ന്യൂഡല്‍ഹി:
എസ്എന്‍സി ലാവലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയില്‍. ജസ്റ്റിസ് എന്‍ വി രമണയുടെ അദ്ധ്യക്ഷതയിലുള്ള മൂന്നാം നമ്പര്‍ കോടതിയുടെ ഇന്നത്തെ പരിഗണനാ പട്ടികയില്‍ എസ്എന്‍സി ലാവലിന്‍ തന്നെയാണ് ആദ്യത്തെ കേസ്. അതേസമയം കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട കേസുകളും ഇന്നു പരിഗണിക്കാനിരിക്കുന്നതിനാല്‍ ഈ കേസുകളുമായി ബന്ധപ്പെട്ട ഭരണഘടന ബെഞ്ചിലെ നടപടികള്‍ തീര്‍ന്നതിനു ശേഷമേ ലാവലിന്‍ കേസ് പരിഗണിക്കാന്‍ സാധ്യതയുള്ളൂ.
ഇന്നു ലാവ്‌ലിന്‍ കേസ് പരിഗണിച്ചാല്‍ സിബിഐക്കു വേണ്ടി ഹാജരാകുന്നത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയായിരിക്കും. കേസില്‍ സിബിഐക്ക് വേണ്ടി തുഷാര്‍മേത്ത ഹാജരാകുന്നു എന്നത് നേരത്തേ ഹൈക്കോടതി വിധിയിലൂടെ കുറ്റവിമുക്തനായ പിണറായി വിജയന് അത്ര ആശ്വാസകരമല്ല എന്നാണ് സൂചന. രാഷ്ട്രീയ നേതാക്കള്‍ പ്രതികളായ അഴിമതി കേസുകളില്‍ അടുത്ത കാലത്തായി സിബിഐക്ക് വേണ്ടി പതിവായി ഹാജരാകുന്നത് തുഷാര്‍മേത്തയാണ്. മുന്‍ ധനമന്ത്രി പി ചിദംബരം പ്രതിയായ ഐഎന്‍എക്‌സ് മീഡിയ കേസിലും, ഡി കെ ശിവകുമാറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റെടുത്ത കേസിലും, നാഷണല്‍ ഹെറാള്‍ഡ് കേസിലും, റോബര്‍ട്ട് വധ്രക്കെതിരായ കേസിലും തുഷാര്‍ മേത്തയാണ് അഭിഭാഷകനായി എത്തിയിരുന്നത്.
അതേ സമയം അയോധ്യ കേസ് പരിഗണിക്കാനുള്ളതിനാല്‍ ചീഫ് ജസ്റ്റിസ് കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിലേക്കു മാറ്റിയിരുന്നു. അതിനാല്‍ ജസ്റ്റിസ് രമണയുടെ ബെഞ്ച് രാവിലെ 10.30 മുതല്‍ ജമ്മു കാശ്മീര്‍ ഹര്‍ജികളാകും ആദ്യം പരിഗണിക്കുക. ഈ കേസുകളിലെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയായാല്‍ ലാവ്‌ലിന്‍ കേസ് പരിഗണിക്കും. അതേസമയം കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ ലാവ്‌ലിന്‍ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റാനും സാധ്യതയുണ്ട്.
ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരാകും.
2017 ഓഗസ്റ്റ് 23നാണ് പിണറായി വിജയനെയും കെഎസ്ഇബി ഉദ്യോഗസ്ഥരായ കെ മോഹന ചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെയും കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ഇത് ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. ഇതോടൊപ്പം വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച ഉദ്യോഗസ്ഥരുടെ ഹര്‍ജിയും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.