർഷകർ എട്ട് ലക്ഷം രൂപയോളം ചിലവഴിച്ചിട്ടുള്ളതായാണ് പ്രമുഖമാധ്യമങ്ങളിൽ വന്ന റിപോർട്ടുകൾ ചൂണ്ടി കാട്ടുന്നത്. മൂന്ന് മാസം കഴിഞ്ഞാൽ കർഷകരുടെ വിളവെടുപ്പാണ്. ഫ്ലാറ്റ് പൊളിക്കുമ്പോൾ ഉണ്ടാകുന്ന പൊടി പടലങ്ങൾ പോലും ഇവരുടെ ഇത്രയും നാളത്തെ അധ്വാനം പാഴാക്കുമെന്നാണ് കർഷകർ പറയുന്നത്.

കാളാഞ്ചിയും കരിമീനും സിലോപ്പിയുമാണ് ഇവർ വളർത്തുന്ന പ്രധാന മീൻ ഗണങ്ങൾ. വിളവെടുക്കാനായില്ലെങ്കിൽ അത്, പതിനഞ്ച് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കുമെന്ന് കർഷകർ വ്യക്തമാക്കുന്നു. ഒപ്പം തന്നെ, ഇനി ഇവിടെ മീൻ വളർത്താനാകുമോ എന്ന കാര്യത്തിലും ഇവർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച തുടർ നടപടികൾ ചർച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് കൊച്ചിയിലാണ് യോഗം. ജില്ല കളക്ടർ, പൊളിക്കൽ ചുമതലയുള്ള സബ്കളക്ടർ മുതലായവർ യോഗത്തൽ പങ്കുചേരും. ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ സമീപത്ത് താമസിക്കുന്നവരടക്കമുള്ളവരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വരെ യോഗം ചർച്ച ചെയ്യും.

ഫ്ലാറ്റ് ഒഴിഞ്ഞവരുടെ പുനരധിവാസം സംബന്ധിയായ കാര്യങ്ങൾ, പൊളിക്കാനായി തിരഞ്ഞെടുക്കേണ്ട കമ്പനി ഇവയെപ്പറ്റിയും ചർച്ചകൾ ഉണ്ടാകും.

നിലവിൽ, ഫ്ലാറ്റുകളിലുണ്ടായിരുന്ന താമസക്കാർ എല്ലാം ഒഴിഞ്ഞു പോയതായാണ് നഗരസഭ അറിയിച്ചിരിക്കുന്നത്. ഒഴിഞ്ഞു പോയവർ ആരും ഇതുമായി ബന്ധപ്പെട്ട രേഖകൾ കൊപ്പറ്റാത്തിനാൽ നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച റിപ്പോർട്ട് നഗരസഭക്ക് സമർപ്പിക്കാനായിട്ടില്ല. എന്നാൽ, വരും ദിവസം തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.