Sat. Jan 18th, 2025
ന്യൂഡല്‍ഹി:

ഭീമ-കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗൗതം നവ്‌ലഖ നല്‍കിയ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്നും സുപ്രീം കോടതി ജഡ്ജി രവീന്ദ്ര ഭട്ട് പിന്മാറി. നവ്‌ലഖയുടെ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്നും രവീന്ദ്ര ഭട്ട് ഉള്‍പ്പെടെ അഞ്ചു ജഡ്ജിമാരാണ് ഇതുവരെ പിന്മാറിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസു മാരായ എന്‍ വി രമണ, ആര്‍ സുബാഷ് റെഡ്ഡി, ബി ആര്‍ ഗവായ് എന്നിവരാണ് നവ്‌ലഖയുടെ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്നും നേരത്തേ പിന്മാറിയ ജഡ്ജിമാര്‍.

ജസ്റ്റിസ് രവീന്ദ്ര ഭട്ട് പിന്മാറിയതോടെ ഹര്‍ജി നാളെ തന്നെ പുതിയ ബെഞ്ച് പരിഗണിക്കും. ഗൗതം നവ്‌ലഖയുടെ അറസ്റ്റിനെതിരെയുള്ള മുംബൈ ഹൈക്കോടതി നല്‍കിയ സ്‌റ്റേയുടെ കാലാവധി നാളെ അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നാളെത്തന്നെ ഹര്‍ജി പരിഗണിക്കണമെന്ന ആവശ്യം അംഗീകരിച്ചത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാകും ഹര്‍ജിപരിഗണിക്കുക എന്നാണ് സൂചന.

ഭീമ കൊറേഗാവില്‍ അക്രമത്തിന് പ്രേരിപ്പിച്ചു എന്നാരോപിച്ചാണ് ഗൗതം നവ്‌ലഖയ്‌ക്കെതിരെ പുനെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി വിസമ്മതിക്കുകയായിരുന്നു. എഫ്‌ഐആര്‍ അംഗീകരിച്ചു കൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഗൗതം നവ്‌ലഖ ഹര്‍ജിയുമായി സുപ്രീം കോടതിയിലെത്തിയത്. എന്നാല്‍ ഹരിജി പരിഗണിക്കേണ്ട ഘട്ടമെത്തിയപ്പോള്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഓരോ ജഡ്ജിമാരായി പിന്മാറുകയായിരുന്നു.

2018 ജനുവരി ഒന്നിനാണ് പൂനെയിലെ ഭീമാ കൊറെഗാവില്‍ ഒരാളുടെ മരണത്തിനിടയാക്കിയ സംഘര്‍ഷം നടന്നത്. ഹിന്ദു സംഘടനാ നേതാക്കള്‍ ആസൂത്രണം ചെയ്ത അക്രമങ്ങളില്‍ പിന്നീട് മനുഷ്യാവകാശ പ്രവര്‍ത്തകരെയാണ് പ്രതികളാക്കിയത്.
1818 ജനുവരി ഒന്നിനു നടന്ന ഭീമ കൊറെഗാവ് യുദ്ധത്തില്‍ മരിച്ച ദളിത് നേതാക്കളുടെ ഓര്‍മ പുതുക്കിയാണ് യുദ്ധത്തിന്റെ ഇരുനൂറാം വാര്‍ഷികം കഴിഞ്ഞ വര്‍ഷം പുതുവര്‍ഷ ദിനത്തില്‍ പൂനെക്കടുത്തുള്ള കൊറെഗാവില്‍ ആചരിച്ചത്. എന്നാല്‍ ഇതിനിടെ ചില ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ പ്രകോപനമുണ്ടാക്കിയതിനെ തുടര്‍ന്ന് വാര്‍ഷികാഘോഷം ചെറിയ തോതില്‍ സംഘര്‍ഷത്തിന് വഴിമരുന്നിട്ടു. ഇതിന്റെ തുടര്‍ച്ചയായി അടുത്ത ദിവസം മഹാരാഷ്ട്രയില്‍ വ്യാപകമായി സംഘര്‍ഷം വ്യാപിക്കുകയായിരുന്നു.