Sun. Dec 22nd, 2024
ഔറംഗബാദ്:

കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈദരാബാദ് എംപിയും എഐഎംഐഎം പ്രസിഡന്‍ഡുമായ അസദുദ്ദീന്‍ ഒവൈസി. മഹാത്മാഗാന്ധിയെക്കുറിച്ച് സംസാരിക്കുമ്പോഴും ബിജെപിയുടെ മനസില്‍ നിറയെ ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയാണെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. ഈ ഭരണ വര്‍ഗ പാര്‍ട്ടി ഗോഡ്‌സെയെ ആണ് അവരുടെ ‘ഹീറോ’ ആയി കാണുന്നതെന്നും ഒവൈസി കുറ്റപ്പെടുത്തി.

ഗാന്ധിജിയുടെ പേരിലാണ് ബിജെപി തങ്ങളുടെ കച്ചവടം നടത്തിക്കൊണ്ടിരിക്കുന്നത്. രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ പേരു പറഞ്ഞ് രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും കബളിപ്പിക്കുകയാണ് ബിജെപി എന്നും അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

ആള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാത് ഉള്‍ മുസ്ലീം(AIMIM) സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോഡ്‌സെ മൂന്ന് വെടിയുണ്ടകള്‍കൊണ്ടാണ് ഗാന്ധിയെ കൊന്നത്. എന്നാല്‍ ഇവര്‍ ദിവസവും അദ്ദേഹത്തെ കൊന്നുകൊണ്ടിരിക്കുകയാണെന്നും ഒവൈസി പറഞ്ഞു.

ഗാന്ധിജി കര്‍ഷകരെ പരിഗണിച്ച, അവര്‍ക്കു വേണ്ടി നിലകൊണ്ട നേതാവായിരുന്നു. എന്നാല്‍ ഇന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. ഇപ്പോഴത്തെ സര്‍ക്കാര്‍ കര്‍ഷകര്‍ക്കു വേണ്ടി എന്താണ് ചെയ്യുന്നതെന്നും ഒവൈസി ചോദിച്ചു.

ഒക്ടോബര്‍ 21നാണ് മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നത്.